കുമിളയ്ക്കുള്ളില്‍ കുടുങ്ങിയ കൂറ്റന്‍ നക്ഷത്രം; വൈറലായി നാസയുടെ ഫോട്ടോ

Metrom Australia July 21, 2021

ഒരു കുമിളയ്ക്കുള്ളില്‍ കുടുങ്ങിയ കൂറ്റന്‍ നക്ഷത്രത്തിന്റേതിനു സമാനമായ ചിത്രം നാസ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍. ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. നമ്മുടെ ക്ഷീരപഥത്തിലെ ഏറ്റവും കൗതുകകരമായ വസ്തുക്കളില്‍ ഒന്നാണിതെന്നായിരുന്നു നാസയുടെ വിശദീകരണം. 

ബബിള്‍ നെബുലയ്ക്കുള്ളിലെ നക്ഷത്രം സൂര്യനേക്കാള്‍ ഒരു മില്യണ്‍ പ്രകാശം തെളിക്കുകയും ശക്തമായ വാതകപ്രവാഹം ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണ്. അത് മണിക്കൂറില്‍ നാല് ദശലക്ഷം മൈലില്‍ കൂടുതല്‍ വേഗതയാര്‍ജിക്കുന്നു. ഊര്‍ജ്ജം ചെലവഴിക്കുന്ന നിരക്കിന്റെ അടിസ്ഥാനത്തില്‍, 10 മുതല്‍ 20 ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് ഒരു സൂപ്പര്‍നോവയായി പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. 

എന്തായാലും ഈ ചിത്രം പോസ്റ്റ് ചെയ്യാനിടയായ കാര്യത്തെക്കുറിച്ചും നാസ വിശദീകരിച്ചു. 1990ല്‍ ഹബിൾ ബഹിരാകാശ ദൂരദർശിനി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതുമുതല്‍ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ശൂന്യാകാശത്തു നിന്നുമുള്ള അതിമനോഹരമായ ചിത്രങ്ങള്‍ സമ്മാനിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദൂരദര്‍ശിനി വലിയൊരു പ്രശ്‌നം നേരിടുകയായിരുന്നു. ബഹിരാകാശ പേടകത്തിലെ ശാസ്ത്ര ഉപകരണങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന പേലോഡ് കമ്പ്യൂട്ടറുമായി ഹബിള്‍ അടുത്തിടെ ഒരു പ്രശ്‌നമുണ്ടാക്കി. വൈകാതെ, പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബാക്കപ്പ് ഹാര്‍ഡ്‌വെയറിലേക്ക് മാറി! തുടര്‍ന്ന്, ഉപകരണങ്ങളുടെ ആദ്യഘട്ട കാലിബ്രേഷനുശേഷം, സാധാരണനിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആ ബാക്കപ്പിനിടയില്‍ വീണു കിട്ടിയൊരു ചിത്രമാണ് നാസ ആഘോഷമാക്കിയത്. 2016 ല്‍ ദൂരദര്‍ശിനി ഉപയോഗിച്ച് പകര്‍ത്തിയ ചിത്രമാണിത്. 

Related Post