കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; എല്ലായിടത്തും നീണ്ട നിര; ആദ്യ ഒന്നര മണിക്കൂറില്‍ മികച്ച പോളിങ്ങ്

Metrom Australia April 6, 2021 POLITICS

കേരള നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ മുതല്‍ വലിയ തിരക്കാണ് പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ അനുഭവപ്പെടുന്നത്. വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു.

അങ്കമാലി നിയോജക മണ്ഡലത്തിലെ കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂളില്‍ വോട്ടിംഗ് മെഷീന്‍ തകരാറായി വോട്ടിങ്ങ് തടസപ്പെട്ടു.ചെങ്ങന്നൂര്‍ പെണ്ണുക്കര യു പി സ്‌കൂള്‍ 94-ാം ബൂത്തിലെ വോട്ടിങ്ങ് യന്ത്രം തകരാറിലായി വോട്ടെടുപ്പ് തടസപ്പെട്ടു. പാണക്കാട് എം.എ ലിപ് സ്‌കൂളിലെ ബൂത്തില്‍ യന്ത്രത്തകരാര്‍ പോളിംഗ് തുടങ്ങിയതോടെയാണ് പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത്. പാണക്കാട് സാദിക്കലി തങ്ങള്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് യന്ത്രത്തകരാര്‍. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉളിയനാട് സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 67ല്‍ വോട്ടിംഗ് മെഷീന്‍ തകരാറായതിനാല്‍ വേട്ടെടുപ്പ് ആരംഭിച്ചില്ല.

കോന്നിയില്‍ വോട്ട് ചെയ്യാനെത്തിയ ആളെ പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. വോട്ടര്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മൂലമാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാത്തത്. പോസ്റ്റല്‍ വോട്ട് ചെയ്തിട്ടില്ല എന്ന് വോട്ടര്‍ തങ്കമ്മ പറഞ്ഞു. കോന്നിയിലെ 180ാം ബൂത്തിലാണ് സംഭവം. പത്തനംതിട്ടയിലെ വള്ളംകുളത്ത് വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.

തെരഞ്ഞെടുപ്പിലെ ആദ്യ ഒന്നര മണിക്കൂറില്‍ സംസ്ഥാനത്ത് 7.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ - 9.10 %, സ്ത്രീകള്‍ - 6.74%, ട്രാന്‍സ് ജെന്‍ഡര്‍- 1.72% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇക്കുറി വിധിതേടുന്നത്. 1.32 കോടി പുരുഷന്മാരും 1.41 കോടി വനിതകളും 290 ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2.74 കോടി (2,74,46,039) വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 40,771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. നക്‌സല്‍ ഭീഷണിയുള്ള ഒമ്ബത് മണ്ഡലങ്ങളില്‍ വൈകുന്നേരം ആറിന് അവസാനിക്കും. കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ്. 59,292 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവുമുണ്ട്. കേന്ദ്രസേനകളുടെ 140 കമ്ബനിയും രംഗത്തുണ്ട്. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ കനത്ത സുരക്ഷയുണ്ടാകും. വെബ്കാസ്റ്റിങ് അടക്കം സംവിധാനങ്ങളും ഏര്‍പ്പെടുത്തി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമുണ്ട്.

Related Post