ലോകത്തിലെ ഏറ്റവും വിലയേറിയ ഷൂ: കാനി വെസ്​റ്റ്​ ഉപയോഗിച്ച​ നൈക്കിയുടെ മോഡലിന്​

Metrom Australia April 27, 2021 BUSINESS , LIFESTYLE

ലോകത്തിലെ ഏറ്റവും വിലയേറിയ ഷൂ എന്ന റെക്കോര്‍ഡ് ഇനി പ്രശസ്ത റാപ്പര്‍ ഗായകന്‍ കാനി വെസ്റ്റ് ഉപയോഗിച്ച നൈക്കിയുടെ എയര്‍ യീസി 1എസ് എന്ന മോഡലിന്. ഈ ഒരു ജോടി ഷൂ ലേലത്തില്‍ വിറ്റുപോയത് 1.8 മില്യണ്‍(ഏകദേശം 13.42 കോടി രൂപ) ഡോളറിനാണ്. അപൂര്‍വമായ അത്ലറ്റിക് പാദരക്ഷകളില്‍ നിക്ഷേപിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സ്നീക്കര്‍ നിക്ഷേപ വിപണന കേന്ദ്രമായ റെയേഴ്‌സ് ആണ് ഫൈന്‍ ആര്‍ട്‌സ് കമ്ബനിയായ സോത്തേബിയില്‍നിന്ന് ഈ ഷൂ സ്വന്തമാക്കിയത്.

2008ല്‍ നടന്ന ഗ്രാമി അവാര്‍ഡ്ദാന ചടങ്ങിലാണ് കാനി വെസ്റ്റ് ഈ ഷൂ ഉപയോഗിച്ചത്. 'ഹേ മാമ', 'സ്‌ട്രോങ്ങര്‍' എന്നീ ഗാനങ്ങളും വേദിയില്‍ വെച്ച് അദ്ദേഹം പാടിയിരുന്നു. നൈക്കിയും കാനി വെസ്റ്റും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി ഒരുക്കിയ പ്രോട്ടോടൈപ്പ് ഷൂവായിരുന്നുവത്. അതിനാല്‍ തന്നെ 2009ന് ശേഷമാണ് ഈ മോഡല്‍ വിപണിയിലെത്തുന്നത്. എന്നാല്‍ ഇതിന് മുമ്പത്തെ റെക്കോര്‍ഡ് വിലയേക്കാള്‍ മൂന്നിരട്ടിക്കാണ് ഈ ഷൂ വിറ്റത്. 2020 ആഗസ്റ്റില്‍ നൈക്കിയുടെ എയര്‍ ജോര്‍ദാന്‍ 1എസ് മോഡലിന് ലഭിച്ചത് 6,15,000 ഡോളറായിരുന്നു.

അതേസമയം നിക്ഷേപകര്‍ ഒരു കമ്പനിയില്‍ സ്റ്റോക്ക് വാങ്ങുന്നതുപോലെ വ്യക്തികള്‍ക്ക് ഒരു ജോടി ഷൂവിലും ഓഹരി വാങ്ങാന്‍ റെയേഴ്‌സ് അനുവദിക്കും.റെക്കോര്‍ഡ് വിലക്ക് വാങ്ങിയ ഷൂ സ്വന്തം പ്ലാറ്റ്‌ഫോമിലുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജൂണ്‍ 16ന് ഒരു ഓഹരിക്ക് 15-20 ഡോളര്‍ നിരക്കില്‍ ലിസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കാനി വെസ്റ്റുമായി സഹകരിക്കുന്നതിന് മുമ്പ് പ്രശസ്ത കായികതാരങ്ങളുടെ ബഹുമാനാര്‍ത്ഥം മാത്രമാണ് നൈക്കി ഷൂസിന് പേര് നല്‍കിയിരുന്നത്. 2009ല്‍ പരിമിതമായ പതിപ്പിലാണ് എയര്‍ യീസി 1 മോഡല്‍ വിപണിയിലിറക്കിയത്. തുടര്‍ന്ന് 2012ല്‍ എയര്‍ യീസി 2 മോഡല്‍ പുറത്തിറങ്ങി. 2,000 മുതല്‍ 40,000 ഡോളര്‍ വരെയായിരുന്നു ഇവയുടെ വില. അതേസമയം മുന്‍ അമേരിക്കന്‍ ഫുട്ബാള്‍ കളിക്കാരന്‍ ജെറോം സാപ്പ് മാര്‍ച്ചില്‍ ആരംഭിച്ച റെയേഴ്‌സ് സ്ഥാപനമാണിത്.
 

ലോകത്തെ സ്വാധീനിച്ച 100 വനിത നേത്രരോഗ വിദഗ്​ധരുടെ പട്ടികയില്‍ മലയാളിയും

Metrom Australia April 26, 2021 LIFESTYLE

കണ്ണൂര്‍: ലോകത്തെ സ്വാധീനിച്ച 100 വനിത നേത്രരോഗ വിദഗ്ധരുടെ പട്ടികയില്‍ ഇടംപിടിച്ച ഏക മലയാളിയെന്ന ബഹുമതി നേടിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിനിയായ ഡോ. പി.എം. ഫൈറൂസ്. 'ദി ഒഫ്താല്‍മോളജിസ്റ്റ്'എന്ന അമേരിക്കന്‍ മാസിക പവര്‍ ലിസ്‌റ്റെന്ന പേരില്‍ പുറത്തിറക്കിയ പട്ടികയിലാണ് കണ്ണൂര്‍ സ്വദേശിനിയായ ഡോ. പി.എം. ഫൈറൂസ് ഇടം നേടിയത്. അമേരിക്കയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണമാണ് ഈ മാഗസിന്‍. ഈ വര്‍ഷം ആദ്യമായാണ് മാഗസിന്‍ വനിതകളെ മാത്രം ഉള്‍പ്പെടുത്തി ലിസ്റ്റ് പുറത്തിറക്കിയത്. 

കണ്ണില്‍ അര്‍ബുദം ബാധിച്ചവരുടെ ജീവന്‍ രക്ഷിക്കുന്നതിനോടൊപ്പം പരമാവധി കാഴ്ചയും സംരക്ഷിക്കുകയെന്ന ഗവേഷണത്തിനാണ് ബഹുമതി. കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന 'റെറ്റിനൊ ബ്ലാസ്‌റ്റോമ' എന്ന അര്‍ബുദത്തെക്കുറിച്ചാണ് പഠനങ്ങള്‍ നടത്തിയത്. അതേസമയം പുതിയ ചികിത്സാ സംവിധാനമുപയോഗിച്ച്, രോഗിയുടെ ജീവനും കണ്ണും ഒപ്പം കാഴ്ചയും ഒരുപോലെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന ഫൈറൂസിന്റെ ആശയത്തിനാണ് ലോകോത്തര അഗീകാരം ലഭിച്ചത്. ലോകത്ത് പ്രതിവര്‍ഷം 8000 മുതല്‍ 8500 വരെ കുട്ടികള്‍ക്ക് ഈ അര്‍ബുദം പിടിപെടുന്നുണ്ടെന്ന് ഫൈറൂസ് ഗവേഷണത്തില്‍ കണ്ടെത്തി. ഇന്ത്യയിലും ചൈനയിലും പ്രതിവര്‍ഷം 2000 കുട്ടികള്‍ക്ക് ഈ അസുഖമുണ്ടാകുന്നു. അസുഖം ബാധിച്ചാല്‍ കണ്ണെടുത്തു കളയുകയെന്നത് മാത്രമായിരുന്നു നേരത്തെയുള്ള എക പോംവഴി.

കണ്ണൂര്‍ താണ സ്വദേശികളായ കെ.ടി. ഇബ്രാഹിം-പി.എം. ഉമ്മുല്‍ ഫായിസ ദമ്ബതികളുടെ മകളായ ഫൈറൂസ്. ആറുവര്‍ഷമായി ബംഗളൂരുവിലെ ഹോറസ് സ്പെഷാലിറ്റി ഐ കെയര്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്. ചൈനയിലും ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍തന്നെ 'ആര്‍ട്ടീരിയല്‍ കീമോ തെറപ്പി'യെന്ന അതിനൂതന ചികിത്സ രീതിയുടെ ഭാഗമാകാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ജപ്പാനില്‍ ആരംഭിച്ച് യു.എസില്‍ തരംഗമായ ഈ ചികിത്സ രീതിയുടെ ഗവേഷണത്തിലും പ്രബന്ധാവതരണത്തിലുമെല്ലാം പങ്കാളിയായിട്ടുണ്ട്. ട്യൂമര്‍ സെല്ലുകളെ ഇഞ്ചക്ഷന്‍ ഉപയോഗിച്ച് നശിപ്പിച്ചുകളയുന്ന 'ഇന്‍ട്രാവിട്രിയല്‍ കീമോതെറപ്പി'യെന്ന ചികിത്സാരീതിയെക്കുറിച്ചും മറ്റ് അത്യാധുനിക ചികിത്സ രീതികളെക്കുറിച്ചും ഫൈറൂസ് നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്. മൈസൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് പി.ജി പഠനത്തിനുശേഷം ഹൈദരാബാദ് എല്‍.വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫെലോഷിപ് നേടി. പിന്നീട് യു.എസില്‍നിന്ന് കണ്ണിലെ അര്‍ബുദത്തെക്കുറിച്ചുള്ള പഠനത്തില്‍ ഫെലോഷിപ്പും ചെയ്തു.

അതേസമയം 1200 പേരാണ് ആദ്യ റൗണ്ടില്‍ പട്ടികയിലുണ്ടായിരുന്നത്. അതിലെ 300 പേര്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ടു. അതില്‍നിന്നും മികച്ച 100 പേരെയാണ് തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധ പാനലാണ് അന്തിമ പട്ടികയുണ്ടാക്കുന്നത്.

ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തണുപ്പ് കൂടുന്നു; കനത്ത മഴക്കും സാധ്യത

Metrom Australia April 20, 2021 LIFESTYLE

ഓസ്ട്രേലിയയുടെ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തണുപ്പ് കൂടുന്നു. മെല്‍ബണില്‍ രാവിലെ മൂന്ന് മണിക്കൂറ് കൊണ്ട് താപനിലയില്‍ ഏഴു ഡിഗ്രിയുടെ കുറവുണ്ടായി. എന്നാല്‍ രാവിലെ പത്ത് മണിക്ക് 18.7 ഡിഗ്രി താപനില ഉണ്ടായിരുന്നെങ്കില്‍ മണിക്കൂറുകള്‍ക്കകം ഇത് 11.7 ആയി കുറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആറ് മില്ലിമീറ്റര്‍ വരെ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇനിയും കനത്ത മഴയും രാത്രിയില്‍ ശീതക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേതുടര്‍ന്ന് താപനില ഒമ്പതായി കുറഞ്ഞേക്കുമെന്നും കാലാവസ്ഥാകേന്ദം അറിയിച്ചു. മെല്‍ബണില്‍ ബുധനാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിക്കുമെങ്കിലും തണുപ്പ് നീങ്ങുമെന്നാണ് പ്രവചനം.

അതേസമയം വിക്ടോറിയയിലെയും ന്യൂ സൗത്ത് വെയില്‍സിലെയും ആല്‍പൈന്‍ മേഖലയില്‍മഞ്ഞു വീഴുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വിക്ടോറിയയിലെ മൗണ്ട് ബുള്ളറില്‍ 85 കിലോമീറ്റര് വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും ആല്‍പൈന്‍ മേഖലയില്‍ -7 ഡിഗ്രി തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥകേന്ദ്രം വ്യക്തമാക്കി. കൂടാതെ ടാസ്‌മേനിയയുടെ ചില ഭാഗങ്ങളിലും മഞ്ഞു വീഴ്ചയും  പ്രവചിച്ചിട്ടുണ്ട്.

ഇതിനിടെ വടക്കന്‍ ക്വീന്‍സ്ലാന്റില്‍ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴ തുടരുകയാണ്. കെയിന്‍സ് വിമാനത്താവള പരിസരത്ത് 200 മില്ലിമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിലും മഴ പെയ്യാനാണ് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .കനത്ത മഴയെ തുടര്‍ന്ന് ഗില്ലീസ് റെയ്ഞ്ച് പ്രദേശത്ത് വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ടൗണ്‍സ്വില്‍, ബവന്‍, മക്കായ് തീരപ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതോടൊപ്പം പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സിഡ്നി മലയാളി അസോസിയേഷന്റെ മാതൃദിനാഘോഷം മെയ് 8ന്

Metrom Australia April 20, 2021 LIFESTYLE

അസോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ് ഫോറം ഈ വര്‍ഷത്തെ മാതൃദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. മെയ് 8ന് വൈകുന്നേരം 6 മണിക്ക് ബെറാല സെന്റ് പീറ്റര്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ പരിപാടി ഒരുക്കിയിരിക്കുന്നു. ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വനിതകള്‍ വിമന്‍സ് ഫോറം ഭാരവാഹികളായ ബിന്ദു അനില്‍കുമാര്‍ (0469833611), സംഗീത പിള്ള  (0402071776) എന്നിവരുമായി ഉടന്‍ ബന്ധപ്പെടണമെന്ന് സിഡ്മല്‍ ഭാരവാഹികള്‍ അറിയിച്ചു.
 

ശാസ്ത്രലോകത്ത് പിറന്നത് പുതുചരിത്രം; ചൊ​വ്വ​യി​ല്‍​ 'ഇ​ന്‍​ജെ​ന്യൂ​യി​റ്റി' പ​റ​ക്ക​ല്‍ വിജയം

Metrom Australia April 20, 2021 LIFESTYLE

കേപ് കനാവറല്‍(യു.എസ്): ഭൂമിയിലിരുന്ന് അന്യഗ്രഹത്തില്‍ മനുഷ്യന്‍ ഇതാദ്യമായി ഒരു പേടകം പറത്തിയിരിക്കുന്നു. അമേരിക്കയുടെ ചൊവ്വ ദൗത്യമായ പെഴ്‌സിവിയറന്‍സിന്റെ ഭാഗമായ ചെറു ഹെലികോപ്ടറാണ് ചൊവ്വയുടെ ഉപരിതലത്തില്‍ പറന്നുയര്‍ന്ന് മനുഷ്യചരിത്രത്തില്‍ പുതിയ ഉയരം താണ്ടിയത്. ഇതോടെ പിറന്നത് പുതുചരിത്രം. ലോകത്താദ്യമായി വിമാനം പറത്തിയ റൈറ്റ് സഹോദരന്‍മാരുടെ ദൗത്യത്തിന് തുല്യമായാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചൊവ്വയിലെ ഹെലികോപ്ടര്‍ പറക്കലിനെ വിശേഷിപ്പിച്ചത്.

1.8 ഗ്രാം തൂക്കമുള്ള കോപ്ടറില്‍ റൈറ്റ് ബ്രദേഴ്‌സ് പറത്തിയ വിമാനത്തിന്റെ ചിറകിലെ ചെറിയ ഭാഗവും ഉണ്ടായിരുന്നു. പത്തടി ഉയരത്തിലാണ് പേടകം പറന്നത്. കഴിഞ്ഞയാഴ്ച നടക്കേണ്ട ദൗത്യം സോഫ്റ്റ്‌വേര്‍ തകരാര്‍ മൂലം  നീട്ടിവെക്കുകയായിരുന്നു. ഫെബ്രുവരിയില്‍ ചൊവ്വയിലെത്തിയ പെഴ്‌സിവിയറന്‍സിലെ റോവറിലാണ് ഹെലികോപ്ടറിനെ ബന്ധിപ്പിച്ചിരുന്നത്. ആറു വര്‍ഷമെടുത്താണ് നാലു കാലില്‍ നില്‍ക്കുന്ന 19 ഇഞ്ച് ഉയരം മാത്രമുള്ള പേടകം നിര്‍മിച്ചത്. ചൊവ്വയിലെ മൈനസ് 130 ഡിഗ്രി തണുപ്പില്‍ കോപ്ടര്‍ സ്വയം സംരക്ഷിക്കുന്നത് സോളാര്‍ പാനല്‍ വഴി ബാറ്ററി ചാര്‍ജ് ചെയ്താണ്.

ദൗത്യവിജയത്തെ തുടര്‍ന്ന് കോപ്ടര്‍ പറന്നുയര്‍ന്ന ചൊവ്വയിലെ പ്രതലത്തിന് നാസ 'റൈറ്റ് ബ്രദേഴ്‌സ് ഫീല്‍ഡ്' എന്നുപേരിട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍  ഭൂമിയില്‍നിന്ന് പുറപ്പെട്ട പെഴ്‌സിവിയറന്‍സ് ഫെബ്രുവരിയില്‍ ചൊവ്വയുടെ പ്രതലത്തില്‍, താഴ്ന്ന ഭാഗത്താണ്(ജെസേറോ ക്രേറ്റര്‍) വിജയകരമായി ഇറങ്ങിയത്. 39 സെക്കന്‍ഡ് വിജയകരമായി പറന്നതിലൂടെ ലക്ഷ്യമിട്ടതെല്ലാം കോപ്ടര്‍ കൈവരിച്ചുവെന്ന് ഭൂമിയിലിരുന്നുകൊണ്ട് പൈലറ്റ് ഹാവാഡ് ഗ്രിപ് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് തൊണ്ടയിടറി. നാസയിലെ സഹപ്രവര്‍ത്തകര്‍ ആവേശത്തോടെ കൈയടിച്ചാണ് ആ നിമിഷം അദ്ദേഹത്തെ പിന്തുണച്ചത്.