ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടാൻ പദ്ധതിയുമായി ഓസ്ട്രേലിയൻ സർക്കാർ

Metrom Australia Nov. 9, 2021 GOVERNMENT

ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പദ്ധതി പ്രഖ്യാപിച്ചു. 2030 ഓടെ ഓസ്‌ട്രേലിയയിലെ 50 ശതമാനം പുതിയ വാഹനങ്ങളും ഇലക്‌ട്രിക് ആക്കുമെന്ന ലേബർ പാർട്ടിയുടെ വാഗ്ദാനത്തെ 2019 തെരെഞ്ഞടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തള്ളി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിനായുള്ള പദ്ധതിക്ക് 250 മില്യൺ ഡോളർ ഫണ്ടിംഗ് പ്രഖ്യാപിച്ചു. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പിന്തുണക്കയ്ക്ക് തുല്യമായ തുക സ്വകാര്യ കമ്പനികളും രംഗത്ത് നിക്ഷേപിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. 

പൊതുസ്ഥലങ്ങളിലും വീടുകളിലും വൈദ്യുതി ചാർജിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിനും കമ്മേർഷ്യൽ ഫ്‌ളീറ്റ് വാഹനങ്ങൾ, ദീർഘ ദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവ ഇലക്ട്രിക് ആക്കുന്നതിനായും ഈ ഫണ്ടിംഗ് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ഈ  പദ്ധതിയിലൂടെ 2,600 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രധാനമന്ത്രി  പറഞ്ഞു. കൂടാതെ ഈ പദ്ധതി 2021-22 മുതൽ മൂന്ന് വർഷത്തിനിടയിൽ 2,600 തൊഴിലുകൾ സൃഷ്ടിക്കുമെന്നും, 2035 ഓടെ കാർബൺ ബഹിർഗമനം എട്ട് മെട്രിക് ടൺ കുറയ്ക്കുമെന്നുമാണ് കണക്ക് കൂട്ടുന്നത്.

അതേസമയം ഇതിലൂടെ 50,000 വീടുകൾക്കും 400 ബിസിനസുകൾക്കും ചാർജിംഗ് സംവിധാനങ്ങൾ ഒരുക്കുകയും 1,000 പൊതു ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുകയുമാണ് ലക്ഷ്യം.
പദ്ധതി നടപ്പിലാക്കുന്നത് വഴി 84 ശതമാനം ഓസ്‌ട്രേലിയക്കാർക്കും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 

ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ ഉപയോഗത്തിന് വൈദ്യുതി ഗ്രിഡ് സജ്ജമാക്കുന്നത് വഴി 224 മില്യൺ ഡോളർ അപ്ഗ്രേഡ് ചെലവുകൾ ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ 2035 ഓടെ ആരോഗ്യ മേഖലയിൽ 200 മില്യൺ ഡോളർ ചെലവ് ചുരുക്കാൻ കഴിയുമെന്നും കണക്ക് കൂട്ടുന്നു. അതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ കഴിയാത്തവരെ വാഹനം ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കുകയോ നികുതി ഈടാക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Post