രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് മറികടന്ന് ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍

Metrom Australia Feb. 25, 2021 SPORTS

ഡ്യൂന്‍ഡിന്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20യിലെ വെടിക്കെട്ടോടെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് മറികടന്ന് ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തുന്ന ബാറ്റ്സ്മാന്‍ എന്ന നേട്ടം ഗപ്റ്റില്‍ സ്വന്തമാക്കി. 96 മത്സരങ്ങളില്‍ നിന്ന് 132 സിക്സുകള്‍ എന്ന നേട്ടത്തിലാണ് രോഹിത്തിനെ ഗപ്റ്റില്‍ പിന്നിലേക്ക് മാറ്റി നിര്‍ത്തിയത്. ഓസീസിന് എതിരെ രണ്ടാം ടി20യില്‍ 50 പന്തില്‍ നിന്ന് 97 റണ്‍സ് ആണ് ഗപ്റ്റില്‍ അടിച്ചെടുത്തത്. പറത്തിയത് എട്ട് സിക്സും ആറ് ഫോറും. 

108 ടി20യില്‍ നിന്ന് 127 സിക്സ് ആണ് രോഹിത്തിന്റെ പേരിലുള്ളത്. 97 കളിയില്‍ നിന്ന് 113 സിക്സുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗനാണ് ഇവിടെ മൂന്നാം സ്ഥാനത്ത്. 107 സിക്സുമായി മണ്‍റോ നാലാമതും, 105 സിക്സുമായി ക്രിസ് ഗെയ്ല്‍ അഞ്ചാമതും നില്‍ക്കുന്നു. 58 കളിയില്‍ നിന്നാണ് ഗെയ്ലിന്റെ 105 സിക്സുകള്‍ എന്നതും ശ്രദ്ധേയമാണ്.

ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വീണ്ടും പാഡണിയുന്നു

Metrom Australia Feb. 11, 2021 SPORTS

നീണ്ട ഇടവേളക്ക് ശേഷം ഇതിഹാസ താരങ്ങള്‍ വീണ്ടും ക്രീസിലിറങ്ങുന്നു. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20യുടെ ഭാഗമായാണ് ഇതിഹാസ താരങ്ങള്‍ ഒരിക്കല്‍ കൂടി ബാറ്റ് എടുക്കുന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും മുത്തയ്യ മുരളീധരനുമടക്കം മാര്‍ച്ച് രണ്ട് മുതല്‍ 21 വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഭാഗമാകും. വീരേന്ദര്‍ സെവാഗ്, ബ്രയാന്‍ ലാറ, ബ്രെറ്റ് ലീ, ദില്‍ഷാന്‍ എന്നിവരുള്‍പ്പെടെ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നാണ് കളിക്കാരെത്തുക.
 
റായ്പൂരിലെ പുതുതായി നിര്‍മിച്ച രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍. റോഡ് സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 65000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് സ്റ്റേഡിയത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 

ഗോള്‍ഡ് കോസ്റ്റ് ഓള്‍ ഓസ്‌ട്രേലിയ സെവൻസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 17 ന്

Metrom Australia Feb. 10, 2021 SPORTS

ഗോള്‍ഡ് കോസ്റ്റ് സ്റ്റോംസ്സിന്റെ നേതൃത്വത്തില്‍ ഓള്‍ ഓസ്‌ട്രേലിയ സെവൻസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 17 ന് Gold Coast Sports Precinctല്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 250 ഡോളറാണ്. ടൂര്‍മമെന്റിലെ ജേതാക്കള്‍ക്ക് 2500 ഡോളര്‍ സമ്മാനതുക സ്വന്തമാവുന്നതാണ്. അതേസമയം $1000, $500, $250 സമ്മാനതുകകള്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തെത്തുന്ന ടീമിന് ലഭിക്കും. അല്‍റോ കണ്‍സ്ട്രക്ഷന്‍, പംകിന്‍, ലോണ്‍ ഹൗസ് ലെന്‍ഡിങ്ങ്‌ സൊലൂഷന്‍, ജെനുവിന്‍ സോളാര്‍, ഫ്‌ളൈ വേള്‍ഡ് മൈഗ്രേഷന്‍ ആന്റ് ലീഗല്‍ സര്‍വീസ് അടക്കമാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. അതോടൊപ്പം കുടുംബത്തിനും കുട്ടികള്‍ക്കുമായി വിനോദ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: തോമസ്: 0449880672, റോബിന്‍: 0457681222
Venue: Gold Coast Sports Precinct, Nerang Broadbeach Rd, CARRARA-QLD 4211

സ്മിത്തിന് അലന്‍ ബോര്‍ഡര്‍ മെഡല്‍; മൂണിയ്ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ്

Metrom Australia Feb. 7, 2021 SPORTS

സ്റ്റീവ് സ്മിത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ മെഡല്‍. പാറ്റ് കമ്മിന്‍സിനെ പിന്തള്ളിയാണ് സ്മിത്തിന്റെ നേട്ടം. 126 വോട്ടുകള്‍ സ്മിത്തിന് ലഭിച്ചപ്പോള്‍ പാറ്റ് കമ്മിന്‍സിന് 114 വോട്ടാണ് ലഭിച്ചത്. ഓസ്‌ട്രേലിയന്‍ പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ച് 97 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി. ബെത്ത് മൂണിയ്ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ് ലഭിച്ചു. ഇത് സ്മിത്തിന്റെ മൂന്നാമത്തെ അലന്‍ ബോര്‍ഡര്‍ മെഡല്‍ ആണ്. റിക്കി പോണ്ടിംഗിനും മൈക്കല്‍ ക്ലാര്‍ക്കിനും ഈ മെഡല്‍ നാല് തവണ കിട്ടിയിരുന്നു. ഈ വര്‍ഷത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഏകദിന താരമായും തിരഞ്ഞെടുക്കപ്പെട്ടത് സ്റ്റീവ് സ്മിത്തായിരുന്നു.

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്: ചെന്നൈയിൽ ഹൃദയം കീഴടക്കി കോലി

Metrom Australia Feb. 6, 2021 SPORTS

ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹൃദയങ്ങള്‍ കീഴടക്കിയ മുഹൂര്‍ത്തങ്ങള്‍. കളിക്കിടെ പേശിവലിവ് അനുഭവപ്പെട്ട ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് സഹായവുമായി ഓടിയെത്തിയാണ് ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട്  കോലി കാണിക്കളുടെ ഹൃദയങ്ങള്‍ കീഴടക്കിയത്.  87-ാം ഓവറിലാണ് റൂട്ട് പേശിവലിവു മൂലം വേദന കൊണ്ട് പുളഞ്ഞ് കളത്തില്‍ കിടന്നത്. ഉടന്‍ തന്നെ കോലി അടുത്തെത്തി കാല്‍ മുകളിലേക്ക് ഉയര്‍ത്തി നിവര്‍ത്തിപ്പിടിച്ച് സഹായിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ബിസിസിഐ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്നാണ് ബിസിസിഐ ഇതിന് ഹാഷ്ടാഗ് നല്‍കിയത്. കളത്തില്‍ പൊതുവെ ആക്രമണാത്മക സ്വഭാവം കൊണ്ട് പേരു കേട്ട നായകന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് അടയാളപ്പെടുന്ന വേളയായി അതു മാറി.

തന്റെ നൂറാം ടെസ്റ്റിനിറങ്ങിയ റൂട്ട് സെഞ്ച്വറി (128*) നേടി. റൂട്ടിന്റെ സെഞ്ച്വറി മികവില്‍ ആദ്യ ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഓപണര്‍ ഡോം സിബ്ലി അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി ബുംറ രണ്ടു വിക്കറ്റും അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.