ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

Metrom Australia March 21, 2021 SPORTS

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അഞ്ചാം ടി20യില്‍ 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 225 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി ശര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി പിന്തുണകൊടുത്തു. ഇംഗ്ലണ്ടിനായി ഡേവിഡ് മലാന്‍ (68) ജോസ് ബട്ട്ലര്‍(52) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

പൂജ്യത്തിന് ആദ്യ വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി ജോസ് ബട്‌ലറും ഡേവിഡ് മലനും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഇരുവരും ഇംഗ്ലണ്ട് ഇന്നിങ്‌സിനെ കരകയറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാല്‍ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് അടിച്ചുകളിച്ച ഇവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കി.

നേരത്തെ ഇന്ത്യക്കായി രോഹിത് ശര്‍മ 34 പന്തില്‍ 64 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് കോഹ്‌ലി 52 ബോളില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് - കോഹ്‌ലി കൂട്ടുകെട്ട് 94 റണ്‍സാണ് നേടിയത്. രോഹിത് പുറത്തായതിന് ശേഷമെത്തിയ സൂര്യകുമാര്‍ യാദവ് 17 പന്തില്‍ 32 റണ്‍സ് നേടി. അവസാന ഓവറുകളില്‍ തീപ്പന്തമായി മാറിയ ഹാര്‍ദ്ദിക് പാണ്ഡ്യ 17 ബോളില്‍ 39 റണ്‍സ് നേടി. സ്റ്റോക്‌സിന്റെ പന്തില്‍ രോഹിത് പുറത്തായെങ്കിലും പകരം എത്തിയ സൂര്യകുമാര്‍ യാദവ് തന്റെ ബാറ്റിങ് മികവ് ആദ്യ കളിയിലെ പോലെ തന്നെ രണ്ടാം മത്സരത്തിലും തുടര്‍ന്നു. രണ്ടാം വിക്കറ്റില്‍ യാദവും കോഹ്‌ലിയും ചേര്‍ന്ന് 26 പന്തില്‍ നിന്ന് 49 റണ്‍സാണ് നേടിയത്. 17 പന്തില്‍ 32 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ ആദില്‍ റഷീദ് ആണ് പുറത്താക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് ഇന്ത്യ സ്വന്തമാക്കിയത്.

മികച്ച വനിത ക്രിക്കറ്റ് കമന്‍റേറ്ററായി ഇഷ ഗുഹ

Metrom Australia March 20, 2021 SPORTS

മികച്ച വനിത ക്രിക്കറ്റ് കമേന്ററേറ്ററായി ഫോക്‌സ് ക്രിക്കറ്റിന്റെ ഇഷ ഗുഹയെ ലാസ്റ്റ് വേര്‍ഡ് സ്‌പോര്‍ട്‌സ് തെരഞ്ഞെടുത്തു. ഇഷയെ കൂടാതെ അന്‍ജും ചോപ്ര, മേല്‍ ജോണ്‍സ്, എബ്നോയി റെയിന്‍ഫോര്‍ഡ്-ബ്രെന്റ്, ലിസ സ്ഥലേക്കര്‍ എന്നിവരും പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ മുന്‍ ഫാസ്റ്റ് ബോളര്‍ കൂടിയാണ് ഇഷ. ഇഷയുടെ ശബ്ദത്തില്‍ ക്രിക്കറ്റിനോടുള്ള സ്‌നേഹവും വിജ്ഞാനവും നിറഞ്ഞതാണെന്ന് ലാസ്റ്റ് വേര്‍ഡ് എന്ന പ്രസിദ്ധീകരണം പറഞ്ഞു. ഇഷ എക്കാലത്തേയും മികച്ച വനിത കമന്റേറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് കരിയറില്‍ ഇംഗ്ലണ്ടിനു വേണ്ടി 18.93 ആവറേജില്‍ നൂറിലധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ ഇഷ നേടിയിട്ടുണ്ട്.
 

17 റണ്ണിന് ഓള്‍ ഔട്ട്

Metrom Australia March 18, 2021 SPORTS

വനിതാ സീനിയര്‍ വണ്‍ഡേ ട്രോഫിയില്‍ നാഗാലാന്‍ഡിനെ 17 റണ്‍സിന് ചുരുട്ടിക്കൂട്ടി മുംബൈ.  മുംബൈ പേസ് ബൗളര്‍ സയാലി സത്ഗറിന്റെ കിടിലന്‍ ബൗളിങാണ് നാഗാലാന്റിനെ തകര്‍ത്തത്. ടോസ് നേടിയ നാഗാലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ഓവര്‍ എറിഞ്ഞ സയാലി വീഴ്ത്തിയത് ഏഴ് വിക്കറ്റുകള്‍. ഏഴാം നമ്പറിലെത്തിയ സരിബയാണ് നാഗാലാന്‍ഡിന്റെ ടോപ് സ്‌കോറര്‍. അതും 9 റണ്‍സ് മറ്റൊരു ടോപ് സ്‌കോറര്‍ എക്സ്ട്രയായി ലഭിച്ച മൂന്ന് റണ്‍സ്. ആറ് ബാറ്റ്സ്മാന്മാര്‍ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. മൂന്നു പേര്‍ ഒരോ റണ്‍സ് വീതം എടുത്തു. മറുപടി ബാറ്റിങില്‍ മുംബൈക്ക് ലക്ഷ്യത്തിലെത്താന്‍ വെറും നാല് പന്തുകളെ വേണ്ടിവന്നുള്ളൂ. മുംബൈ ഓപ്പണര്‍ ഇഷ ഒസ ആദ്യത്തെ മൂന്ന് പന്തുകളും അതിര്‍ത്തി കടത്തി.

അതിനിടെ ഒരു നോബോളും കൂടി എറിഞ്ഞതോടെ വിജയം ഒന്നുകൂടി എളുപ്പമായി. നാലാം പന്ത് സിക്സറടിച്ചാണ് മുംബൈ ഓപ്പണര്‍ വിജയത്തിലെത്തിച്ചത്. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: നാഗാലാന്‍ഡ് 17.4 ഓവറില്‍ 17ന് എല്ലാവരും പുറത്ത്. മുംബൈ 20/0-0.4 ഓവര്‍. മുംബൈയുടെ ജയം പത്ത് വിക്കറ്റിന്.
 

മിതാലിരാജിന് ചരിത്ര നേട്ടം; 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം

Metrom Australia March 12, 2021 SPORTS

ദക്ഷിണാഫ്രിക്കയുടെ മീഡിയം പേസര്‍ ആനി ബോഷ്‌കിന്റെ പന്തിനെ ബൗണ്ടറിയടിച്ച് ഇന്ത്യ നായിക മിതാലിരാജ് നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു. ആ ബൗണ്ടറിയോടെ 
10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മിതാലിരാജ്. വെള്ളിയാഴ്ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക 36 റണ്‍സ് നേടിയതോടെയാണ് മിതാലി റെക്കോര്‍ഡിലെത്തിയത്. തൊട്ടടുത്ത പന്തില്‍ തന്നെ മിതാലി പുറത്താവുകയും ചെയ്തു. 311 മത്സരങ്ങളില്‍ നിന്നാണ് മിതാലിയുടെ നേട്ടം. 1999ലാണ് മിതാലി ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റം നടത്തിയത്. ലോകത്ത് തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മിതാലി. ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ടെ എഡ്വാര്‍ഡാണ് ഇതിനുമുമ്പ് ഈ നേട്ടത്തിലേക്ക് എത്തിയ താരം.
 

ബി ബി സി യുടെ ഈ വര്‍ഷത്തെ ആജീവാനന്ത പുരസ്‌കാരം അഞ്ജു ബോബി ജോർജിന്

Metrom Australia March 10, 2021 SPORTS

ഇന്ത്യയിലെ മികച്ച കായികതാരമായി ലോംങ് ജംപ് താരം അഞ്ജു ബോബി ജോര്‍ജിനെ തിരഞ്ഞെടുത്ത് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍. ബിബിസിയുടെ ഈ വര്‍ഷത്തെ ആജീവാനന്ത പുരസ്‌കാരമാണ് മലയാളിയായ അഞ്ജു ബി. ജോര്‍ജിനെ തേടിയെത്തിയത്.

2003-ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ദൂരം മറികടന്ന് വെങ്കലം നേടിയ അഞ്ജു, ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ്. ഒളിമ്ബിക്‌സിലും ശ്രദ്ധേയ പ്രകടനം നടത്തി. മലയാളി ഒളിമ്ബ്യന്‍ പി.ടി. ഉഷയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷം ബി.ബി.സി. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. അതേസമയം ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു ഹംപി ഈ വര്‍ഷത്തെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷൂട്ടിങ്ങിലെ മനു ഭേക്കര്‍ മികച്ച ഭാവിതാരമായി.

കോട്ടയം ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശിയായ അഞ്ജു ഭര്‍ത്താവും പരിശീലകനുമായ റോബര്‍ട്ട് ബോബി ജോര്‍ജിനൊപ്പം ഇപ്പോള്‍ ബെംഗളൂരുവില്‍ പരിശീലന രംഗത്തുണ്ട്. ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയാണ് അഞ്ജു.