റൗള്‍ കാസ്ട്രോ കമ്മ്യൂണിസ്റ്റ് പാർട്ടി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു; മിഗ്യൂൽ ഡിയസ്ക്വനൽ റൗളിന്‍റെ പിൻഗാമിയാകും

Metrom Australia April 17, 2021 POLITICS

ഹവാന: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം റൗള്‍ കാസ്‌ട്രോ ഒഴിഞ്ഞു. ഇപ്പോള്‍ റൗള്‍ കാസ്‌ട്രോ സ്ഥാനം ഒഴിയുന്നതോടെ അറുപത് വര്‍ഷം നീണ്ടു നിന്ന കാസ്‌ട്രോ യുഗത്തിന് കൂടിയാണ് ക്യൂബയില്‍ അന്ത്യമാകുന്നത്. 2018ല്‍ ക്യൂബയുടെ പ്രസിഡന്റ്  സ്ഥാനം ഒഴിയുമ്പോള്‍തന്നെ മൂന്ന് വര്‍ഷത്തിനകം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റൗള്‍ കാസ്‌ട്രോ പ്രഖ്യാപിച്ചിരുന്നു. 

ഫിദല്‍ കാസ്‌ട്രോയുടെ ഇളയസഹോദരനാണ് റൗള്‍ കാസ്‌ട്രോ. 1959 മുതല്‍ 2006വരെ ഫിദല്‍ കാസ്ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍. ഫിദലിന്റെ പിന്‍ഗാമിയായാണ് റൗള്‍ ഈ സ്ഥാനം ഏറ്റെടുത്തത്. നിലവിലെ ക്യൂബന്‍ പ്രസിഡന്റായ മിഗ്യൂല്‍ ഡിയസ്‌ക്വനല്‍ റൗളിന്റെ പിന്‍ഗാമിയാകും. 

ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണന് എതിരായ ഗൂഢാലോചന സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്

Metrom Australia April 15, 2021 POLITICS

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരായ ഗൂഢാലോചന സിബിഐ അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട ജയിന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിബിഐ ഡറക്ടര്‍ക്കോ, സിബിഐ ആക്ടിറിംഗ് ഡയറക്ടര്‍ക്കോ റിപ്പോര്‍ട് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കി.   എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കും. ഇത് സിബിഐക്ക് നല്‍കുമെന്നും കോടതി വ്യക്തമാക്കി. സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും ഇതും തള്ളി. എന്നാല്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കില്ല. അടുത്ത മൂന്ന് മാസത്തിനകം സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകന്‍ പറഞ്ഞു. റിപ്പോര്‍ട് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് സിബി മാത്യൂസ് പറഞ്ഞു. എന്നാല്‍ 
റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് ഖാന്‍വീല്‍ക്കര്‍ പറഞ്ഞു.


 

വോട്ടു ചെയ്യാന്‍ സൈക്കിളിലെത്തി വിജയ്

Metrom Australia April 6, 2021 POLITICS , ART AND ENTERTAINMENT

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സൈക്കളില്‍ വോട്ട് ചെയ്യാനെത്തി തമിഴ് നടന്‍ വിജയ്. താരത്തെ കണ്ടതും ആരാധകരുടെ നിയന്ത്രണം വിട്ടു. പിന്നീട് പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.

234 മണ്ഡലങ്ങിലേക്കായി 3998 സ്ഥാനാര്‍ഥികളാണ് തമിഴ്‌നാട്ടില്‍ ഇന്ന് ജനവിധി തേടുന്നത്. എ.ഐ.ഡി.എം.കെ സഖ്യവും - ഡി.എം.കെ സഖ്യവും തമ്മിലാണ് തമിഴ്‌നാട്ടില്‍ പ്രധാന പോരാട്ടം.

കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; എല്ലായിടത്തും നീണ്ട നിര; ആദ്യ ഒന്നര മണിക്കൂറില്‍ മികച്ച പോളിങ്ങ്

Metrom Australia April 6, 2021 POLITICS

കേരള നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ മുതല്‍ വലിയ തിരക്കാണ് പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ അനുഭവപ്പെടുന്നത്. വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു.

അങ്കമാലി നിയോജക മണ്ഡലത്തിലെ കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂളില്‍ വോട്ടിംഗ് മെഷീന്‍ തകരാറായി വോട്ടിങ്ങ് തടസപ്പെട്ടു.ചെങ്ങന്നൂര്‍ പെണ്ണുക്കര യു പി സ്‌കൂള്‍ 94-ാം ബൂത്തിലെ വോട്ടിങ്ങ് യന്ത്രം തകരാറിലായി വോട്ടെടുപ്പ് തടസപ്പെട്ടു. പാണക്കാട് എം.എ ലിപ് സ്‌കൂളിലെ ബൂത്തില്‍ യന്ത്രത്തകരാര്‍ പോളിംഗ് തുടങ്ങിയതോടെയാണ് പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത്. പാണക്കാട് സാദിക്കലി തങ്ങള്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് യന്ത്രത്തകരാര്‍. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉളിയനാട് സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 67ല്‍ വോട്ടിംഗ് മെഷീന്‍ തകരാറായതിനാല്‍ വേട്ടെടുപ്പ് ആരംഭിച്ചില്ല.

കോന്നിയില്‍ വോട്ട് ചെയ്യാനെത്തിയ ആളെ പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. വോട്ടര്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മൂലമാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാത്തത്. പോസ്റ്റല്‍ വോട്ട് ചെയ്തിട്ടില്ല എന്ന് വോട്ടര്‍ തങ്കമ്മ പറഞ്ഞു. കോന്നിയിലെ 180ാം ബൂത്തിലാണ് സംഭവം. പത്തനംതിട്ടയിലെ വള്ളംകുളത്ത് വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.

തെരഞ്ഞെടുപ്പിലെ ആദ്യ ഒന്നര മണിക്കൂറില്‍ സംസ്ഥാനത്ത് 7.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ - 9.10 %, സ്ത്രീകള്‍ - 6.74%, ട്രാന്‍സ് ജെന്‍ഡര്‍- 1.72% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇക്കുറി വിധിതേടുന്നത്. 1.32 കോടി പുരുഷന്മാരും 1.41 കോടി വനിതകളും 290 ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2.74 കോടി (2,74,46,039) വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 40,771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. നക്‌സല്‍ ഭീഷണിയുള്ള ഒമ്ബത് മണ്ഡലങ്ങളില്‍ വൈകുന്നേരം ആറിന് അവസാനിക്കും. കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ്. 59,292 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവുമുണ്ട്. കേന്ദ്രസേനകളുടെ 140 കമ്ബനിയും രംഗത്തുണ്ട്. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ കനത്ത സുരക്ഷയുണ്ടാകും. വെബ്കാസ്റ്റിങ് അടക്കം സംവിധാനങ്ങളും ഏര്‍പ്പെടുത്തി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമുണ്ട്.

യു.എസ് കാപ്പിറ്റോൾ മന്ദിരത്തിന്‍റെ ബാരിക്കേഡിലേക്ക് കാർ ഇടിച്ചുകയറ്റി; ഒരു മരണം; അക്രമിയെ പൊലീസ് വെടിവെച്ചു

Metrom Australia April 3, 2021 POLITICS

യു.എസ് കാപ്പിറ്റോള്‍ മന്ദിരത്തിന്റെ ബാരിക്കേഡിലേക്ക് കാര്‍ ഇടിച്ചുകയറ്റി.  ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറില്‍ നിന്നിറങ്ങിയ അക്രമി പൊലീസുകാര്‍ക്ക് നേരെ കത്തി വീശി. പൊലീസ് അക്രമിയെ വെടിവെച്ച് വീഴ്ത്തി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇയാള്‍ മരിച്ചു. 

സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാപ്പിറ്റോളില്‍ അതീവ സുരക്ഷയും പ്രഖ്യാപിച്ചു. സുരക്ഷ ഭീഷണിയെ തുടര്‍ന്ന് കാപ്പിറ്റോള്‍ മന്ദിരം താല്‍ക്കാലികമായി അടച്ചു.