മുപ്പത്തിയാറിന്റെ നിറവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Metrom Australia Feb. 5, 2021 SPORTS

ഫുട്ബാള്‍ ലോകത്തെ ഇതിഹാസ  താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് 36-ാം പിറന്നാള്‍. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരന്‍, വ്യക്തിഗത നേട്ടങ്ങളില്‍ ഇതിഹാസം, കളിച്ച ടീമുകള്‍ക്കെല്ലാം കൈ നിറയെ കിരീടം വാങ്ങിക്കൊടുത്ത താരമാണ് ക്രിസ്റ്റ്യാനോ. ലോകത്തെ ഏറ്റവും മൂല്യമുള്ള താരം,ഏറ്റവും കരുത്തനായ കായിക താരം ഇങ്ങനെ റോണോയെ തേടിയെത്തിയ പദവികള്‍ അനവധി. അമാനുഷികമെന്ന് കരുതുന്ന പല മുഹൂര്‍ത്തങ്ങളും അയാള്‍. മൈതാനത്ത് കാഴ്ചവെച്ചു. ചാമ്പ്യന്‍സ് ലീഗ് 2017-18 സീസണിലെ ബൈസിക്കിള്‍ കിക്കും യുവന്റസിനായി സാംപ്‌ഡോറിയക്കെതിരെ നേടിയ സൂപ്പര്‍ ഹെഡ്ഡറും അതില്‍ ചിലത് മാത്രം. 36 ലും ചുറുചുറുക്കോടെ കളിക്കുന്ന റോണോക്ക് മുന്നില് റെക്കോര്‍ഡുകള്‍ വഴിമാറിക്കൊണ്ടിരിക്കുന്നു.
 

ഓസ്‌ട്രേലിയയിലെ ഐതിഹാസിക ജയം നേടിയ ടീം ഇന്ത്യയെ ബജറ്റ് പ്രസംഗത്തില്‍ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി

Metrom Australia Feb. 1, 2021 SPORTS

ന്യൂഡല്‍ഹി: ഓസ്ട്രേലിയയില്‍ ഐതിഹാസിക ടെസ്റ്റ് പരമ്പര ജയം നേടിയ ടീം ഇന്ത്യയെ ബജറ്റ് പ്രസംഗത്തില്‍ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. 'ടീം ഇന്ത്യ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നേടിയ ഉജ്ജ്വല വിജയത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ ഒരു രാജ്യം എന്ന നിലയ്ക്ക് ഞങ്ങള്‍ക്കുണ്ടായ അളവറ്റ സന്തോഷത്തെക്കുറിച്ച് സ്മരിക്കാതിരിക്കാനാവുന്നില്ല. നമ്മുടെ, പ്രത്യേകിച്ച് യുവാക്കളുടെ പ്രതിഭയും മികച്ച പ്രകടനം കാഴ്ചവെക്കാനും വിജയം നേടാനുമുള്ള അദമ്യമായ ഉത്സാഹവുമാണ് ഈ വിജയം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്- എന്ന് മന്ത്രി വ്യക്തമാക്കി. 

ഓസ്ട്രേലിയയില്‍ നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ചരിത്രം കുറിച്ചത്. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നാണകെട്ട തോല്‍വി നേരിട്ട ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ചരിത്രത്തിലാദ്യമായി ഗാബയില്‍ ജയിക്കാനും ടീം ഇന്ത്യക്കായി. ഇന്ത്യ മറ്റൊരു ടെസ്റ്റ് ജയിച്ചത് മെല്‍ബണിലാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഓസ്ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത്.
 

എന്തുകൊണ്ട് 'കങ്കാരു' കേക്ക് മുറിച്ചില്ല...

Metrom Australia Jan. 31, 2021 SPORTS

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയാഘോഷത്തില്‍ ഇന്ത്യന്‍ നായകന്‍ രഹാനെയ്ക്ക് മുറിക്കാനായി കങ്കാരു കേക്ക് തയ്യാറാക്കിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, ഈ കേക്ക് മുറിക്കാന്‍ ഇന്ത്യന്‍ നായകന്‍ രഹാനെ വിസമ്മതിച്ചു. എന്തുകൊണ്ട് മുറിക്കാതിരുന്നതെന്ന് വ്യക്തമാക്കുകയാണ് രഹാനെ.  ''കങ്കാരു ഓസ്‌ട്രേലിയയുടെ ദേശീയ മൃഗമാണ്. അതുകൊണ്ട് ആ കേക്ക് മുറിക്കാന്‍ എനിക്ക് തോന്നിയില്ല. നിങ്ങള്‍ വിജയികളായിരിക്കാം, ചിലപ്പോള്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ടാകും. എങ്കില്‍ പോലും നിങ്ങള്‍ നിങ്ങളുടെ എതിരാളികളെ ബഹുമാനിക്കണം. മറ്റു രാജ്യങ്ങളോടും എതിര്‍ ടീമുകളോടും നിങ്ങള്‍ ബഹുമാനം പ്രകടിപ്പിക്കണം. അതുകൊണ്ട് മാത്രമാണ് ആ കേക്ക് ഞാന്‍ മുറിക്കാതിരുന്നത്.' രാജ്യത്തേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ നല്‍കിയ സ്വീകരണത്തിന്റെ ഭാഗമായാണ് കങ്കാരു കേക്ക് മുറിക്കാന്‍ ക്യാപ്റ്റന്‍ വിസമ്മതിച്ചത്.
 

ഒരു ടെസ്റ്റ് ടീമിനേയും വില കുറച്ച്‌ കാണരുത് എന്ന് പാഠമാണ് ഇന്ത്യ നല്‍കുന്നത്: ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍

Metrom Australia Jan. 30, 2021 SPORTS

ഓസ്‌ട്രേലിയക്കെതിരായ പരമ്പര ജയത്തോടെ ഒരു ടെസ്റ്റ് ടീമിനേയും വില കുറച്ച് കാണരുത് എന്ന് പാഠമാണ് ഇന്ത്യ നല്‍കുന്നതെന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആര്‍ച്ചറുടെ പരാമര്‍ശം. 'ഓസ്‌ട്രേലിയക്കെതിരായ 2-1ന്റെ ജയത്തോടെ ഒരു ടെസ്റ്റ് ടീമിനേയും വില കുറച്ച് കാണരുത് എന്ന് പാഠമാണ് ഇന്ത്യ നല്‍കുന്നത്. ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങളും തങ്ങളുടേതായ സംഭാവന നല്‍കി എന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. ഈ ഇന്നിംഗ്‌സില്‍ ഈ താരമാണ് മികവ് കാണിച്ചത് എങ്കില്‍ അടുത്ത ഇന്നിംഗ്‌സില്‍ മറ്റൊരു താരമായിരുന്നിരിക്കും. ' ആര്‍ച്ചര്‍ പറഞ്ഞു.

'ഇവിടെ ഐ.പി.എല്ലില്‍ ഞാന്‍ ഒരുപാട് കളിച്ചിട്ടുണ്ട്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് പോലെയല്ല അത്. അതിനാല്‍ തന്നെ റെഡ് ബോള്‍ എറിയുമ്പോഴുള്ള വെല്ലുവിളി അവിടെയുണ്ട്. ഐ.പി.എല്ലില്‍ ബാറ്റ്‌സ്മാന്മാര്‍ നമ്മളിലേക്ക് വരും. എന്നാല്‍ ടെസ്റ്റില്‍ ഒരു സെഷന്‍ മുഴുവന്‍ വേണമെങ്കില്‍ അവര്‍ നിന്ന് കളിക്കും. ഞങ്ങളുടെ സംഘത്തിലും മികച്ച സ്പിന്നര്‍മാരുണ്ട്. അതിനാല്‍ ഞങ്ങളെ കുഴക്കി എറിയാന്‍ ഇന്ത്യക്ക് കഴിയില്ല.' ഫെബ്രുവരി 5 ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്.
 

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ച് ടെന്നീസ് ചാമ്പ്യന്‍ നോവാക് ജോക്കോവിച്ച്

Metrom Australia Jan. 29, 2021 SPORTS

അഡ്‌ലെഡ്: ഹോട്ടല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനു  ശേഷം ഐസൊലേഷനിലെ താമസം മികച്ചതാക്കിയതിന് ലോക ഒന്നാം നമ്പര്‍ ടെന്നീസ് ചാമ്പ്യന്‍ നോവാക് ജോക്കോവിച്ച് പോലീസിനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞു. 70 ഓളം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരാര്‍ത്ഥികള്‍ക്കായി ടെന്നീസ് ഓസ്ട്രേലിയക്ക്  ആറ് ഡിമാന്‍ഡുകളുടെ ഒരു ലിസ്റ്റ് അയച്ചതിന്  ടെന്നീസ് ചാമ്പ്യന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തിരിച്ചടി നേരിട്ടിരുന്നു. എല്ലാ മുറികളിലും ഫിറ്റ്നെസ്, പരിശീലനം എന്നിവ നേടുന്നതിനുള്ള മികച്ച അഭ്യര്‍ത്ഥനകള്‍, മികച്ച നിലവാരമുള്ള ഭക്ഷണടക്കമുള്ള കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയായിരുന്നു കത്ത്.  മറ്റ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരാര്‍ത്ഥികളെ സഹായിക്കാനുള്ള ആഗ്രഹമാണ് തന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്ന് പിന്നീട്   ജോക്കോവിച്ച് വ്യക്തമാക്കി. അതേസമയം  ക്വാറന്റൈന്‍ വേളയില്‍  സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായെങ്കിലും  മറ്റ് കളിക്കാര്‍ക്കൊപ്പം പാര്‍ക്കില്‍ നടന്നിരുന്നത്  ആസ്വദിച്ചതായും ജോക്കോവിച്ച് പറഞ്ഞു.