ജപ്പാൻ തീരത്ത് നങ്കൂരമിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ

Metrom Australia Feb. 13, 2020

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിനെതുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിന് യാത്ര തുടരാന്‍ അനുവാദം നല്‍കിയിട്ടില്ല. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്ക് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യാക്കര്‍ക്ക് കൊറോണ ബാധിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പല്‍ ക്വാറന്റൈന്‍ ചെയ്ത് ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടത്. 3000 യാത്രക്കാരും ആയിരത്തോളം ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡയമണ്ട് പ്രിന്‍സസിലാണ്. 273 പേരെയാണ് കപ്പലിനുള്ളില്‍ കൊറോണ ലക്ഷണങ്ങളുമായി കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ജപ്പാനിലെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.

Related Post