കൊറോണ: ആലപ്പുഴയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്തു; കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രശംസിച്ച് കേന്ദ്രം

Metrom Australia Feb. 13, 2020

കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ച്ചയായി പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തത്. വിദ്യാര്‍ത്ഥി ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

ഫെബ്രുവരി രണ്ടിനായിരുന്നു വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചത്. ജനുവരി 24-ന് ചൈനയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ 30-ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേ സമയം കൊറോണ വൈറസിനെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ അഭിമാനമാണെന്ന് കേന്ദ്രം. കേരളത്തിന്റെ പ്രവര്‍ത്തനരീതിയില്‍ ഏറെ അഭിമാനം ഉണ്ടെന്നും മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാക്കാവുന്ന പ്രവര്‍ത്തന രീതിയാണ് കേരളത്തിന്റേതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍ പറഞ്ഞു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിന് ഒടുവില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് ആരോഗ്യ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്.

Related Post