ക്വീൻസ്ലാന്റിലെ ടൂറിസം രംഗത്തെ ഉത്തേജിപ്പിക്കാനായി വീണ്ടും വൗച്ചറുകള്‍ നല്‍കുന്നു

Metrom Australia April 23, 2021 GOVERNMENT

കോവിഡ് പ്രതിസന്ധി ദുരിതത്തിലാക്കിയ ക്വീന്‍സ്ലാന്റിലെ ടൂറിസം രംഗത്തെ ഉത്തേജിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വൗച്ചറുകള്‍ നല്‍കുന്നു. നൂറ് ഡോളറിന്റെ 30,000 വൗച്ചറുകളാണ് ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍ നല്‍കുന്നത്. ബ്രിസ്ബൈന്‍, സീനിക് റിം, മോര്‍ട്ടന്‍ ബേ, റെഡ്ലാന്‍ഡ്സ് കോസ്റ്റ്, സോമര്‍സെറ്റ്, ലോഗന്‍, ഇപ്‌സ്വിച്  എന്നീ പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ടൂറിസ്റ്റ് കേന്ദങ്ങള്‍, താമസസൗകര്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ വൗച്ചര്‍ ഉപയോഗിക്കാവുന്നത്. ഈ ഇടങ്ങളില്‍ വൗച്ചര്‍ ഉപയോഗിച്ചാല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഗ്രേറ്റ് ബാരിയര്‍ റീഫിലേക്കും മറ്റിടങ്ങളിലേക്കുമുള്ള യാത്രകള്‍ക്കും ഈ വൗച്ചര്‍ ഉപയോഗിക്കാമെന്ന് പ്രീമിയര്‍ അനസ്തഷ്യ പാലാഷേ പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം ഓപ്പറേറ്റര്‍മാരെ പിന്തുണയ്ക്കാനും ഇതുവഴി സാമ്പത്തിക രംഗത്തിന് മില്യണ്‍ കണക്കിന് ഡോളര്‍ ലഭിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് പ്രീമിയര്‍ കൂട്ടിച്ചേര്‍ത്തു.

വൗച്ചര്‍ ലഭിക്കാന്‍ അര്‍ഹരായവരെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഏപ്രില്‍ 27 മുതല്‍ 72 മണിക്കൂര്‍ ബ്രിസ്ബൈന്‍കാര്‍ക്ക് ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് മെയ് ആറിന് ഇമെയില്‍ വഴി 100 ഡോളര്‍ വൗച്ചര്‍ ലഭിക്കും. അതേസമയം വിറ്റ്‌സണ്‍ഡെയിലുള്ളവര്‍ക്ക് മെയ് നാല് മുതല്‍ 200 ഡോളറിന്റെ 6,000 വൗച്ചറുകള്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
 

Related Post