ഝാൻസിയിൽ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്ത കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

Metrom Australia April 2, 2021 POLITICS

ഝാന്‍സിയില്‍ തീവണ്ടിയില്‍ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്ത കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാഷ്ട്രഭക്ത് സംഗതന്‍ സംഘടന പ്രസിഡന്റാണ് അന്‍ജല്‍ അര്‍ജാരിയ, ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറിയായ പര്‍ഗേഷ് അമാരിയ, എന്നിവരാണ് അറസ്റ്റിലായത്.  പിടിയിലായവര്‍ കന്യാസ്ത്രീകളോടൊപ്പം ട്രെയിനില്‍ സഞ്ചരിച്ചവരല്ലെന്നും എന്നാല്‍ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 19 നാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായത്. തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകള്‍ക്ക് നേരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്. രണ്ട് പേര്‍ സന്യാസ വേഷത്തിലും മറ്റുള്ളവര്‍ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാന്‍ ഒപ്പമുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണത്തിന് ചിലര്‍ ശ്രമിച്ചത്. തീവണ്ടിയില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു. അക്രമത്തിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് വിഷയം വാര്‍ത്തയായത്.

ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരം ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചു; ഫോട്ടോകളും വീഡിയോകളും ചോര്‍ന്നു

Metrom Australia March 24, 2021 POLITICS

കാന്‍ബറ: ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രാര്‍ത്ഥനാ മുറി എംപിമാര്‍ ലൈംഗിക ബന്ധത്തിനായി സ്ഥിരം ഉപയോഗിച്ചു എന്ന വെളിപ്പെടുത്തല്‍ ഓസീസിനെ പിടിച്ചു കുലുക്കിയിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും ചോര്‍ന്നു. വിസില്‍ബ്ലോവറാണ് വീഡിയോകളും ഫോട്ടോകളും ചോര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ പുരുഷ ജീവനക്കാര്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ലൈംഗികത്തൊഴിലാളികളെ ആവശ്യാനുസരണം പാര്‍ലമെന്റിന് അകത്തേക്ക് എത്തിച്ചിരുന്നതായും ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ ഒരു ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. രാജ്യത്തിന് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണ് സംഭവമെന്ന് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചു. സര്‍ക്കറിലെ വനിതാ ഉപദേഷ്ടാവിനെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി പ്രതിരോധത്തില്‍ നില്‍ക്കുന്ന വേളയിലാണ് പുതിയ വിവാദം ഉയരുന്നത്.
 

തമിഴ്‌നാട് സ്വദേശി ഡോ. ജഗദീഷ് കൃഷ്ണന്‍ വെസ്റ്റേൺ ഓസ്‌ട്രേലിയ പാര്‍ലമെന്റിലേക്ക്

Metrom Australia March 19, 2021 POLITICS

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയ സംസ്ഥാന പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് ഉജ്വല വിജയം. അതേസമയം ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഇന്ത്യന്‍ വംശജനും തമിഴ്നാട് സ്വദേശിയുമായ ഡോ. ജഗദീഷ് കൃഷ്ണന്‍ റിവര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ഇന്ത്യയില്‍നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത് ഓസ്ട്രേലിയയില്‍ എത്തിയ ഡോ. ജഗദീഷ്‌കൃഷ്ണന്‍ ഇവിടെ ജനറല്‍ പ്രാക്ടീഷണര്‍ (ജി.പി) കൂടിയാണ്. ഇന്ത്യക്കാര്‍ക്കിടയില്‍ മാത്രമല്ല ഓസ്‌ട്രേലിയക്കാര്‍ക്കിടയിലും വളരെയധികം പിന്തുണയുള്ള വ്യക്തിയാണ് ഡോ. ജഗദീഷ്‌കൃഷ്ണന്‍. ഡോ. ജഗദീഷ്‌കൃഷ്ണന്റെ വിജയത്തില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ മലയാളികള്‍ ഏറെ ആഹ്ളാദത്തിലാണ്.

പ്രഥമ വെര്‍ച്വല്‍ ഉച്ചകോടി നാളെ

Metrom Australia March 11, 2021 POLITICS

ക്വാഡ് നേതാക്കളുടെ  പ്രഥമ വെര്‍ച്വല്‍ ഉച്ചകോടി നാളെ നടക്കും. ക്വാഡ് രാഷ്ട്രത്തലവന്മാരായ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ചൈനയുടെ വളരുന്ന സൈനിക-സാമ്പത്തിക ശക്തിയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യവും അതിനുള്ള ശ്രമങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. കൊവിഡ്, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാവും. ഇന്തോ- പസഫിക് മേഖലയില്‍ ചൈനയെ പ്രതിരോധിക്കാനായി ജപ്പാന്‍, ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ കൂട്ടായ്മയാണ് ക്വാഡ്.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കര്‍ഷക സമരം ചര്‍ച്ചയായി; പ്രതിഷേധവുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

Metrom Australia March 9, 2021 POLITICS

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ചര്‍ച്ചയായതോടെ പ്രതിഷേധവുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇന്ത്യന്‍ വംശജന്‍ കൂടിയായ മൈദന്‍ഹെഡ് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ഗുര്‍ജ് സിങ് അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റ് 90 മിനിറ്റ് ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ സുരക്ഷ, മാധ്യമ സ്വാതന്ത്യം എന്നീ വിഷയങ്ങളിലായിരുന്നു പ്രധാന ചര്‍ച്ച. ലിബറല്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റ്‌സ്, സ്‌കോട്ടിഷ് പാര്‍ട്ടി എന്നിവയുടെ എംപിമാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ലക്ഷത്തിലധികം യു.കെ നിവാസികളാണ് അപേക്ഷയില്‍ ഒപ്പുവച്ചത്.

അതേസമയം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനെതിരേയും അതിന്റെ സ്ഥാപനങ്ങള്‍ക്കെതിരേയുമാണ് തെറ്റായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇന്ത്യ ഹൈക്കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ ചര്‍ച്ചയെ കുറ്റപ്പെടുത്തി. സംന്തുലിതമായ സംവാദത്തിനു പകരം വസ്തുതകളോ തെളിവുകളോ ഇല്ലാതെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചതിനെതിരേ ശക്തമായി അപലപിക്കുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ചര്‍ച്ചകള്‍ക്ക് അവര്‍ സാക്ഷ്യം വഹിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്യത്തിന് യാതൊരു ഭീഷണിയും നിലവിലില്ലെന്നും വിശദമാക്കി.