ലോകത്തിലെ ഏറ്റവും വിലയേറിയ ഷൂ: കാനി വെസ്​റ്റ്​ ഉപയോഗിച്ച​ നൈക്കിയുടെ മോഡലിന്​

Metrom Australia April 27, 2021 BUSINESS , LIFESTYLE

ലോകത്തിലെ ഏറ്റവും വിലയേറിയ ഷൂ എന്ന റെക്കോര്‍ഡ് ഇനി പ്രശസ്ത റാപ്പര്‍ ഗായകന്‍ കാനി വെസ്റ്റ് ഉപയോഗിച്ച നൈക്കിയുടെ എയര്‍ യീസി 1എസ് എന്ന മോഡലിന്. ഈ ഒരു ജോടി ഷൂ ലേലത്തില്‍ വിറ്റുപോയത് 1.8 മില്യണ്‍(ഏകദേശം 13.42 കോടി രൂപ) ഡോളറിനാണ്. അപൂര്‍വമായ അത്ലറ്റിക് പാദരക്ഷകളില്‍ നിക്ഷേപിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സ്നീക്കര്‍ നിക്ഷേപ വിപണന കേന്ദ്രമായ റെയേഴ്‌സ് ആണ് ഫൈന്‍ ആര്‍ട്‌സ് കമ്ബനിയായ സോത്തേബിയില്‍നിന്ന് ഈ ഷൂ സ്വന്തമാക്കിയത്.

2008ല്‍ നടന്ന ഗ്രാമി അവാര്‍ഡ്ദാന ചടങ്ങിലാണ് കാനി വെസ്റ്റ് ഈ ഷൂ ഉപയോഗിച്ചത്. 'ഹേ മാമ', 'സ്‌ട്രോങ്ങര്‍' എന്നീ ഗാനങ്ങളും വേദിയില്‍ വെച്ച് അദ്ദേഹം പാടിയിരുന്നു. നൈക്കിയും കാനി വെസ്റ്റും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി ഒരുക്കിയ പ്രോട്ടോടൈപ്പ് ഷൂവായിരുന്നുവത്. അതിനാല്‍ തന്നെ 2009ന് ശേഷമാണ് ഈ മോഡല്‍ വിപണിയിലെത്തുന്നത്. എന്നാല്‍ ഇതിന് മുമ്പത്തെ റെക്കോര്‍ഡ് വിലയേക്കാള്‍ മൂന്നിരട്ടിക്കാണ് ഈ ഷൂ വിറ്റത്. 2020 ആഗസ്റ്റില്‍ നൈക്കിയുടെ എയര്‍ ജോര്‍ദാന്‍ 1എസ് മോഡലിന് ലഭിച്ചത് 6,15,000 ഡോളറായിരുന്നു.

അതേസമയം നിക്ഷേപകര്‍ ഒരു കമ്പനിയില്‍ സ്റ്റോക്ക് വാങ്ങുന്നതുപോലെ വ്യക്തികള്‍ക്ക് ഒരു ജോടി ഷൂവിലും ഓഹരി വാങ്ങാന്‍ റെയേഴ്‌സ് അനുവദിക്കും.റെക്കോര്‍ഡ് വിലക്ക് വാങ്ങിയ ഷൂ സ്വന്തം പ്ലാറ്റ്‌ഫോമിലുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജൂണ്‍ 16ന് ഒരു ഓഹരിക്ക് 15-20 ഡോളര്‍ നിരക്കില്‍ ലിസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കാനി വെസ്റ്റുമായി സഹകരിക്കുന്നതിന് മുമ്പ് പ്രശസ്ത കായികതാരങ്ങളുടെ ബഹുമാനാര്‍ത്ഥം മാത്രമാണ് നൈക്കി ഷൂസിന് പേര് നല്‍കിയിരുന്നത്. 2009ല്‍ പരിമിതമായ പതിപ്പിലാണ് എയര്‍ യീസി 1 മോഡല്‍ വിപണിയിലിറക്കിയത്. തുടര്‍ന്ന് 2012ല്‍ എയര്‍ യീസി 2 മോഡല്‍ പുറത്തിറങ്ങി. 2,000 മുതല്‍ 40,000 ഡോളര്‍ വരെയായിരുന്നു ഇവയുടെ വില. അതേസമയം മുന്‍ അമേരിക്കന്‍ ഫുട്ബാള്‍ കളിക്കാരന്‍ ജെറോം സാപ്പ് മാര്‍ച്ചില്‍ ആരംഭിച്ച റെയേഴ്‌സ് സ്ഥാപനമാണിത്.
 

Related Post