വിദ്യാര്‍ത്ഥിയുടെ ലേഖനം അധ്യാപിക കോപ്പിയടിച്ചു

Metrom Australia Feb. 25, 2021 POLITICS

മെല്‍ബണ്‍: മൊണാഷ് സര്‍വകലാശായിലെ മുതിര്‍ന്ന അധ്യാപിക അനുവാദമില്ലാതെ ഒരു വിദ്യാര്‍ത്ഥിയുടെ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പകര്‍ത്തിയതായി പരാതി. മൊണാഷ് സര്‍വകലാശാലയിലെ ഫാര്‍മകോളജി വിഭാഗത്തിലെ മുതിര്‍ന്ന അധ്യാപികയായ ഡോ. പദ്മ മൂര്‍ത്തിക്കെതിരെയാണ് ഇതേ സര്‍വകലാശാലയിലെ തന്നെ ഒരു വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ ഈ വിദ്യാര്‍ത്ഥിയുടെ ഗവേഷ ലേഖനത്തില്‍ നിന്നുള്ള ചില പ്രസക്ത ഭാഗങ്ങള്‍ വിദ്യാര്‍ത്ഥിയുടെ അറിവും സമ്മതവും ഇല്ലാതെ  പകര്‍ത്തിയതായി മൊണാഷ് സര്‍വകലാശാല കണ്ടെത്തി. അതേസമയം വിദ്യാര്‍ത്ഥിയുടെ പേരും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ കുറ്റക്കാരിയായി കണ്ടെത്തിയതോടെ 2019ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ജേര്‍ണലില്‍ നിന്ന് സര്‍വകലാശാല പിന്‍വലിക്കുകയും ചെയ്തു. 

അതേസമയം പരാതി ഉന്നയിച്ച വിദ്യാത്ഥിയുടെ പേര് കൂടി ഉള്‍പ്പെടുത്താമെന്ന വാഗ്ദാനം വിദ്യാര്‍ത്ഥി നിരസിച്ചു. അതോടൊപ്പം ലേഖനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ഇവരെക്കുറിച്ച് ഇത്തരത്തിലുള്ള മറ്റ് പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മൊണാഷ് സര്‍വകലാശാല വക്താവ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് കൗണ്‍സലിംഗ് നല്‍കിയെന്നും സര്‍വകലാശാല പറഞ്ഞു. ഡോ പദ്മ ഇപ്പോഴും മൊണാഷ് സര്‍വകലാശാലയിലെ ജീവനക്കാരിയാണ്. എന്നാല്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ഇത് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഡോ പദ്മ മൂര്‍ത്തി ദി ഏജ് ദിനപത്രത്തോട് പ്രതികരിച്ചു.
 

കോവിഡ് വൈറസ് വ്യാപനം: ചൈനയുടെ വാദം ശരിവെച്ച് ഡബ്ല്യു.എച്ച്.ഒ സംഘം

Metrom Australia Feb. 12, 2021 POLITICS

ബെയ്ജിങ്: കൊറോണ വൈറസ് രാജ്യത്തിന് പുറത്തുനിന്ന് എത്തിയതാണെന്ന ചൈനീസ് വാദം ശരിവെച്ച് ലോകാരോഗ്യ സംഘടനയുടെ അന്വേഷണ സംഘം. വൈറസ് ലാബിൽ നിന്ന് പുറത്തെത്തിയതാണെന്ന കാര്യം ഇവർ നിഷേധിച്ചു.
ലബോറട്ടറിയിൽ സൃഷ്ടിച്ചതാണെന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമില്ലെന്ന് ഡബ്ല്യു.എച്ച്.ഒ സംഘത്തലവൻ പീറ്റർ എംബാരേക് വ്യക്തമാക്കി.

അതേസമയം ശീതീകരിച്ച് എത്തിച്ച ഓസ്ട്രേലിയൻ ബീഫിൽ നിന്നാവാം കൊറോണ വൈറസിന്‍റെ ഉത്ഭവമെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഇറക്കുമതി ചെയ്ത മാംസത്തിൽ നിന്ന് തന്നെയാണോ വൈറസ് ഉത്ഭവിച്ചതെന്ന കാര്യത്തിലാണ് ഇനി കൂടുതൽ പഠനം നടത്തേണ്ടതെന്ന് ഡബ്ല്യു.എച്ച്.ഒ സംഘത്തലവൻ പറഞ്ഞു. 

ചൈനയിലെ വുഹാനിലാണ് 2019ന്‍റെ അവസാനത്തോടെ കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈനയിൽ വ്യാപകമായ ശേഷം ലോകമാകെ പടർന്നു. ചൈനയിലെ ലാബിൽ നിന്ന് പുറത്തുകടന്ന വൈറസാണ് ലോകമാകെ പടർന്നതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ, ഈ വാദം ചൈന പാടെ നിഷേധിച്ചിരുന്നു. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്നാവാം വൈറസ് ഉത്ഭവിച്ചത് എന്നാണ് ചൈനീസ് ഭരണകൂടം പറഞ്ഞത്. വുഹാനിലെ മാംസ വ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ടാണ് തുടക്കത്തിൽ വൈറസ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട്  ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ ചൈനക്ക് സഹായകമായിരിക്കുകയാണ്. അതേ സമയം ചൈനയെ വെള്ളപൂശാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

എം.വി. ജയരാജൻ തീവ്രപരിചരണ വിഭാഗത്തില്‍

Metrom Australia Jan. 25, 2021 POLITICS

കണ്ണൂര്‍: കോവിഡ് ബാധിതനായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം.  കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ആയതോടെ ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ്പ് ഓക്‌സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്. വൈകിട്ട് മൂന്നോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.അനില്‍ സത്യദാസ്, ഡോ. സന്തോഷ് എന്നിവര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജിലെത്തി ജയരാജനെ പരിശോധിക്കും. ഒരാഴ്ച മുമ്പാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോവിഡ് ബാധിച്ചത്.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘവും പരിശോധന നടത്തിയിരുന്നു. ശ്വാസകോശവിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ എം അനന്തന്‍, അനസ്‌തേഷ്യ വിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ പിഎംഎ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധ പരിശോധനയ്ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. 

മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സിപിഎം നേതാവ് എം.വി.ഗോവിന്ദന്‍ രാവിലെ ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.

ട്വിറ്റര്‍ പ്രതിനിധികളെ ചോദ്യം ചെയ്ത് പാര്‍ലമെന്‍ററി സമിതി

Metrom Australia Jan. 22, 2021 POLITICS

ഡല്‍ഹി: പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ ഹാജരായ ട്വിറ്റര്‍ പ്രതിനിധികളെ വിവിധ വിഷയങ്ങളില്‍ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്ററി സമിതി ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടി. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലെ അംഗങ്ങളാണ് ട്വിറ്റര്‍ പ്രതിനിധിയെ നിര്‍ത്തിപ്പൊരിച്ചത്. ഫേസ്ബുക്ക് പ്രതിനിധികളുമായി സമിതി ആശയവിനിമയം നടത്തി. ഡാറ്റകളുടെ ദുരുപയോഗം ചെയ്യല്‍, ഡിജിറ്റല്‍ ഇടങ്ങളിലെ സ്ത്രീ സുരക്ഷ, പൗരന്റെ അവകാശസംരക്ഷണം എന്നീ വിഷയങ്ങളിലുള്ള ചോദ്യമാണ് ഫേസ്ബുക്ക് പ്രതിനിധിയോട് സമിതി ആരാഞ്ഞത്. എങ്ങനെയാണ് ഒരു രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയുടെ അക്കൌണ്ട് ബ്ലോക്ക് ചെയ്യുകയെന്നതായിരുന്നു പ്രധാന ചോദ്യങ്ങളിലൊന്ന്. 

കഴിഞ്ഞ നവംബറിലായിരുന്നു ട്വിറ്റര്‍ അമിത് ഷായുടെ അക്കൌണ്ട് ബ്ലോക്ക് ചെയ്തത്. പകര്‍പ്പവകാശ ലംഘനമായിരുന്നു ഇതിന് കാരണമെന്നും അക്കൗണ്ട് ഉടന്‍ തന്നെ പുനസ്ഥാപിച്ചിരുന്നെന്നും ട്വിറ്റര്‍ പ്രതിനിധി സമിതിയ്ക്ക് മുന്നില്‍ വിശദമാക്കി. ഇന്ത്യയുടെ മാപ്പ് പ്രസിദ്ധപ്പെടുത്തിയതിലെ പിശകും സമിതി  മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് ചൂണ്ടിക്കാണിച്ചു. ട്വിറ്ററിന്റെ ഫാക്ട് ചെക്കിംഗ് സംവിധാനത്തേക്കുറിച്ചും സമിതിയിലെ ബിജെപി പ്രതിനിധികള്‍ ചോദിച്ചു. ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള നടപടി മാത്രമാണ് ഫാക്ട് ചെക്ക് ഫ്‌ലാഗിങ് എന്നാണ് ട്വിറ്റര്‍ സമിതിയോട് വിശദമാക്കിയത്. ട്വിറ്ററിന്റെ വിശദീകരണത്തില്‍ സമിതി അംഗങ്ങള്‍ പൂര്‍ണ തൃപ്തരല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 

ബൈഡനെ പരാമര്‍ശിക്കാതെ പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് ട്രംപ് പടിയിറങ്ങി

Metrom Australia Jan. 20, 2021 POLITICS

പുതിയ ഭരണത്തിന് ആശംസകള്‍ നേര്‍ന്ന് ഡോണള്‍ഡ് ട്രംപ് പടിയിറങ്ങി. വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്റെ പേര് പരാമര്‍ശിക്കാതെയാണ് പുതിയ ഭരണത്തിന് ആശംസ നേര്‍ന്നത്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ന് വൈറ്റ് ഹൌസില്‍ ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങ് കാണാന്‍ നില്‍ക്കാതെ ട്രംപ് ഫ്‌ലോറിഡയിലേക്ക് തിരിച്ചുപോയേക്കും. സ്വന്തം വസതിയിലേക്കാണ് മാറുന്നത്. ഇവിടെയുള്ള സ്വകാര്യവസതി ക്ലബ് ആക്കി മാറ്റിയതിനെതിരെ നാട്ടുകാരുടെ പരാതി നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹം അങ്ങോട്ട് മാറുന്നത്.

അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാനമായി കമല ഹാരിസ് രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്യും.