വിജയസാധ്യതയുണ്ടായിരുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയോട് സമനില വഴങ്ങിയതിനു പിന്നാലെ, ഓസ്ട്രേലിയൻ ടീമംഗങ്ങളുടെ ഗ്രൗണ്ടിലെ പെരുമാറ്റത്തിനെതിരെ വിമർശനം ശക്തമാകുന്നു. ഇന്ത്യൻ താരം ആർ അശ്വിനോട് മോശം വാക്കുകൾ ഉപയോഗിച്ചതിന് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ മാപ്പു പറഞ്ഞു. ഓസ്ട്രേലിയയുടെ കൈയിൽ നിന്ന് വിജയം തട്ടിത്തെറിപ്പിച്ച ഇന്ത്യൻ താരം ആർ അശ്വിനോട് നടത്തിയ പരാമർശങ്ങൾക്കാണ് ടിം പെയ്ൻ മാപ്പു പറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ അപ്രതീക്ഷിതമായി വാർത്താ സമ്മേളനത്തിനെത്തിയ ടിം പെയ്ൻ അശ്വിനോട് മാപ്പു പറഞ്ഞു. “ഇന്നലെ നടന്ന സംഭവങ്ങൾക്ക് ഞാൻ മാപ്പു പറയുന്നു” ടിം പെ്ൻ പറഞ്ഞു. “എന്റെ നേതൃത്വം മികച്ചതായിരുന്നില്ല. മത്സരത്തിന്റെ സമ്മർദ്ദം എന്നെ ബാധിച്ചു. എന്റെ മനസിനെയും എന്റെ പ്രകടനത്തെയും ബാധിച്ചു.” പെയ്ൻ വ്യക്തമാക്കി.
128 പന്തിൽ 39 റൺസെടുത്ത അശ്വിനും, 161 പന്തിൽ 23 റൺസെടുത്ത ഹനുമ വിഹാരിയും ചേർന്ന് അഞ്ചാം ദിവസത്തിന്റെ അവസാന സെഷൻ ഇന്ത്യയുടെ സ്വന്തമാക്കിയിരുന്നു. വിക്കറ്റ് വിട്ടുനൽകാത്ത ഇവരുടെ പ്രകടനത്തിനിടെ, അശ്വിനെ “ഡിക്ക്ഹെഡ്” എന്ന് ടിം പെയ്ൻ വിളിക്കുന്ന ശബ്ദം സ്റ്റംപ് ക്യാമറ വഴിയാണ് പുറത്തുവന്നത്. അതിരൂക്ഷമായ വിമർശനമാണ് ഇതിന്റെ പേരിൽ പെയ്നെതിരെ ഉയർന്നത്. മുൻ ഓസ്ട്രേലിയൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രൂക്ഷമായ ഭാഷയിൽ പെയ്നെ വിമർശിച്ചു. ഈ സംഭവത്തിന് ശേഷം അശ്വിന്റെ ഒരു ക്യാച്ച് വിട്ടുകളയുകയും ചെയ്തിരുന്നു.
ഈ മത്സരത്തിൽ രണ്ടാം തവണയാണ് ടിം പെയ്ൻ കുഴപ്പത്തിലാകുന്നത്. അംപയർക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ച ടിം പെയ്നിന് നേരത്തേ മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയിരുന്നു.
എന്നാൽ സിഡ്നി ടെസ്റ്റിൽ പെയ്നിനൊപ്പം വിവാദത്തിലായിരിക്കുന്നത് മുൻ ക്യാപ്റ്റൻ സ്മിത്തും കൂടിയാണ്.രണ്ടാമിന്നിംഗ്സിൽ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത്, ഫീൽഡിംഗിനിടെയുള്ള പെരുമാറ്റത്തിലൂടെയാണ് വിവാദത്തിലായത്.ഇന്ത്യൻ ബാറ്റ്സ്മാൻ റിഷഭ് പന്തിന്റെ ക്രീസിലെ ഗാർഡ് (എവിടെ നിൽക്കണം എന്ന് ബാറ്റ്സ്മാൻ ക്രീസിൽ രേഖപ്പെടുത്തുന്നത്) സ്റ്റീവ് സ്മിത്ത് മായ്ച്ചുകളയുന്ന ദൃശ്യങ്ങൾ സ്റ്റംപ് ക്യാമറയിൽ പതിഞ്ഞിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രം സാൻഡ് പേപ്പർ വിവാദത്തിൽ കുടുങ്ങിയ സ്മിത്തിൽ നിന്ന് വീണ്ടും ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല എന്ന് നിരവധി മുൻ താരങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ സ്റ്റീവ് സ്മിത്ത് ബോധപൂർവം തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ടിം പെയ്ൻ ന്യായീകരിച്ചു.