മുംബൈ ഇന്ത്യന്‍സിലെ പോരായ്മകളെ കുറിച്ച് തുറന്നടിച്ച് വാട്സണ്
ഐ.പി.എല്ലില്‍ തുടര്‍ തോല്വികളില്പ്പെട്ടുഴറുന്ന മുംബൈ ഇന്ത്യന്‍സിലെ പോരായ്മകളെ കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ ഓസീസ് സ്റ്റാര്‍ ഓള് റൗണ്ടറും ഇപ്പോൾ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹപരിശീലകനുമായ ഷെയ്ന് വാട്സണ്. ലേലത്തില്‍ നടത്തിയ മോശം ഇടപെടലുകളാണ് മുംബൈ ഇന്ത്യന്‍സിനെ ഏറ്റവും ദുര്‍ബലമായ ടീമാക്കി മാറ്റിയതെന്നാണ് വാട്സൻ്റെ അഭിപ്രായം.
‘ലേലത്തില്‍ മുംബൈയുടെ ഇടപെടല്‍ എന്നെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ ടീം കാരണം മുംബൈ പോയിന്റ് പട്ടികയില്‍ താഴേക്ക് പോയതില്‍ അതിശയിക്കാനൊന്നും തന്നെയില്ല.ഇഷാന് കിഷന് വേണ്ടി വന്‍ തുകയാണ് മുംബൈ പേഴ്സില്‍ നിന്നും മാറ്റിവെച്ചത്. കിഷന് പ്രതിഭയുള്ള താരം തന്നെയാണ്, അതില്‍ യാതൊരു വിധത്തിലുള്ള തര്‍ക്കവുമില്ല. എന്നാല്‍ അത്രയും തുകയ്ക്കുള്ള മൂല്യം അവനില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇതിന് പുറമെ പരിക്കിന്റെ പിടിയിലകപ്പെട്ട് ഈ സീസണില്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടും ജോഫ്രാ ആര്‍ച്ചറിന് പിന്നാലെയും മുംബൈ പോയി. ഇതെല്ലാം കാരണം മുംബൈ ടീമില്‍ വലിയ വിടവാണ് ഉണ്ടായിരിക്കുന്നത്,’ വാട്സണ് പറയുന്നു.
മെഗാലേലത്തില്‍ 15.25 കോടി രൂപയ്ക്കായിരുന്നു മുംബൈ ഇഷാന് കിഷനെ ടീമിലെത്തിച്ചത്. എത്ര തന്നെ മുടക്കിയാലും ഇഷാനെ ടീമിലെത്തിക്കണം എന്ന വാശിയായിരുന്നു മുംബൈ മാനേജ്മെന്റിനുണ്ടായിരുന്നത്. പേഴ്സിന്റെ വലിയൊരു പങ്ക് തന്നെ ഇഷാന് കിഷന് വേണ്ടി മാത്രമായി മാറ്റിവെച്ചപ്പോള്‍ മറ്റ് താരങ്ങളെ ടീമിലെത്തിക്കാന്‍ മുംബൈയ്ക്ക് സാധിച്ചില്ല.