ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ അയയ്ക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയ

Metrom Australia April 26, 2021 GOVERNMENT

കോവിഡ് രണ്ടാം വ്യാപനത്തില്‍ ഗുരുതരമായ സാഹചര്യം നേരിടുന്ന ഇന്ത്യയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയയ്ക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടത്ര പിന്തുണ നല്‍കാനായി ഓസ്‌ട്രേലിയയും തയ്യാറാകുമെന്ന് ഫെഡറല്‍ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. ഏതുതരത്തിലുള്ള സഹായമാണ് ഇന്ത്യയ്ക്ക് എത്തിക്കാന്‍ കഴിയുക എന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മറ്റ് ആരോഗ്യസഹായങ്ങള്‍ നല്‍കാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിയുമെങ്കിലും, ഇന്ത്യയ്ക്ക് ഇപ്പോള്‍ ഏറ്റവുമധികം ആവശ്യമുള്ളത് ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസം മുട്ടുകയാണ് ഇന്ത്യ എന്നാണ് ഗ്രെഗ് ഹണ്ട് പറഞ്ഞത്. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത് ഇന്ത്യയ്ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓക്‌സിജന്‍ സ്റ്റോക്ക് ഇന്ത്യയെ സഹായിക്കാനായി വിട്ടുനല്‍കാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. കൂടാതെ ഇന്ത്യയിലേക്ക് വെന്റിലേറ്ററുകളും എത്തിക്കാന്‍ കഴിയുമെന്ന് ഗ്രെഗ് ഹണ്ട് ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റിന്റെ സുരക്ഷാ സമിതി യോഗമാകും ഇക്കാര്യം തീരുമാനിക്കുക.

Related Post