ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്

Metrom Australia March 7, 2021 SPORTS

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന മൂന്നാം ടി20യില്‍  മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റിനായിരുന്നു കിവികളുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 142 റണ്‍സ്.

മറുപടി ബാറ്റിങില്‍ 15.3 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ന്യൂസിലാന്‍ഡ് ജയം സ്വന്തമാക്കുകയായിരുന്നു. ഒരിടവേളക്ക് ശേഷം മിന്നല്‍ പ്രകടനം നടത്തിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് വിജയശില്‍പ്പി. 46 പന്തില്‍ നിന്ന് നാല് വമ്പന്‍ സിക്സറുകളും ഏഴ് ബൗണ്ടറിയും അടക്കം 71 റണ്‍സാണ് ഗപ്റ്റില്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (36) ഗ്ലെന്‍ ഫിലിപ്സ് (34) എന്നിവരും തിളങ്ങി. പതിവില്‍ നിന്ന് വിപരീതമായി പതിയെ തുടങ്ങിയ ഗപ്റ്റില്‍ താളം കണ്ടെത്തിയ ശേഷം ഗിയര്‍ മാറ്റുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് ഉയര്‍ന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇഷ് സോദിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സൗത്തിയും ബൗള്‍ട്ടും ചേര്‍ന്നാണ് കംഗാരുപ്പടയെ 142ല്‍ ഒതുക്കിയത്. ബാറ്റിങ്ങില്‍ മികച്ച കൂട്ടുകെട്ടുകള്‍ പിറക്കാതെ പോയതാണ് ഓസ്ട്രേലിയക്ക് തിരിച്ചടിയായത്. 

44 റണ്‍സെടുത്ത മാത്യു വേഡ് ആണ് ടോപ് സ്‌കോറര്‍. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ് വലിന് ഒരു റണ്‍സെടുത്ത് പുറത്തായി. മികച്ച ഫോമിലുള്ള ആരോണ്‍ ഫിഞ്ചിന് 36 റണ്‍സെടുക്കാനെ കഴിഞ്ഞുളളൂ. ഫിലിപ്പെ(2), സ്റ്റോയിനിസ്(26), ആസ്റ്റന്‍ ആഗര്‍(6), മിച്ചല്‍ മാര്‍ഷ്(10) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
 

സീറ്റ് തകര്‍ത്ത് മാക്‌സ്‌വെലിന്റെ ഷോട്ട്; സീറ്റ് ലേലത്തിന്‌

Metrom Australia March 4, 2021 SPORTS

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ സ്റ്റേഡയത്തിലെ സീറ്റ് തകര്‍ത്ത് മാക്സ്വെലിന്റെ ഷോട്ട്. ന്യൂസിലാന്‍ഡ് വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡയത്തിലെ സീറ്റാണ് തകര്‍ന്നത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കാണികള്‍ക്ക് പ്രവേശനമില്ലായിരുന്നു. 30 പന്തുകളില്‍ നിന്ന് 70 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. 

ഓസ്ട്രേലിയ ജയിച്ച മത്സരത്തില്‍ 25 പന്തുകളില്‍ നിന്നാണ് മാക്സ്വെല്‍ തന്റെ അര്‍ദ്ധ സെഞ്ച്വറി നേടിയത്. ഇന്നിങ്സിന്റെ പതിനേഴാം ഓവറില്‍ 28 റണ്‍സാണ് മാക്സ്വെല്‍ അടിച്ചെടുത്തത്. ജിമ്മി നീഷം എറിഞ്ഞ ആ ഓവറില്‍ രണ്ട് സിക്സറുകളും നാല് ബൗണ്ടറികളും പിറന്നു. ഈ ഓവറില്‍ പിറന്ന സിക്സറുകളിലൊന്നാണ് സീറ്റ് തകര്‍ത്തത്. തകര്‍ന്ന സീറ്റ് പിടിച്ചുനില്‍ക്കുന്ന മാക്സ്വെലിന്റെ ചിത്രം പിന്നീട് ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തു. 

പിന്നാലെ സ്റ്റേഡിയം ചീഫ് എക്സിക്യൂട്ടീവ് ഷെയന്‍ ഹാര്‍മോണ്‍ തകര്‍ന്ന സീറ്റിന്റെ ഫോട്ടോ ട്വിറ്ററിലിടുകയും മാക്സ്വെലിന്റെ ഓട്ടോഗ്രോഫ് ലഭിച്ചാല്‍ ലേലത്തിന് വെക്കുമെന്നും വ്യക്തമാക്കി. മാക്സ്വെല്‍ ആവശ്യം പരിഗണിച്ചു. ലേലത്തിലൂടെ ലഭിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.
 

ഇന്‍സ്റ്റഗ്രാമില്‍ 10കോടി ഫോളോവേഴ്​സുള്ള ആദ്യ ക്രിക്കറ്റ്​ താരമായി കോഹ്‌ലി

Metrom Australia March 2, 2021 SPORTS

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള യുവതലമുറയുടെ ഹരമായ  ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന്‍ സെലിബ്രിറ്റി കൂടിയാണ് കോഹ്‌ലി. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള നാലാമത്തെ കായികതാരമാണ് കോഹ്‌ലി. ട്വിറ്ററില്‍ നാല് കോടിയിലധികവും ഫേസ്ബുക്കില്‍ 3.6 കോടിയാളുകളും കോഹ്‌ലിയെ പിന്തുടരുന്നുണ്ട്. 10 കോടി ക്ലബിലെത്തിയ കോഹ്‌ലിയെ ഐ.സി.സി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അഭിനന്ദിച്ചു.

ഫുട്ബാള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍, ഹോളിവുഡ് നടനും റസ്‌ലിങ് താരവുമായ ഡൈ്വന്‍ റോക്ക് ജോണ്‍സണ്‍, അമേരിക്കന്‍ ഗായിക ബിയോണ്‍സ്, അരിയാന ഗ്രാന്‍ഡെ എന്നീ പ്രശസ്തരടങ്ങുന്ന പട്ടികയിലാണ് കോഹ്‌ലി ഇടംപിടിച്ചത്. ക്രിസ്റ്റ്യാനോ (26.6 കോടി), മെസ്സി (18.7 കോടി), നെയ്മര്‍ (14.7 കോടി) എന്നിവരാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

ന്യൂസിലാണ്ട് - ഓസ്‌ട്രേലിയ ടി20 പരമ്പര വെല്ലിംഗ്ടണില്‍

Metrom Australia March 1, 2021 SPORTS

ന്യൂസിലാണ്ടില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ന്യൂസിലാണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയും ന്യൂസിലാണ്ട് - ഇംഗ്ലണ്ട് വനിത ടി20 പരമ്പരയും വെല്ലിംഗ്ടണില്‍ ആവും നടക്കുക എന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് അറിയിച്ചു. വെല്ലിംഗ്ടണില്‍ അലര്‍ട്ട് ലെവല്‍ 2 പ്രോട്ടോക്കോളുകള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടക്കുക. മാര്‍ച്ച് 5ന് ഓക്ലാന്‍ഡില്‍ നടക്കാനിരുന്ന ഡബിള്‍ ഹെഡറും മാര്‍ച്ച് ഏഴിന് മൗണ്ട് മൗന്‍ഗാനൂയിയില്‍ നടക്കാനിരുന്ന രണ്ടാമത്തെ ഡബിള്‍ ഹെഡറും വെല്ലിംഗ്ടണിലേക്ക് മാറ്റിയതായും അറിയിച്ചു.
 

ഓസ്‌ട്രേലിയ- ന്യൂസിലാണ്ട് ടി20 മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍

Metrom Australia Feb. 27, 2021 SPORTS

ന്യൂസിലാണ്ടില്‍ പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഇനിയുള്ള ഓസ്‌ട്രേലിയ- ന്യൂസിലാണ്ട് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മാത്രം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓക്ലാന്‍ഡ് നഗരത്തില്‍ ലെവല്‍ 3 അലര്‍ട്ട് പ്രഖ്യാപിച്ചതോടെയാണ് ഈ തീരുമാനം. വെല്ലിംഗ്ടണില്‍ മാര്‍ച്ച് മൂന്നിനാണ് ഓസ്‌ട്രേലിയയും ന്യൂസിലാണ്ടും തമ്മിലുള്ള മൂന്നാം ടി20. ഇംഗ്ലണ്ടുമായുള്ള ന്യൂസിലാണ്ട് വനിതകളുടെ മത്സരത്തിനും കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.