ഡയാന രാജകുമാരിയുടെ വാഹനം ലേലത്തിൽ വിറ്റു

Metrom Australia July 4, 2021

വിവാഹ നിശ്ചയ വേളയിൽ ചാൾസ് രാജകുമാരൻ ഡയാന രാജകുമാരിക്ക് സമ്മാനിച്ച ഫോർഡ് എസ്കോർട്ട് വാഹനം ലേലത്തിൽ വിറ്റു. ബ്രിട്ടണിലെ പുരാവസ്തു വിൽപ്പനക്കാരായ റീമാൻ ഡാൻസി റോയൽറ്റി എന്ന സ്ഥാപനമാണ് ഈ വാഹനം ലേലത്തിനെത്തിച്ചത്. ജൂൺ 29-നാണ് ഈ വാഹനത്തിന്റെ ലേലം നടന്നത്. 30,000 പൗണ്ട് മുതൽ 50,000 പൗണ്ട് വരെ മുഖവില നിശ്ചയിച്ചിരുന്ന ഈ വാഹനം 52000 (53.48 ലക്ഷം രൂപ) പൗണ്ടിനാണ് ലേലത്തിൽ പോയത്. 

1981-ലെ ചാൾസ് രാജകുമാരൻ, ഡയാന രാജകുമാരി വിവാഹത്തിന് രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന വിവാഹനിശ്ചയ വേളയിലാണ് അക്കാലത്തെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ ഫോർഡ് എസ്കോർട്ട് രാജകുമാരൻ ഡയാനയ്ക്ക് സമ്മാനിച്ചത്. ഡയാന രാജകുമാരി ഉപയോഗിച്ച ശേഷം ഈ വാഹനം മറ്റൊരാൾക്ക് വിറ്റിരുന്നെങ്കിലും വർഷങ്ങൾക്ക് ശേഷവും രൂപവും ഫീച്ചറുകളും നിലനിർത്തിയാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്.

1981 മേയ് മാസത്തിലാണ് ഈ വാഹനം സമ്മാനമായി നൽകിയത്. തുടർന്ന് 1982 ഓഗസ്റ്റ് വരെ രാജകുമാരി ഈ വാഹനം ഉപയോഗിച്ചിരുന്നു. പിന്നീട് ഡയാന രാജകുമാരിയുടെ ആരാധകനായ വ്യക്തിയാണ് ഈ വാഹനം അവരിൽനിന്ന് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ഈ വാഹനം ഏറ്റവും ശ്രദ്ധയോടെയാണ് ഉപയോഗിച്ചിട്ടുള്ളതെന്നും മികച്ച പരിചരണം ഉറപ്പാക്കിയിട്ടുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വാഹനത്തിലെ ഫീച്ചറുകൾ പോലും മാറ്റം വരുത്താതെ സൂക്ഷിക്കാൻ നിലവിൽ വാഹനം കൈവശമുള്ളവർ ശ്രമിച്ചിട്ടുണ്ട്. അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് 1968 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ യൂറോപ്യൻ വിപണികളിൽ എത്തിച്ചിട്ടുള്ള സെഡാൻ വാഹനമാണ് ഫോർഡ് എസ്കോർട്ട്. 1980-90 കാലഘട്ടത്തിൽ യൂറോപ്യൻ നിരത്തുകളിലെ ബെസ്റ്റ് സെല്ലിങ്ങ് കാർ പട്ടവും ഈ വാഹനത്തിനായിരുന്നു. 2000-ത്തിൽ നിരത്തൊഴിഞ്ഞ ഈ വാഹനം 2014-ൽ ഫോക്കസ് എന്ന പേരിൽ ചൈനീസ് നിരത്തിലെത്തിയിരുന്നു.

Related Post