ഐ.പി.എല്‍. ബയോ ബബിളിനെ വിമര്‍ശിച്ച് ഓസീസ് താരം ആദം സാംപ

Metrom Australia April 29, 2021 SPORTS

ഇന്ത്യയില്‍ അനുദിനം കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദേശ താരങ്ങള്‍ ഐ.പി.എല്ലില്‍ നിന്നു പിന്മാറുമ്പോള്‍ എല്ലാ സംവിധാനങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ഉറപ്പു നല്‍കുകയാണ് ബി.സി.സി.ഐ. എന്നാല്‍ ബി.സി.സി.ഐയുടെ ഉറപ്പുകള്‍ വെറും പാഴ്വാക്കാണെന്നും ഐ.പി.എല്ലിനായി ഒരുക്കിയ ബയോ സെക്യുവര്‍ ബബിള്‍ ഏറ്റവും മോശമാണെന്നും തുറന്നടിച്ചു രംഗത്ത് വന്നിരിക്കുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സില്‍ നിന്ന് പിന്മാറിയ ഓസീസ് താരം ആദം സാംപ. താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മോശം ബയോ സെക്യുവര്‍ ബബിള്‍ സംവിധാനമാണ് ഐ.പി.എല്ലിന് ഒരുക്കിയതെന്നും ശുചിത്വം തീരെയില്ലെന്നും സാംപ വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ മാധ്യമമായ സിഡ്നി മോര്‍ണിങ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് സാംപ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്. ''വളരെ കുറച്ച് ബബിളുകളാണുള്ളത്. അതുതന്നെ ഞാന്‍ കണ്ടതില്‍ വച്ചേറ്റവും മോശം. ഇന്ത്യയാണെന്ന് അറിയാം. അതിനാല്‍ത്തന്നെ കൂടെക്കൂടെ ശുചിത്വം ശ്രദ്ധിക്കണമെന്നു ഞങ്ങള്‍ പറയാറുണ്ട്. എന്നാല്‍ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു കാര്യങ്ങള്‍. ആറുമാസം മുമ്പ് ദുബായിയില്‍ നടന്ന ഐ.പി.എല്ലില്‍ മുഴുവന്‍ മത്സരങ്ങളിലും ഞങ്ങള്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. അത്ര സുരക്ഷിതത്വവും ശുചിത്വവും അനുഭവപ്പെട്ടിരുന്നു. ഈ ഐ.പി.എല്ലും അവിടെയായിരുന്നു നടത്തിയിരുന്നതെങ്കില്‍ ഞങ്ങള്‍ ടീമിനൊപ്പം തുടര്‍ന്നേനെ. പക്ഷേ എല്ലാത്തിലും രാഷ്ട്രീയമുണ്ടല്ലോ''- സാംപ പറഞ്ഞു. ഇനി ട്വന്റി 20 ലോകകപ്പും ഇന്ത്യയില്‍ നടക്കാന്‍ പോകുകയാണെന്നും അതിന്റെ ആശങ്ക ഇപ്പോഴേ തുടങ്ങിയെന്നും അത് ക്രിക്കറ്റ് ലോകത്ത് മുഴുവന്‍ ചര്‍ച്ചയാകുമെന്നും സാംപ കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് സാംപയും സഹതാരം കെയ്ന്‍ റിച്ചാര്‍ഡ്സണും ഇന്ത്യയില്‍ നിന്നു നാട്ടിലേക്കു മടങ്ങിയത്.
 

ഐപിഎല്ലില്‍: ഓസീസ്, ഇംഗ്ലണ്ട് കളിക്കാർക്കെതിരെ മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്

Metrom Australia April 28, 2021 SPORTS

ഇന്ത്യയില്‍ കോവിഡ് അനുദിനം വര്‍ധിക്കുന്നതിനിടയിലും ഐപിഎല്ലില്‍ സജീവമായി തുടരുന്ന ഇംഗ്ലീഷ്, ഓസീസ് ക്രിക്കറ്റര്‍മാര്‍ക്കെതിരെ മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. പണമാണല്ലോ രാജാവ് എന്നാണ് ഒരു ട്വിറ്റര്‍ ഉപഭോക്താവുമായി നടത്തിയ ചാറ്റില്‍ ഹോഗ് ചോദിച്ചത്. എന്നാല്‍ പോകുന്നവര്‍ക്ക് പോകാമെന്നും കളി തുടരുമെന്നുമാണ് ബിസിസിഐ അറിയിച്ചിട്ടുള്ളത്. 

ഡേവിഡ് മില്ലര്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, പാറ്റ് കമ്മിന്‍സ്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, നഥാന്‍ കൗണ്ടര്‍ നെയ്ല്‍, ജേ റിച്ചാഡ്‌സണ്‍, റിലി മെറഡിത്ത് എന്നിവരാണ് ഓസ്‌ട്രേലിയയില്‍ നിന്ന് ഐപിഎല്ലില്‍ കളിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്ന് ജോസ് ബട്‌ലര്‍, സാം കറന്‍, മുഈന്‍ അലി, ടോം കറന്‍, ഒയിന്‍ മോര്‍ഗന്‍, ഡേവിഡ് മലാന്‍, ജേസണ്‍ റോയ് എന്നിവരാണ് ഇംഗ്ലണ്ടില്‍ നിന്നുള്ളവര്‍.

അതിനിടെ, ആദം സാംബ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ആന്‍ഡ്ര്യൂ ടൈ എന്നീ വിദേശ താരങ്ങള്‍ ടൂര്‍ണമെന്റിനിടെ 'വ്യക്തിപരമായ കാരണങ്ങളാല്‍' നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. നേരത്തെ, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓസീസ്, ഇംഗ്ലണ്ട് ടീമുകള്‍ അവരുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റിവച്ചിരുന്നു. എന്നാല്‍ ഇരുരാഷ്ട്രങ്ങളിലെയും നിരവധി കളിക്കാര്‍ ഐപിഎല്ലില്‍ സജീവമായ സാഹചര്യത്തിലാണ് ബ്രാഡ് ഹോഗിന്റെ പരാമര്‍ശം.
 

NSWല്‍ മരിച്ച മലയാളിയുടെ സ്മരണയില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Metrom Australia April 28, 2021 SPORTS

കഴിഞ്ഞ വര്‍ഷം അന്തരിച്ച മെജോ വര്‍ഗീസിന്റെ ഓര്‍മ്മയ്ക്കായി പോര്‍ട്ട് മക്വാറി മലയാളികള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 2020 ഏപ്രിലില്‍ 25ന് ന്യൂ സൗത്ത് വെയില്‍സിലെ പോര്‍ട്ട് മക്വാറിയിലുള്ള മെജോ വര്‍ഗീസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പോര്‍ട്ട് മക്വാറി മലയാളികള്‍ക്കിടയില്‍ സജീവമായ ബാഡ്മിന്റണ്‍ കളിക്കാരനായിരുന്നു മെജോ. ഇദ്ദേഹത്തിന്റെ മരണാനന്തരം ഇവിടുത്തെ മലയാളി സമൂഹം ചേര്‍ന്ന് മെജോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് തുടക്കമിട്ടിരുന്നു. ക്ലബിന്റെ ആദ്യ പരിപാടിയായാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. മെജോ മരണമടഞ്ഞതിന്റെ ഒന്നാം വാര്‍ഷികമായ ഏപ്രില്‍ 25ന് പോര്‍ട്ട് മക്വാറി മലയാളികള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 

മത്സരത്തില്‍ കോഫ്‌സ് ഹാര്‍ബര്‍ ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മെജോയുടെ അഞ്ച് വയസുകാരനായ മകന്‍ ജോണ്‍സ് മെജോ വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. മെജോയുടെ സുഹൃത്തുക്കളായ സെയ്ന്‍ കാരിക്കല്‍, ഡോ റോഷന്‍ എബ്രഹാം എന്നിവരാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതെന്ന് ഷിജോ പറഞ്ഞു. മെജോയുടെ ഭാര്യ സൗമ്യ മെജോ, ഇളയ കുട്ടി ജുവല്‍, ഭാര്യാമാതാവ്, മെജോ ജോലിചെയ്തിരുന്ന യുനൈറ്റിംഗ് മിംഗലറ്റ ഏജ്ഡ് കെയറിന്റെ മാനേജര്‍ ടാര ഷെഫീല്‍ഡ്, മെജോയുടെ സുഹൃത്തും കെംപ്സി പള്ളിയിലെ വൈദികനുമായ ഫാ ജെയിംസ് ഫോര്‍സ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പോര്‍ട്ട് മക്വാറി ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന മത്സരത്തില്‍ വിവിധ നഗരങ്ങളില്‍ നിന്നുള്ള എട്ട് ടീമുകളാണ് പങ്കെടുത്തതെന്ന് മെജോയുടെ സുഹൃത്തായ ഷിജോ പി ജോസ് വ്യക്തമാക്കി. മെജോയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കായികവിനോദമായിരുന്നു ബാഡ്മിന്റണ്‍ എന്നും അതിനാലാണ് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്നും ഷിജോ പറഞ്ഞു.


 

ഇന്ത്യക്ക് സഹായവുമായി മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീയും

Metrom Australia April 28, 2021 SPORTS

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യക്ക് സംഭാവന നല്‍കിയതിന് പിന്നാലെ സഹായവുമായി മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീയും. കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവിനെതിരെ രാജ്യം പോരാടുന്നതിനാല്‍ ഇന്ത്യയിലുടനീളമുള്ള ആശുപത്രികളില്‍ ഓക്സിജന്‍ വാങ്ങാന്‍ 41 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ബിറ്റ്കോയിന്‍ ഇന്ത്യക്കായി ക്രിപ്റ്റോ റിലീഫിന് ബ്രെറ്റ് ലീ സംഭാവന നല്‍കി.

ഇന്ത്യ എല്ലായ്പ്പോഴും എനിക്ക് രണ്ടാമത്തെ വീട് പോലെയാണ്. എന്റെ ഔദ്യോഗിക ജീവിതത്തിലും വിരമിച്ച ശേഷവും ഈ രാജ്യത്തെ ജനങ്ങളില്‍ നിന്ന് എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. നിലവിലുള്ള പകര്‍ച്ചവ്യാധി മൂലം ആളുകള്‍ ദുരിതമനുഭവിക്കുന്നത് കാണുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്ന് ലീ ട്വീറ്റ് ചെയ്തു.

2021-22 സീസണില്‍ കാമറണ്‍ ഗ്രീനിന് ദേശീയ കരാര്‍ നല്‍കി ഓസ്ട്രേലിയ

Metrom Australia April 23, 2021 SPORTS

2021-22 സീസണില്‍ കാമറണ്‍ ഗ്രീനിന് ദേശീയ കരാര്‍ നല്‍കി ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കെതിരെയാണ് ഓള്‍റൗണ്ടര്‍ ആയ ഗ്രീനിന്റെ ടെസ്റ്റ് അരങ്ങേറ്റം. നാല് ടെസ്റ്റില്‍ നിന്ന് താരം 236 റണ്‍സാണ് നേടിയത്. അതിന് ശേഷം ഷെഫീല്‍ഡ് ഷീല്‍ഡില്‍ മൂന്ന് ശതകം ഉള്‍പ്പെടെ 922 റണ്‍സ് താരം നേടി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഭാവിയില്‍ പ്രധാന താരമായി മാറേണ്ട വ്യക്തിയാണ് കാമറണ്‍ ഗ്രീന്‍ എന്നാണ് ഓസ്‌ട്രേലിയന്‍ ദേശീയ സെലക്ടര്‍ ട്രെവര്‍ ഹോന്‍സ് പറഞ്ഞത്.കഴിഞ്ഞ വര്‍ഷം 20 താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കിയെങ്കില്‍ ഇത്തവണ അത് 17 ആക്കി ചുരുക്കിയിട്ടുണ്ട്. 

കേന്ദ്ര കരാര്‍ ലഭിച്ച താരങ്ങള്‍: Ashton Agar, Alex Carey, Pat Cummins, Aaron Finch, Cameron Green, Josh Hazlewood, Marnus Labuschagne, Nathan Lyon, Glenn Maxwell, Tim Paine, James Pattinson, Jhye Richardson, Kane Richardson, Steve Smith, Mitchell Starc, David Warner, Adam Zampa.