ബോക്‌സിങ് താരങ്ങള്‍ക്ക് തൻ്റെ അക്കാദമിയിൽ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത് മേരി കോം

Metrom Australia May 1, 2022 SPORTS

തിരുവനന്തപുരം: കേരളത്തില്‍ നിന്നുമുള്ള മികച്ച ബോക്‌സിങ് താരങ്ങള്‍ക്ക് തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തു പ്രശസ്ത ബോക്‌സിങ് താരം മേരി കോം. കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഒട്ടനവധി ബോക്‌സിങ് താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തില്‍ നിന്നും രാജ്യാന്തര മത്സരത്തിന് പ്രാപ്തരായ ബോക്‌സിങ് താരങ്ങള്‍ ഒന്നും വളര്‍ന്നു വരുന്നില്ല. കേരളത്തില്‍ നിന്നുള്ള കഴിവുറ്റ യുവ ബോക്‌സിങ് താരങ്ങള്‍ വന്നാല്‍ തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം നല്‍കും.

ഒളിമ്പിക് അസോസിയേഷന്‍ പോലുള്ള സംഘടനങ്ങള്‍ ഇത്തരത്തില്‍ രാജ്യാന്തര താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ മുന്‍ കൈയടുക്കണമെന്നും മേരികോം അഭിപ്രായപ്പെട്ടു. ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണ്ണം നേടണമെന്നതാണ് അവശേഷിക്കുന്ന ആഗ്രഹമെന്നും നിലവില്‍ കൂടുതല്‍ ശ്രദ്ധ ജൂലൈ മാസത്തില്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണെന്നും അവര്‍ പറഞ്ഞു.

ടൂര്‍ണമെന്റുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരള ഗെയിംസ് പോലുള്ള കായിക മത്സരങ്ങള്‍ ഈ രംഗത്തിലെ താരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പി.ആര്‍. ശ്രീജേഷ് പറഞ്ഞു. കോവിഡിനുശേഷം മന്ദഗതിയിലായ കളിക്കളത്തിലേക്ക് കുട്ടികള്‍ക്ക് തിരിച്ചുവരാന്‍ കേരള ഗെയിംസ് ഉപകാരപ്പെടുമെന്ന് ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കി ടീം അംഗവും വെങ്കലജേതാവുമായ പി.ആര്‍. ശ്രീജേഷ് അഭിപ്രായപ്പെട്ടു

വാര്‍ത്താസമ്മേളനത്തില്‍ പി.ആർ.ശ്രീജേഷ്, ബജ്റംഗ് പൂനിയ, രവി ദഹിയ, കേരള ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി. സുനില്‍ കുമാര്‍, സെക്രട്ടറി ജനറല്‍ എസ്. രാജീവ്, ട്രഷറര്‍ എം.ആര്‍. രഞ്ജിത്, വൈസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ബിനോയ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

രാജസ്ഥാനെതിരായ ഡല്‍ഹിയുടെ തോല്‍വി ഏറെ നിരാശപ്പെടുത്തിയെന്ന് കോച്ച് പോണ്ടിങ്

Metrom Australia April 28, 2022 SPORTS

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹിയുടെ തോൽവി തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് കോച്ച് കോച്ച് റിക്കി പോണ്ടിങ്. ക്വാറന്‍റൈനില്‍ ആയിരുന്നതിനാൽ അന്ന്  പോണ്ടിങ് ടീമിനോപ്പമുണ്ടായിരുന്നില്ല. ഹോട്ടൽമുറിയിലിരുന്നാണ് റിക്കി കളി കണ്ടത്. 

"സമ്മർദത്തിന്‍റെ മുൾമുനയിലായിരുന്നു ഞാൻ അന്ന്. ഒടുക്കം ടീം തോൽവി വഴങ്ങി. ഇതെന്നെ വല്ലാതെ നിരാശപ്പെടുത്തി. ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന മൂന്നോ നാലോ റിമോട്ടുകൾ ഞാൻ അന്ന് എറിഞ്ഞു തകർത്തിട്ടുണ്ടാവും. ഒപ്പം കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞു. പരിശീലകനായിരുന്നിട്ടും മൈതാനത്തെ കാര്യങ്ങൾ നിയന്ത്രിക്കാനാവാത്തത് എന്നെ നിരാശയിലാക്കി. ഓരോ ഓവറിലും എന്തൊക്കെ ചെയ്യണം എന്ന് വരെ ഞാൻ മെസ്സേജ് അയച്ച് പറയാണ്ടായിരുന്നു"- പോണ്ടിങ് പറഞ്ഞു.

രാജസ്ഥാനെതിരായ മത്സരത്തില്‍ ഡൽഹിക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 36 റൺസായിരുന്നു. വിൻഡീസ് താരം മക്കോയ് എറിഞ്ഞ ആദ്യ മൂന്ന് പന്തും നാട്ടുകാരൻ റോവൻ പവൽ ഗാലറിയിലെത്തിച്ചു. മൂന്നാം പന്ത് അനുവദനീയമായതിലും ഉയർന്നാണ് വന്നതെന്നും നോബോൾ വിളിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഡഗ്ഔട്ടിൽ നിന്നും ക്യാപ്ടൻ റിഷഭ് പന്തിന്‍റേയും കൂട്ടരുടെയും ഇടപെടലുണ്ടായി. ഇതാണ് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്. 

അമ്പയര്‍ നോബോൾ അനുവദിക്കാത്തതിനെ തുടർന്ന് ക്രീസിലുണ്ടായിരുന്ന റോവൻ പവലിനെയും കുൽദീപ് യാദവിനെയും റിഷഭ് പന്ത് തിരികെ വിളിച്ചു. ഇതിനിടെ ഡൽഹി ക്യാമ്പില്‍ എത്തി ജോസ് ബട്‍ലറുടെ രോഷപ്രകടനം. ഡൽഹി ഒഫീഷ്യലായ പ്രവീൺ ആംറെ ഗ്രൗണ്ടിലേക്കിറങ്ങി അമ്പയറുമായി തർക്കിച്ചു. മത്സരത്തിന് ശേഷം പന്തിന് മത്സരത്തിന്‍റെ 100 ശതമാനം മാച്ച് ഫീ പിഴയടക്കേണ്ടി വന്നു.

ഐപിഎല്ലിൽ 6000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി ശിഖർ ധവാൻ

Metrom Australia April 26, 2022 SPORTS

വിരാട് കോലിക്ക് ശേഷം ഐപിഎല്ലിൽ 6000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി പഞ്ചാബ് കിംഗ്സ് താരം ശിഖർ ധവാൻ. ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള പോരാട്ടത്തിലാണ് ധവാൻ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ 2 റൺസ് നേടിയത്തോടെയാണ് 36 കാരനായ ധവാൻ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലിൽ തന്റെ 200-ാം മത്സരവും ധവാൻ പൂർത്തിയാക്കി. മത്സരത്തിൽ പുറത്താകാതെ ശിഖർ ധവാൻ 88 റൺസ് എടുത്തു.

ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിന് പിഴ

Metrom Australia April 23, 2022 SPORTS

ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിന് പിഴ. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ ബാറ്റര്‍മാരെ തിരിച്ചുവിളിച്ചതിനാണ് പന്തിനെതിരെ പിഴ ചുമത്തിയത്. മാച്ച് ഫീയുടെ 100 ശതമാനം പിഴ താരമടക്കണം.  

അവസാന ഓവറിലാണ് മത്സരത്തിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡൽഹിക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 36 റൺസായിരുന്നു. വിൻഡീസ് താരം മക്കോയ് എറിഞ്ഞ ആദ്യ മൂന്ന് പന്തും  റോവൻ പവൽ ഗാലറിയിലെത്തിച്ചു. മൂന്നാം പന്ത് അനുവദനീയമായതിലും ഉയർന്നാണ് വന്നതെന്നും നോബോൾ വിളിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഡഗ്ഔട്ടിൽ നിന്നും ക്യാപ്ടൻ ഋഷഭ് പന്തും സഹതാരങ്ങളും ആവശ്യമുന്നയിച്ചു. 
അമ്പയര്‍ നോബോൾ അനുവദിക്കാത്തതിനെ തുടർന്ന് ക്രീസിലുണ്ടായിരുന്ന റോവൻ പവലിനെയും കുൽദീപ് യാദവിനെയും റിഷഭ് പന്ത് തിരികെ വിളിച്ചു. 

ഇതിനിടെ ഡൽഹി ക്യാമ്പില്‍ എത്തി ജോസ് ബട്‍ലറുടെ രോഷപ്രകടനം. ഡൽഹി ഒഫീഷ്യലായ പ്രവീൺ ആംറെ ഗ്രൗണ്ടിലേക്കിറങ്ങി അമ്പയറുമായി തർക്കിച്ചു. പക്ഷേ തീരുമാനം മാറ്റാൻ അമ്പയര്‍മാര്‍ തയ്യാറായില്ല.

ഡാനിഷ് ഓപ്പണിൽ സ്വർണവും വെള്ളിയും നേടി ഇന്ത്യയ്ക്ക് അഭിമാനമായി മാധവന്റെ മകന്‍

Metrom Australia April 18, 2022 ART AND ENTERTAINMENT , SPORTS

നീന്തൽക്കുളത്തിൽ ഇന്ത്യയ്ക്ക് ഒരിക്കൽ കൂടി അഭിമാനമായി നടൻ ആർ.മാധവന്റെ മകൻ വേദാന്ത് മാധവൻ. കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാംപ്യൻഷിപ്പിൽ വേദാന്ത് രാജ്യത്തിനായി സ്വർണ, വെള്ളി മെഡലുകളാണ് സ്വന്തമാക്കിയത്. 800 മീറ്റർ വിഭാഗത്തിലാണ് വേദാന്തിന്റെ സുവർണ നേട്ടം.

1500 മീറ്റര്‍ വിഭാഗത്തില്‍ വേദാന്ത് വെള്ളി നേടിയപ്പോൾ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ കേരളത്തിന്റെ സജൻ പ്രകാശ് സ്വര്‍ണം നേടി. ഇരുവരുടെയും മെഡല്‍ നേട്ടത്തിലെ സന്തോഷം പങ്കുവച്ച് മാധവന്‍ ട്വീറ്റ് ചെയ്തു. പരിശീലകനായ പ്രദീപ് കുമാറിനും മാധവന്‍ ഇതോടൊപ്പം നന്ദി പറഞ്ഞു.

ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി മെഡലുകൾ വേദാന്ത് നേടിയിട്ടുണ്ട്. ഈ വർഷം ദേശീയ ജൂനിയർ നീന്തൽ‌ ചാംപ്യൻഷിപ്പിൽ 7 മെഡലുകൾ വേദാന്ത് നേടിയിരുന്നു. കഴിഞ്ഞ വർഷം ജൂനിയർ അക്വാട്ടിക് ചാംപ്യൻഷിപ്പിലും വേദാന്ത് മികച്ച നേട്ടം കൈവരിച്ചു. മൂന്ന് സ്വർണമെഡലുകളും ഒരു വെള്ളി മെഡലും നേടിയാണ് വേദാന്ത് അന്ന് താരമായത്.

അറുപത്തിനാലാമത് എസ്ജിഎഫ്ഐ നാഷനല്‍ സ്കൂള്‍ ഗെയിംസിലും വേദാന്ത് മാധവൻ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. മുമ്പ് തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മൽസരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയതും വേദാന്തായിരുന്നു.