ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് തുടക്കം

Metrom Australia April 9, 2021 SPORTS

ഐപിഎല്‍ 14-ാം സീസണ്‍ ഇന്ന് മുതല്‍ ആരംഭിക്കും. ചെന്നൈയിലെ എം.എ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മത്സരമാണ് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. രാത്രി 7.30 നാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഒട്ടുമിക്ക താരങ്ങളെയും നിലനിര്‍ത്തിയിട്ടുണ്ട്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ കീറോണ്‍ പൊള്ളാര്‍ഡും മുംബൈ ക്യാമ്പിലെത്തി.

അതേസമയം ചെന്നൈയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മത്സരത്തിന്റെ നടത്തിപ്പിനായി തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ആദ്യ പാദത്തില്‍ നാലു ടീമുകളാണ് ചെന്നൈയില്‍ കളിക്കുന്നത്.

സ്റ്റീവ് സ്മിത്ത് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്; ടോപ് ഓര്‍ഡറില്‍ കളിക്കും

Metrom Australia April 8, 2021 SPORTS

ഇത്തവണത്തെ ഐ പി എല്ലില്‍ ശക്തമായ ടീമുമായിട്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. പരിക്കേറ്റ സ്ഥിരം നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് ടീമിന്റെ നായകന്‍. നായക സ്ഥാനത്തേക്ക് പരിചയ സമ്ബത്തുള്ള ഒട്ടേറെ താരങ്ങളെ പിന്തള്ളിയാണ് പന്ത് ഈ സ്ഥാനത്തെത്തിയത്. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയതോടെ ഡല്‍ഹി ടീമിലേക്ക് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും എത്തിയിട്ടുണ്ട്. 

എന്നാല്‍ താരസമ്ബന്നമായ ഡല്‍ഹി നിരയില്‍ എവിടെ സ്മിത്തിനെ കളിപ്പിക്കുമെന്നത് വലിയ ചോദ്യത്തിന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ് തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. ടോപ് ഓഡറില്‍ത്തന്നെയാവും സ്മിത്തിന് അവസരം നല്‍കുകയെന്ന് വ്യക്തമാക്കിയ പോണ്ടിങ്. സ്മിത്ത് ടീമിലെ സ്ഥിര സാന്നിധ്യമായിരിക്കില്ലെന്ന സൂചനയും നല്‍കിയിട്ടുണ്ട്. സ്മിത്തിന്റെ സാന്നിധ്യം തന്നെ ഡല്‍ഹി ക്യാംപില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. 'സ്മിത്ത് വലിയ താരമാണ്. സ്മിത്തിനെ ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ കാണുകയെന്നത് മഹത്തായ കാര്യമാണ്. ദീര്‍ഘകാലം ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ച ശേഷമാണ് സ്റ്റീവ് സ്മിത്ത് ഇത്തവണ ഡല്‍ഹിയിലെത്തിയത്. ഈ സീസണില്‍ അദ്ദേഹത്തിന് തന്റെ ബാറ്റിങ്ങ് ഫോം വീണ്ടെടുത്ത് റണ്‍സ് കണ്ടെത്താന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. സ്മിത്തിന് ടീമില്‍ അവസരം ലഭിച്ചാല്‍ അദ്ദേഹം ആദ്യ മൂന്നില്‍ ബാറ്റിങ്ങിന് ഇറങ്ങും'- പോണ്ടിങ്ങ് പറഞ്ഞു.'അടുത്തിടെ ഞാന്‍ സ്മിത്തുമായി സംസാരിച്ചിരുന്നു. ഐപിഎല്ലിനായി കാത്തിരിക്കുകയാണ് അദ്ദേഹം. അടുത്ത സീസണില്‍ മെഗാ താരലേലമുണ്ടാവും. ഈ സീസണില്‍ സ്മിത്തിന് തിളങ്ങാന്‍ സാധിച്ചാല്‍ അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ അടിസ്ഥാന വില ഉയരും. കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഇത്രയും പ്രതിഭാശാലിയായ താരം ഒപ്പമുള്ളത് ടീമിന് ഗുണം ചെയ്യും''- പോണ്ടിങ്ങ് വ്യക്താക്കി. പ്ലേയിങ് 11ല്‍ നാല് വിദേശ താരങ്ങള്‍ മാത്രമെന്ന നിയമമാണ് സ്മിത്തിന് തിരിച്ചടിയാവുന്നത്. കഗിസോ റബാദ, മാര്‍ക്കസ് സ്റ്റോയിനിസ്, ആന്‍ റിച്ച് നോക്കിയേ, ഷിംറോന്‍ ഹെറ്റ്മെയര്‍ എന്നിവര്‍ക്കാവും കൂടുതല്‍ പരിഗണന ലഭിക്കാന്‍ സാധ്യത. 

 


 

മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ്കീപ്പിങ്ങ് കണ്‍സള്‍ട്ടന്റായ കിരണ്‍ മോറെക്ക് കോവിഡ്

Metrom Australia April 7, 2021 SPORTS

മുന്‍ ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ്കീപ്പിങ് കണ്‍സള്‍ട്ടന്റുമായ കിരണ്‍ മോറെക്ക് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയതായും മുംബൈ ക്യാമ്പ് അറിയിക്കുന്നു. മുംബൈയുടെ മെഡിക്കല്‍ ടീം മോറയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ട്. മോറെയും മുംബൈ ഇന്ത്യന്‍സും ബി.സി.സിഐയുടെ എല്ലാ മെഡിക്കല്‍ പ്രോട്ടോകോളും പാലിക്കുന്നുണ്ടെന്ന് ടീം ക്യാമ്പ് അറിയിക്കുന്നു.

നേരത്തെ ഡല്‍ഹി കാപിറ്റല്‍സ് താരം അക്സര്‍ പട്ടേലിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍കിങ്സ് ക്യാമ്പിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സിഎസ്‌കെ സ്റ്റാഫ് അംഗത്തിനാണ് കോവിഡ് ബാധിച്ചിരുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കളിക്കാരുമായി ഇദ്ദേഹത്തിന് ബന്ധമില്ലായിരുന്നു. കഴിഞ്ഞ സീസണിലും ചെന്നൈ ക്യാമ്പില്‍ കോവിഡ് പടര്‍ന്നിരുന്നു. കളിക്കാരുള്‍പ്പെടെ 13 പേര്‍ക്കാണ് അന്ന് കോവിഡ് ബാധിച്ചിരുന്നത്. അതേസമയം ഐ.പി.എല്‍ വേദികളിലൊന്നായ മുബൈ വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

ഗോൾഡ് കോസ്റ്റ് സ്റ്റോംസ് ഓള്‍ ഓസ്‌ട്രേലിയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 17 ന്

Metrom Australia April 5, 2021 SPORTS

ഗോള്‍ഡ്‌ കോസ്റ്റ്: ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കിടയില്‍ കാല്‍പന്തുകളിയില്‍ വിസ്മയങ്ങള്‍ തീര്‍ത്തിട്ടുള്ള ഗോൾഡ് കോസ്റ്റ് സ്റ്റോംസ് FOOTBALL CLUB-ന്റെ ആഭിമുഖ്യത്തില്‍ ഒരുങ്ങുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രമോ വീഡിയോ ഈസ്റ്റര്‍ ദിനത്തില്‍ പുറത്തിറങ്ങി. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനാറ് ടീമുകള്‍ ഏപ്രില്‍ 17 ന് (ശനിയാഴ്ച) ഗോൾഡ് കോസ്റ്റിലെ കരാറ സ്പോർട്ടിങ് ഫീൽഡിൽ നേർക്ക് നേർ പോരാടും. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ ഇക്കഴിഞ്ഞ കോമൺ വെൽത്ത് ഗെയിംസിന് വേദിയായ മെട്രിക്കോണ്‍ സ്റ്റേഡിയത്തിനു എതിര്‍വശത്തുള്ള കരാറ സ്‌പോര്‍ട്ടിങ് ഫീല്‍ഡിലാണ് നടക്കുക. Goldcoast Strom, Brisbane Blasters, CSC Canberra, Eilet Fleet United, Hawk United FC, IPSWICH United, Messha FC, Southside Soccer Studs, Southside Soccer Studs Jurior, Sydney Wolves, UNI-Kuttans, CSC Rovers, CSC United, Southern FC, Holy Trinity FC എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് 2500 ഡോളർ സമ്മാനത്തുക നല്‍കുമെന്ന് ടീം മാനേജര്‍ റോബിന്‍ ഫിലിപ്പ് അറിയിച്ചു.

2021 ഐ.പി.എല്‍ സീസണില്‍ നിന്ന് ഓസ്ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ ജോഷ് ഹേസില്‍വുഡ് പിന്മാറി

Metrom Australia April 1, 2021 SPORTS

2021 ഐ.പി.എല്‍ സീസണില്‍ നിന്ന് ഓസ്ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ ജോഷ് ഹേസില്‍വുഡ് പിന്മാറി. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായുള്ള ബയോബബ്ള്‍ സംവിധാനം പാലിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സൂപ്പര്‍കിങ്സ് അംഗമായ ഹേസില്‍വുഡിന്റെ പിന്മാറ്റം. തിരക്കേറിയ അന്താരാഷ്ട്ര മത്സരങ്ങളും 30കാരനായ ഹേസില്‍വുഡിനെ കാത്തിരിക്കുന്നുണ്ട്. അതിന് വേണ്ടി മാനസികവും ശാരീരികവുമായി ഒരുങ്ങുന്നതിന് വേണ്ടിയാണ് താരം ഐപിഎല്‍ ഒഴിവാക്കുന്നത്. 

2020 ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം ജനുവരി വരെ ബയോബബ്ള്‍ സംവിധാനത്തിന്റെ ഭാഗമായിരുന്നു ഹേസില്‍വുഡ്.  ഈ മാസം ഒന്നിന് ഇന്ത്യയില്‍ എത്തേണ്ടതായിരുന്നു താരം. വ്യത്യസ്ത സമയങ്ങളിലായി പത്ത് മാസത്തിലേറെയായി ബയോബബള്‍ സംവിധാനത്തിന് കീഴിലാണ്. ക്രിക്കറ്റില്‍ നിന്ന് വിട്ട് അടുത്ത രണ്ട് മാസം വീട്ടിലും നാട്ടിലും ചെലവഴിക്കാനാണ് താത്പര്യമെന്ന് ഹേസല്‍വുഡ് വ്യക്തമാക്കി. 2020 ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്സിനായി മൂന്ന് മത്സരങ്ങള്‍ ഹേസില്‍വുഡ് കളിച്ചിട്ടുണ്ട്.