2007ലെ ഇന്ത്യയുടെ ടി20 വിജയം അഭ്രപാളിയിലേക്ക്

Metrom Australia Nov. 21, 2021 SPORTS

2007 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 വിജയം സിനിമയാകുന്നു. 'ഹഖ് സേ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്റർ പുറത്തിറങ്ങി. സൗഗത് ഭട്ടാചാര്യ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലണ്ടൻ ആസ്ഥാനമായ വൺ വൺ സിക്‌സ് നെറ്റ്‌വർക്ക്‌ ലിമിറ്റഡാണ്. ഒടിടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. സലിം-സുലൈമാൻ സഖ്യം സംഗീതം നിർവഹിക്കും. ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന മലയാളി പേസർ ശ്രീശാന്ത് ഫേസ്ബുക്കിൽ സിനിമയുടെ പോസ്റ്റർ പങ്കുവച്ചു. 

എംഎസ് ധോണി ആദ്യമായി ഇന്ത്യൻ ടീം ക്യാപ്റ്റനാവുന്നതും ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ടി20 ലോകകപ്പിലായിരുന്നു. പാകിസ്താനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ ജയിച്ച് സൂപ്പർ എട്ടിലെത്തിയ ഇന്ത്യ ന്യൂസീലൻഡിനെതിരെ തോറ്റുതുടങ്ങി. പിന്നീട് ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും തോല്പിച്ച ഇന്ത്യ സെമിയിലേക്ക് മുന്നേറി. ടൂർണമെന്റിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് യുവരാജിന്റെ ഒരു ഓവറിൽ ആറ് സിക്സ് പിറന്നത്. സെമിയിൽ ഓസ്‌ട്രേലിയയെ കീഴടക്കിയ ഇന്ത്യ ഫൈനലിലെത്തി. അഞ്ച് റൺസിന് പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്.

ഷമിയ്ക്ക് പിന്തുണയുമായി സച്ചിനും രാഹുൽ ഗാന്ധിയും

Metrom Australia Oct. 26, 2021 POLITICS , SPORTS

ന്യൂഡല്‍ഹി: പാകിസ്ഥാനോടുള്ള തോല്‍വിക്ക് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നമ്മള്‍ ഇന്ത്യയെ പിന്തുണയ്ക്കുമ്പോള്‍ ടീമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരെയുമാണ് പിന്തുണയ്ക്കുന്നതെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. താന്‍ ഇന്ത്യന്‍ ടീമിനും ഷമിക്കും പിന്നില്‍ നിലകൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു.

‘നമ്മള്‍ ഇന്ത്യയെ പിന്തുണയ്ക്കുമ്പോള്‍, ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരെയുമാണ് പിന്തുണയ്ക്കുന്നത്. മുഹമ്മദ് ഷമി ഒരു ലോകോത്തര ബൗളറാണ്. ഏത് കായിക താരത്തിനും ഉണ്ടാകാവുന്ന ഒരു മോശം ദിവസം അദ്ദേഹത്തിനുണ്ടായി. ഞാന്‍ ഇന്ത്യന്‍ ടീമിനും ഷമിക്കും പിന്നില്‍ നിലകൊള്ളുന്നു,’ സച്ചിന്‍ ട്വീറ്റ് ചെയ്തു.

ടി-20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഷമിയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണങ്ങളായിരുന്നു നടക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നൊരോപിച്ചാണ്  സൈബര്‍ ആക്രമണം. 18ാം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഷമിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് ഷമിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സച്ചിനും എത്തിയത്.  

സച്ചിനെ കൂടാതെ രാഹുല്‍ ഗാന്ധിയും ഷമിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഷമിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘മുഹമ്മദ് ഷമി, ഞങ്ങളെല്ലാവരും നിന്നോടൊപ്പമുണ്ട്. ഇവരുടെ മനസ്സില്‍ നിറയെ വെറുപ്പും വിദ്വേഷവുമാണ്, കാരണം ആരും അവരെ സ്‌നേഹിക്കുന്നില്ല. അവരോട് ക്ഷമിക്കൂ,’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതേസമയം ഷമിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് മുന്‍ ഇന്ത്യൻ താരങ്ങളായ വീരേന്ദര്‍ സേവാഗും ഇര്‍ഫാന്‍ പത്താനും നേരത്തെ രംഗത്തെത്തിയിരുന്നു.

ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ വിറപ്പിച്ച് സ്കോട്ട്ലാലാൻഡ്

Metrom Australia Oct. 18, 2021 SPORTS

ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച്  ക്രിക്കറ്റ് മേല്‍വിലാസമില്ലാത്ത സ്കോട്ട്ലാന്‍ഡ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ആറ് റണ്‍സിനായിരുന്നു സ്കോട്ടിഷ് പടയുടെ വിജയം. ഓൾറൗണ്ട് പ്രകടനം നടത്തിയ ക്രിസ് ഗ്രീവ്സാണ് സ്കോട്ട്ലാന്‍ഡിന് മനോഹര വിജയം സമ്മാനിച്ചത്. അദ്ദേഹം തന്നെയാണ് കളിയിലെ താരവും. 

ടോസ് നേടിയ ബംഗ്ലാദേശ് സ്‌കോട്ട്‌ലാൻഡിനെ ബാറ്റിങിനയക്കുകയായിരുന്നു. ചെറിയ സ്‌കോറിന് സ്‌കോട്ട്‌ലാൻഡിനെ ഒതുക്കി കളി വേഗത്തിൽ തീർക്കാമെന്നായിരുന്നു ബംഗ്ലാദേശിന്റെ കണക്കുകൂട്ടൽ. എന്നാൽ എല്ലാം തെറ്റിച്ച് 20 ഓവറിൽ സ്‌കോട്ട്‌ലാൻഡ് നേടിയത് 140 എന്ന പൊരുതാവുന്ന സ്‌കോർ. ഒമ്പത് വിക്കറ്റ് മാത്രമെ ബംഗ്ലാദേശിന് വീഴ്ത്താനായുള്ളൂ. 53 റൺസെടുക്കുന്നതിനിടെ സ്‌കോട്ട്‌ലാൻഡിന്റെ ആറ് വിക്കറ്റ് വീഴ്ത്തിയെങ്കിലും പിന്നീട് ക്രിസ് ഗ്രീവ്‌സും മാർക്ക് വാറ്റും ചേർന്നാണ് സ്‌കോട്ട്‌ലാൻഡിനെ കരകയറ്റിയത്. ഗ്രീവ്‌സ് 28 പന്തുകളിൽ നിന്ന് 45 റൺസ് നേടി. നാല് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഗ്രീവ്‌സിന്റെ ഇന്നിങ്‌സ്. മാർക്ക് വാറ്റ് 22 റൺസ് നേടി. 17 പന്തുകളിൽ നിന്ന് രണ്ട് ബൗണ്ടറി സഹിതമായിരുന്നു വാറ്റിന്റെ ഇന്നിങ്‌സ്. വാലറ്റവും ചേർന്നതോടെ സ്‌കോട്ട്‌ലാൻഡ് സ്‌കോർ 140 കടന്നു. ബംഗ്ലാദേശിനായി മെഹദി ഹസൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ, പതിനെട്ട് റൺസിനിടെ ബംഗ്ലാദേശിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഷാക്കിബ് അൽഹസനും മുശ്ഫിക്കുറഹീമും അൽപനേരം പിടിച്ചു നിന്നെങ്കിലും ക്രിസ് ഗ്രീവിസിന്റെ 2 വിക്കറ്റ് പ്രകടനം. അവസാന ഓവറുകളിലെ മികച്ച ഫീൾഡ് കൂടി ചേർന്നപ്പോൾ ബംഗ്ലാദേശിനെ സ്കോട്ട്ലൻഡ് കൂടാരം കേറ്റി. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുക്കാനെ ബംഗ്ലാദേശിന് ആയുള്ളൂ. 38 റൺസെടുത്ത മുഷ്ഫിഖുർ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. മൂന്ന് ഓവറിൽ 19 റൺസ് വിട്ടുകൊടുത്തായിരുന്നു ക്രിസ് ഗ്രീവ്‌സിന്റെ പ്രകടനം.

ഇന്ത്യയുടെ പുതിയ ലോകകപ്പ് ജേഴ്സി അണിഞ്ഞു വിസ്മയമായി ബുര്‍ജ് ഖലീഫ

Metrom Australia Oct. 15, 2021 SPORTS

ദുബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. കടുംനീല നിറത്തിലുളള ഇന്ത്യയുടെ പുതിയ ജേഴ്സിയാണ് ബുര്‍ജ് ഖലീഫയെ നീലമയമാക്കിയത് . ചരിത്രനിമിഷമാണിതെന്ന് വിശേഷിപ്പിച്ച ബിസിസിഐ വീഡിയോ പങ്കുവെച്ചു.ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സി ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

 ടീം കിറ്റ് സ്പോൺസർമാരായ എംപിഎൽ ഇന്നലെയാണ് കടും നീലനിറത്തിലുള്ള ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തുവിട്ടത്.ജേഴ്‌സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും, ഇരുവശങ്ങളിലും കുങ്കുമ നിറത്തില്‍ കട്ടിയുള്ള ബോര്‍ഡറും നല്‍കിയരിക്കുന്നു. ഇന്ത്യന്‍ ആരാധകര്‍ക്കുള്ള സമ്മാനമാണ് പുതിയ ജേഴ്‌സി. ടീമിനെ കാലങ്ങളായി പിന്തുണക്കുന്ന ആരാധര്‍ക്ക് കടപ്പാട് അറിയിക്കുന്ന രീതിയിലാണ് ജേഴ്‌സിയുടെ ഡിസൈന്‍.

ഓവലിൽ ചരിത്രം തിരുത്തി ഇന്ത്യ; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് കോഹ്ലിപ്പട

Metrom Australia Sept. 7, 2021 SPORTS

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 157 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ 210 റണ്‍സിന് പുറത്തായി. 157 റണ്‍സ് ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. സ്കോര്‍: ഇന്ത്യ 191, 466, ഇംഗ്ലണ്ട് 290,210.

1971ൽ അജിത് വഡേക്കറും സംഘവും നേടിയ വിജയത്തിനുശേഷം ഓവലിൽ ഒരു ജയം എന്നത്  ഇന്ത്യയ്ക്ക് സ്വപ്‌നമായിരുന്നു. അതാണ് ഇപ്പോൾ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ രോഹിത് ശർമയും ഷർദുൽ താക്കൂറും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമെല്ലാം ചേർന്ന് തിരുത്തിക്കുറിച്ചിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സിലെ വിസ്മയകരമായ തിരിച്ചുവരവിലൂടെ ഇന്ത്യ ഉയർത്തിയ 368 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര 210 റൺസിന് കൂടാരം കയറി. ഓവലിലെ രണ്ടാം വിജയമാണ് കോഹ്ലിപ്പട നേടിയത്.