ദയാവധം നിയമവിധേയമാക്കാൻ ബില്ലുമായി NSW

Metrom Australia Oct. 12, 2021 GOVERNMENT

ന്യൂ സൗത്ത് വെയിൽസിൽ ദയാവധം നിയമവിധേയമാക്കുന്നു. ഇതിനായുള്ള വോളന്ററി അസ്സിസ്റ്റഡ് ഡയിങ് ബിൽ വ്യാഴാഴ്ച്ച സ്വതന്ത്ര എം.പി അലക്സ് ഗ്രീൻവിച്ച് പാർലമെന്റിൽ  അവതരിപ്പിക്കും. 

സംസ്ഥാനത്ത് ദയാവധം നിയമവിധേയമാക്കാൻ 2017ൽ  ശ്രമിച്ചിരുന്നെങ്കിലും ഇരു സഭകളിലും ബിൽ പാസായിരുന്നില്ല. ഇത്തവണ ബിൽ പാർലമെന്ററിൽ പാസായാൽ ദയാവധം നിയമവിധേയമാക്കുന്ന ഓസ്‌ട്രേലിയയിലെ അവസാനത്തെ സംസ്ഥാനമാകും ന്യൂ സൗത്ത് വെയിൽസ്.

ബിൽപ്രകാരം മാരകമായ രോഗം ബാധിച്ച് ആറു മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുള്ള രോഗികൾക്ക് ദയാവധം സ്വീകരിക്കാം. കൂടാതെ ഒരു വ്യക്തി ദയാവധം അഭ്യർഥിച്ചാൽ രണ്ട് ഡോക്ടർമാർ ഈ അഭ്യർത്ഥന വിലയിരുത്തേണ്ടതാണെന്ന് ഗ്രീൻവിച്ച് വ്യക്തമാക്കി.
എന്നാൽ ഈ പദ്ധതിയിൽ ചേരാൻ ഡോക്ടർമാരെയും നഴ്‌സ്മാരെയും നിർബന്ധിക്കില്ല. 

അതേസമയം NSW ഹെൽത്ത് സർവീസസ് യൂണിയനും, NSW നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് അസോസിയേഷനും ബില്ലിന് പിന്തുണ നൽകിയിട്ടുണ്ട്. നിരവധി ലേബർ എം.പി മാരുടെ പിന്തുണയുമുണ്ട്. എന്നാൽ ലിബറൽ പാർട്ടി ഇക്കാര്യത്തിൽ മനസാക്ഷി വോട്ട് പരിഗണിക്കുമെന്ന് പ്രീമിയർ ഡൊമിനിക് പെറോട്ടെ വ്യക്തമാക്കി. കൂടാതെ നാഷണൽ സീനിയേഴ്സ് ഓസ്ട്രേലിയ 3,500 പേരിൽ നടത്തിയ സർവേയിൽ 85 ശതമാനത്തിലേറെ പേർ ദയാവധത്തെ അനുകൂലിച്ചതായാണ് വ്യക്തമാകുന്നത്. എന്നാൽ ഇത്തവണ ബിൽ പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Post