ധോണി പോണ്ടിംഗിനേക്കാള്‍ മികച്ച ക്യാപ്റ്റനെന്ന് ഷാഹിദ് അഫ്രീദി

Metrom Australia Aug. 1, 2020

ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ്.ധോണി ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗിനെക്കാളും മികച്ച ക്യാപ്റ്റനാണെന്നാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ പുതിയ പ്രസ്താവന. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് അഫ്രീദി ഇക്കാര്യം പറഞ്ഞത്. ‘ധോണിയോ, പോണ്ടിംഗോ ആരാണ് മികച്ച ക്യാപ്റ്റന്‍?’ എന്നായിരുന്നു ഒരു ആരാധകന്‍ അഫ്രീദിയോട് ചോദിച്ചത്. ധോണി എന്നാണ് അഫ്രീദി അതിന് മറുപടി കൊടുത്തത്. ‘പോണ്ടിംഗിനെക്കാളും മുകളിലാണ് ധോണിയെന്നാണു ഞാന്‍ കണക്കാക്കുന്നത്. യുവതാരങ്ങളെ വെച്ച് പുതിയൊരു ടീമിനെ ധോണി ഉണ്ടാക്കിയെടുത്തു.’ അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.

ക്രിക്കറ്റ് ലോകം കണ്ടതില്‍ വെച്ച് എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ രണ്ടു പേരാണ് ധോണിയും റിക്കി പോണ്ടിംഗും. എന്നാല്‍ ഐ.സി.സിയുടെ മൂന്ന് ടൂര്‍ണമെന്റുകളിലും കിരീടം നേടിയ ക്യാപ്റ്റന്‍ ധോണി മാത്രമാണ്. 2007 ടി20 ലോക കപ്പ്, 2011 ഏകദിന ലോക കപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിങ്ങനെയാണ് ധോണിയുടെ കിരീടനേട്ടങ്ങള്‍.

ക്രിക്കറ്റ് ചരിത്രത്തില്‍ വിജയ ശതമാനത്തില്‍ മുന്‍നിരയിലുള്ള ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ പോണ്ടിംഗാണ്. 324 മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെ നയിച്ചിട്ടുള്ള പോണ്ടിംഗ് 220 വിജയം ടീമിന് നേടി കൊടുത്തിട്ടുണ്ട്. 77 മത്സരം മാത്രമാണ് പരാജയപ്പെട്ടത്. 2003-ലും 2007-ലും ഓസ്‌ട്രേലിയ ഏകദിന ലോക കപ്പ് കിരീടം ചൂടിയതും പോണ്ടിംഗിന്റെ ക്യാപ്റ്റന്‍സിയിലാണ്.

Related Post