ഇന്ന് കര്‍ഷക സമര കേന്ദ്രങ്ങളുടെ ചുമതല സ്ത്രീകള്‍ക്ക്

Metrom Australia March 8, 2021 POLITICS

വനിതാ ദിനമായ ഇന്ന് കര്‍ഷക സമര കേന്ദ്രങ്ങളുടെ ചുമതല സ്ത്രീകള്‍ ഏറ്റെടുക്കും. മഹിളാ കിസാന്‍ ദിവസ് എന്ന പേരിലാണ് വനിതാ ദിനം കര്‍ഷക സംഘടനകള്‍ ആചാരിക്കുന്നത്. 
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സംഘടനകളിലും നിന്നും എത്തിയ വനിതകള്‍ സമര കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധം അറിയിക്കാന്‍ പഞ്ചാബില്‍ നിന്ന് കൂടുതല്‍ വനിതകള്‍ ഇന്ന് സമരപ്പന്തലില്‍ എത്തും. സിംഗു, തിക്രി, ഷാജഹാന്‍പുര്‍ എന്നീ സമരപ്പന്തലുകളില്‍ വനിത ദിനത്തോടനുബന്ധിച്ച് പ്രത്യക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ട്രാക്ടര്‍ മാര്‍ഗം പഞ്ചാബില്‍ നിന്ന് പുറപ്പെട്ട സ്ത്രീകള്‍ കഴിഞ്ഞ ദിവസം സമര പന്തലില്‍ എത്തിച്ചേര്‍ന്നിരുന്നു.
 

കോ​വി​ഡിന്റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ഈ ​മാ​സം പ​കു​തി​യോ​ടെ പു​റ​ത്തു​വി​ടു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Metrom Australia March 7, 2021 POLITICS

കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ച് റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധരും അടങ്ങുന്ന സംഘം കോവിഡിന്റെ ഉറവിടം തേടിയുള്ള പഠനം ജനുവരിയിലാണ് ആരംഭിച്ചത്. വുഹാനിലേക്ക് പീറ്റര്‍ ബെന്‍ എബാര്‍ക്കിന്റെ നേതൃത്വത്തിലെ സംഘമാണ് പരിശോധനയ്ക്കായി പോയത്. ലാബില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഏതെങ്കിലും മൃഗത്തില്‍നിന്നോ പക്ഷിയില്‍ നിന്നോ വ്യാപിച്ചതാണോ എന്നതിനും തെളിവില്ല. 2019ല്‍ ചൈനയില്‍ മൃഗങ്ങള്‍ക്കിടയില്‍ ഇത്തരം ഒരു വൈറസ് ബാധിച്ചിട്ടില്ലെന്നുമാണ് സംഘം പറയുന്നത്.


 

സിഡ്‌നിയില്‍ സിഖുകാരനെതിരെ ഇന്ത്യന്‍ വംശജരുടെ വംശീയ ആക്രമണം

Metrom Australia March 4, 2021 POLITICS

സിഡ്‌നി: പരമ്പരാഗത സിഖ് തലക്കെട്ടിന്റെ പേരില്‍ സിഖുകാരനെ ഇന്ത്യന്‍ വംശജര്‍ ആക്രമിച്ചെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ സിസിടിവി വീഡിയോ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച സിഡ്‌നി വെസ്റ്റിലെ ഹാരീസ് പാര്‍ക്കിലാണ് സംഭവം. ഈ ദൃശ്യങ്ങളില്‍ അതീവ ക്രൂരമായ ആക്രമണമാണ് നടന്നത് എന്നാണ് വ്യക്തമാകുന്നത്. 

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, കാറിലിരിക്കുന്ന സിഖുകാരനെതിരെ വടിയും, ബാറ്റും മറ്റുമായി ഒരു സംഘം ആക്രമിക്കുകയും കാറിന്റെ വിവിധ ഭാഗങ്ങള്‍ തല്ലിപൊളിക്കുന്നതും കാണാം. കാറിന് 10,000 ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ഓസ്‌ട്രേലിയയിലെ 7 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ കാറില്‍ നിന്നും ഈ സിഖുകാരന്‍ ഇറങ്ങിയോടിയതോടെ അക്രമി സംഘം ഇയാളെ പിന്തുടര്‍ന്ന് വീണ്ടും അക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

മുന്‍പും വംശീയ ആക്രമങ്ങള്‍ നടന്ന പ്രദേശമാണ് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം പുതിയ സംഘര്‍ഷം ഇന്ത്യൻ കർഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണക്കുന്ന പ്രദേശിക സിഖ് വിഭാഗവും, ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂലികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണ് എന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. നേരത്തെയും പ്രദേശത്തെ രണ്ട് വിഭാഗത്തിലെയും പ്രമുഖരെ വിളിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. 

തന്നെ എല്ലാഭാഗത്ത് നിന്നും ഒന്നായി ആക്രമിക്കുകയായിരുന്നു, ആരാണെങ്കിലും ഇത്തരം സന്ദര്‍ഭത്തില്‍ മരണം വരെ സംഭവിക്കാം - ആക്രമണത്തിന് ഇരയായി പേര് വെളിപ്പെടുത്താത്ത സിഖുകാരന്‍  7ന്യൂസിനോട് വെളിപ്പെടുത്തി. അതേ സമയം  ഹാരീസ് പാര്‍ക്കിലെ ആക്രമണത്തില്‍ പങ്കെടുത്തവരെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
 

ഓസ്ട്രേലിയ വംശീയവേർതിരിവ് കാണിക്കുന്നുവെന്ന് ചൈന

Metrom Australia March 4, 2021 POLITICS

ചൈനീസ്-ഓസ്ട്രേലിയന്‍ ജനതയോട് ഓസ്‌ട്രേലിയ വംശീയ വേര്‍തിരിവ് കാണിക്കുകയാണെന്നും, ഇതിനെതിരെ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. പൗരന്മാരുടെ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പത്രം ആവശ്യപ്പെടുന്നു. 

ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ  ചൈനീസ്-ഓസ്ട്രേലിയക്കാരുമായി നടത്തിയ സര്‍വേയില്‍ 18 ശതമാനം പേര്‍ ചൈനീസ് പൈതൃകം കാരണം ശാരീരികമായി ഭീഷണി നേരിടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തുവെന്ന് വ്യക്തമാക്കുന്നു. അതേസമയം 63 ശതമാനം പേര്‍ ഓസ്ട്രേലിയന്‍ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതായും ഇത് വ്യക്തമാക്കുന്നു. 

നെല്ല് സംഭരണം വൈകുന്നു; കോട്ടയത്ത് പ്രതിഷേധം

Metrom Australia March 1, 2021 POLITICS

നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കര്‍ഷകരുടെ പ്രതിഷേധം. അപ്പര്‍ കുട്ടനാടന്‍ മേഖലകളായ കല്ലറ,നീണ്ടൂര്‍,കൈപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ നെല്ല് സംഭരണമാണ് വൈകുന്നത്. നീണ്ടൂരില്‍ മില്ലുടമകള്‍ നെല്ലിന് കൂടുതല്‍ കിഴിവ് ചോദിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്‍പ്പുക്ക സ്വദേശി തോമസാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശമിച്ചത്. നെല്ലിന്റെ ഈര്‍പ്പം അളക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ശരിയായ മാര്‍ഗങ്ങള്‍ പാലിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം. മില്ലുടമകളെ സഹായിക്കാനാണിതെന്നും ഇവര്‍ പറയുന്നു.നെല്ല് സംഭരണം വൈകിപ്പിക്കുന്നതിനെതിരെ സംയുക്ത കര്‍ഷക സമിതി പാടി ഓഫീസ് ഉപരോധിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് നീണ്ടൂരില്‍ സുരേഷ് കുറുപ്പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടന്നു. ജില്ല കലക്ടറും വകുപ്പ് മന്ത്രിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.