ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യാ രാജേന്ദ്രന്‍

Metrom Australia Dec. 25, 2020 POLITICS

തിരുവനന്തപുരം: ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാകും. ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് 21കാരിയായ ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച് ധാരണയായി. മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രന്‍.

നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീണിരിക്കുന്നത്. പേരൂര്‍ക്കട ഡിവിഷനില്‍ നിന്ന് ജയിച്ച ജമീല ശ്രീധരന്റെ പേരാണ് മുന്‍പ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ സംഘടനാ രംഗത്തുള്ള പരിചയം ആര്യാ രാജേന്ദ്രന് തുണയാവുകയായിരുന്നു.

ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്.സി മാത്സ് വിദ്യാര്‍ഥിനിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.
 

സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ ക്രിസ്മസ് അവധിക്കുശേഷം ഹൈകോടതിയില്‍ അപ്പീല്‍ നല്‍കും

Metrom Australia Dec. 25, 2020 POLITICS

കൊച്ചി: സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്കെതിരെ അപ്പീല്‍ നല്‍കും. ക്രിസ്മസ് അവധിക്ക് ശേഷമാണ് ഇരുവരും കോടതിയെ സമീപിക്കുക. അഡ്വ. രാമന്‍ പിള്ള മുഖാന്തരമാണ് അപ്പീല്‍ നല്‍കുന്നത്.

കേസില്‍ താന്‍ നിരപരാധിയാണെന്ന് ഫാദര്‍ കോട്ടൂര്‍ വിധികേട്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ല. ദൈവത്തിന്റെ കോടതിയിലാണ് വിശ്വാസമെന്നും ഫാദര്‍ കോട്ടൂര്‍ പറഞ്ഞു. അതേസമയം, സിസ്റ്റര്‍ സെഫി പ്രതികരിക്കാന്‍ തയാറായിരുന്നില്ല.

കഴിഞ്ഞ ദിവസം സി.ബി.ഐ പ്രത്യേക കോടതി ഫാദര്‍ കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐ.പി.സി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.

അഭയ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

Metrom Australia Dec. 23, 2020 POLITICS

തിരുവനന്തപുരം: കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. കൂടാതെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർക്ക് അഞ്ച് ലക്ഷം രൂപ പിഴയും തിരുവനന്തപുരം സിബിഐ കോടതിയില്‍ ജഡ്ജി കെ.സനല്‍കുമാര്‍ വിധിച്ചു. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. മഠത്തിലേക്ക് അതിക്രമിച്ചു കടന്നതിന് ഒരു ലക്ഷം രൂപയുടെ അധികപിഴ കൂടി ഫാദര്‍ തോമസ് കോട്ടൂരിന് സിബിഐ കോടതി വിധിച്ചിട്ടുണ്ട്. പ്രതികള്‍ രണ്ട് പേരും പിഴ ശിക്ഷ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വിധി പ്രസ്താവത്തിനു മുന്‍പായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍  അന്തിമവാദം നടത്തി. കൊലക്കുറ്റം തെളിഞ്ഞതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ഫാദര്‍ കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ച് കയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അഭയവധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും പരാമവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അഭയയുടേത് ആസൂത്രിതമായ കൊലപാതകമായിരുന്നോ എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അല്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ എം. നവാസ് മറുപടി നല്‍കി. 

അഭയക്കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതവും തെളിവു നശിപ്പിലുമാണ് തെളിഞ്ഞത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. 

കേസിലെ രണ്ടു പ്രതികളും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും അദ്ദേഹത്തിന് 73 വയസ് പ്രായമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന്റെ വാദം അവസാനിച്ച ശേഷം ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ജഡ്ജിക്ക് അരികിലെത്തി അഭ്യര്‍ത്ഥിച്ചു. താന്‍ നിരപരാധിയാണെന്നും ദിവസവും 20 എം.ജി ഇന്‍സുലിന്‍ വേണമെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതിനും ചികിത്സയും മരുന്നുമുണ്ടെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയെ അറിയിച്ചു. കോട്ടൂരിന് പിന്നാലെ സിസ്റ്റര്‍ സെഫി സിബിഐ ജഡ്ജിക്ക് സമീപത്തേക്ക് വന്നു താന്‍ നിരപരാധിയാണെന്നും ക്‌നായ നിയമപ്രകാരം ഒരു വൈദികന്‍ കന്യാസ്ത്രീക്ക് പിതാവിനെ പോലെയാണെന്നും അതിനാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിസ്റ്റര്‍ സെഫി പറഞ്ഞു. തനിക്ക് രോഗികളായ മാതാപിതാക്കളുണ്ടെന്നും അവരുടെ സംരക്ഷണം തന്റെ ഉത്തരവാദിത്തമാണെന്നും സെഫി കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയ സെഫി തനിക്ക് പെന്‍ഷനുണ്ടെന്നും ആ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും പറഞ്ഞു. കോടതിമുറിയില്‍ വാദങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതെല്ലാം കണ്ണടച്ച് കേട്ടിരിക്കുകയായിരുന്നു സിസ്റ്റര്‍ സെഫി.

കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലിനെ വേണ്ടത്ര തെളിവുകളില്ലാത്തിനാല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ 8 പേര്‍ കേസില്‍ കൂറുമാറിയിരുന്നു. വിചാരണയ്ക്കിടെ കൂറുമാറിയ ഒന്നാം സാക്ഷിയായ സഞ്ചു.പി. മാത്യുവിനെതിരെ നിയമനടപടിയും സിബിഐ ആരംഭിച്ചിട്ടുണ്ട്. 

കേസിന്റെ വിധി പ്രസ്താവം കേള്‍ക്കാന്‍ വലിയ ആള്‍ക്കൂട്ടമാണ് കോടതിയില്‍ ഉണ്ടായത്. അഭിഭാഷകരും നിയമ വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും കന്യാസ്ത്രീകളും പ്രതികളുടെ ബന്ധുക്കളുമടക്കം നിരവധി പേര്‍ കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കേസിന്റെ അവസാന വിചാരണ ദിവസം കോടതി മുറിയില്‍ എത്തിയിരുന്നു. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നിര്‍ണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്.

സിസ്റ്റര്‍ അഭയ കേസില്‍ വെളിപ്പെടുത്തലുമായി ഫോട്ടോ ഗ്രാഫര്‍ ചാക്കോ വര്‍ഗീസ്‌

Metrom Australia Dec. 22, 2020 POLITICS

കോട്ടയം: സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുണ്ടായിരുന്നുവെന്ന് പൊലീസിന് വേണ്ടി ഫോട്ടോയെടുത്ത ചാക്കോ വര്‍ഗീസ്. ഈ ഫോട്ടോകളും നെഗറ്റീവുമടക്കം പിന്നീട് നശിപ്പിക്കപ്പെട്ടെന്നും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരാണ് ഫോട്ടോ നശിപ്പിച്ചതെന്നും ചാക്കോ വര്‍ഗീസ് പറയുന്നു. അഭയ കേസിലെ പ്രോസിക്യൂഷന്‍ ഏഴാം സാക്ഷിയാണ് ചാക്കോ.  1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.

പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സിബിഐ കേസ്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നാണ് മൂന്നാം സാക്ഷി രാജുവിന്റെ നിര്‍ണായക മൊഴി. പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. അഭയ കൊല്ലപ്പെട്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി സുപ്രധാന വിധി പറയുന്നത്.


 

കമല്‍ഹാസന് ‘ടോര്‍ച്ച്‌’ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Metrom Australia Dec. 16, 2020 POLITICS

വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് 'ടോര്‍ച്ച്' ചിഹ്നം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്ത് കൊണ്ടാണ് ടോര്‍ച്ച് ചിഹ്നം നിഷേധിച്ചതെന്ന കാര്യത്തില്‍ കമ്മീഷന്‍ വ്യക്തത വരുത്തിയിട്ടില്ല. അതെസമയം 234 മണ്ഡലങ്ങളില്‍ എം.ജി.ആര്‍ മക്കള്‍ കച്ചിക്ക് ബാറ്ററി ടോര്‍ച്ച് ചിഹ്നം കമ്മീഷന്‍ അനുവദിക്കുകയും ചെയ്തു. 

വിഷയത്തില്‍ ശക്തമായ വിമര്‍ശനമാണ് കമല്‍ ഹാസന്‍ ഉന്നയിച്ചത്. 'ജനാധിപത്യം രോഗാവസ്ഥയിലാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല, ബാറ്ററി ടോര്‍ച്ച് ഞങ്ങള്‍ക്ക് നിഷേധിച്ചെങ്കില്‍ ഞങ്ങള്‍ വിളക്കുഗോപുരമാകും. വിശ്വരൂപം എടുക്കാന്‍ അവര്‍ ഞങ്ങളെ പ്രേരിപ്പിക്കുകയാണ്. വിശ്വരൂപം എപ്പോള്‍ എടുക്കണമെന്ന് നിങ്ങള്‍ എന്നോട് പറയുക, ഞങ്ങള്‍ അത് ഉടനെ എടുക്കാം'; കമല്‍ ഹാസന്‍ പറഞ്ഞു.ചില സഖ്യങ്ങള്‍ തകരുമെന്നും പുതിയ സഖ്യങ്ങള്‍ ഉണ്ടാകുമെന്നും അവകാശപ്പെട്ടാണ് കമല്‍ഹാസന്റെ പ്രചാരണം. 

അതോടൊപ്പം ടി.ടി.വി ദിനകരന്റെ എ.എം.എം.കെ പാര്‍ട്ടിക്ക് പ്രഷര്‍ കുക്കറും, നാം തമിഴര്‍ കക്ഷിക്ക് കരിമ്‌ബോട് കൂടിയ കര്‍ഷകന്റെ ചിഹ്നവും അനുവദിച്ചു.