മെൽബണിൽ ട്രക്കിടിച്ച് പൊലീസുകാർ കൊല്ലപ്പെട്ട സംഭവം; ട്രക്ക് ഡ്രൈവർക്ക് 22 വർഷം തടവുശിക്ഷ

Metrom Australia April 14, 2021 GOVERNMENT

മയക്കുമരുന്ന് ലഹരിയില്‍ ട്രക്കിടിച്ച് മെല്‍ബണില്‍ നാലു പൊലീസുകാരുടെ മരണത്തിന് കാരണക്കാരനായ ട്രക്ക് ഡ്രൈവര്‍ മൊഹീന്ദര്‍ സിംഗിനെ കോടതി 22 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് മെല്‍ബണിലെ ഈസ്റ്റേണ്‍ ഫ്രീവേയില്‍ അപകടമുണ്ടായത്. അമിതവേഗതയില്‍ പോയ ഒരു പോര്‍ഷെ കാറിനെ ഫ്രീവേയിലെ എമര്‍ജന്‍സി ലൈനിലുണ്ടായ നാല് പൊലീസ് ഓഫീസര്‍മാര്‍ തടഞ്ഞുനിര്‍ത്തി അതിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനെയായിരുന്നു അപകടം. മൊഹീന്ദര്‍ സിംഗ് (48) ഓടിച്ചിരുന്ന ട്രക്ക് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് എമര്‍ജന്‍സി ലൈലനിലേക്ക് പാഞ്ഞുകയറുകയും പൊലീസ് കാര്‍ ഇടിച്ചുതകര്‍ക്കുകയുമാണുണ്ടായത്. ലീഡിങ് സീനിയര്‍ കോണ്‍സ്റ്റബിള്‍ ലിനെറ്റ് ടൈലര്‍, സീനിയര്‍ കോണ്‍സ്റ്റബിള്‍ കെവിന്‍ കിംഗ്, കോണ്‍സ്റ്റബിള്‍മാരായ ഗ്ലെന്‍ ഹംഫ്രിസ്, ജോഷ് പ്രെസ്റ്റനി എന്നിവര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.

അപകടകം നടക്കുന്ന സമയത്ത് ഇയാള്‍ക്ക് കനത്ത ഉറക്കക്ഷീണവും ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തിയത്. ട്രക്ക് ഉടമയില്‍ നിന്ന് കനത്ത സമ്മര്‍ദ്ദമുണ്ടായതിനാലാണ് അപ്പോള്‍ ഡ്രൈവ് ചെയ്യേണ്ടിവന്നതെന്ന് മൊഹീന്ദര്‍ സിംഗിന്റെ അഭിഭാഷകന്‍ നേരത്തേ വാദിച്ചു. തൊട്ടുമുമ്പുള്ള മൂന്നു ദിവസങ്ങളില്‍ ആകെ അഞ്ചു മണിക്കൂര്‍ മാത്രമാണ് ഇയാള്‍ ഉറങ്ങിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ പതിവായി മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നുവെന്നും, ഇത് മാനസികമായി ബാധിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

സംഭവത്തില്‍ മൊഹീന്ദര്‍ സിംഗ് കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. മരണകാരണമാകുന്ന രീതിയില്‍ വാഹനമോടിച്ചതും, മയക്കുമരുന്ന് കടത്തിയതും ഉള്‍പ്പെടെയുള്ള എട്ടു കുറ്റങ്ങളും മൊഹീന്ദര്‍സിംഗ് കോടതിയില്‍ സമ്മതിച്ചിരുന്നു. 22 വര്‍ഷത്തെ തടവുശിക്ഷയാണ് മൊഹീന്ദര്‍ സിംഗിന് വിധിച്ചതെങ്കിലും 18 വര്‍ഷവും ആറു മാസവും കഴിഞ്ഞ് പരോള്‍ ലഭിക്കും. ട്രക്കുടമയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷത്തോളം ഇയാള്‍ ഇതിനകം ജയില്‍വാസം അനുഭവിച്ച്കഴിഞ്ഞു.

Related Post