ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി

Metrom Australia Oct. 14, 2021

ഈ മാസം യുഎഇയില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി. 'Billion Cheers Jersey' എന്ന് പേര് നൽകിയിരിക്കുന്ന പുതിയ ജേഴ്സിയുടെ നിറം കടുംനീലയാണ്. 

ഇന്നലെ ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുതിയ ജേഴ്സിയുടെ ചിത്രം പുറത്തുവിട്ടത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.   

അതേസമയം ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തി. സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് പകരം ശാര്‍ദുല്‍ ഠാക്കൂര്‍ ടീമിലിടം നേടി. അക്ഷര്‍ പട്ടേല്‍ ശ്രേയസ്സ് അയ്യര്‍ക്കും ദീപക് ചാഹറിനുമൊപ്പം റിസര്‍വ് താരമായി ടീമിനൊപ്പം നില്‍ക്കും. ഓള്‍ ഇന്ത്യ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്മെന്റും ഒരുമിച്ചെടുത്ത തീരുമാനമാണിത്. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഒരു പേസ് ബൗളറെ ടീമില്‍ ഉള്‍പ്പെടുത്തിയത്. 

ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീം: വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ (സഹനായകന്‍), കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, രവിചന്ദ്ര അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Related Post