മന്ത്രിയുടെ വാഹനത്തിന് പിഴ; ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ വക പൂച്ചെണ്ട്

Metrom Australia Oct. 5, 2021 LIFESTYLE

തെലുങ്കാനയില്‍ കൃത്യനിര്‍വഹണത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കൂട്ടാക്കാതിരുന്ന രണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ തേടിയെത്തിയത് മന്ത്രിയുടെ പൂച്ചെണ്ടുകൾ. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ തെലങ്കാന മന്ത്രി കെ ടി രാമറാവുവിന്റെ (കെടിആര്‍) വാഹനത്തിന് പിഴ ചുമത്താന്‍ ധൈര്യം കാണിച്ച പൊലീസുകാരെ മന്ത്രി നേരിട്ട് ഓഫീസിലേക്ക് വിളിപ്പിച്ച് അഭിനന്ദിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഇളയ്യ, കോണ്‍സ്റ്റബിള്‍ വെങ്കിടേശ്വരലു എന്നിവരെയാണ് മന്ത്രി പ്രശംസിച്ചത്.                                                     

മന്ത്രിയുടെ വാഹനം തെറ്റായ ദിശയില്‍ കയറി വന്നതിനാലാണ് പോലീസുകാര്‍ മന്ത്രിക്ക് പിഴ ചുമത്തിയത്. ഒക്ടോബര്‍ 2ന്  മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മന്ത്രി ബാപ്പു ഘട്ടില്‍ നിന്ന് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഈ സംഭവം. മന്ത്രിയെ വിളിക്കാനായി അദ്ദേഹത്തിന്റെ  ഡ്രൈവര്‍ തെറ്റായ വഴിയിലൂടെ ബാപ്പു ഘട്ടിലെത്തിയത്. തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍, ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, ആഭ്യന്തര മന്ത്രി മഹമൂദ് അലി എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഗവര്‍ണര്‍മാരുടെ വാഹനവ്യൂഹം കടന്ന് പോകാനായി റോഡ് ബ്ലോക്ക് ചെയ്തതിനാലാണ് കെ.ടി.ആറിന്റെ  ഡ്രൈവര്‍ തെറ്റായ വഴിയിലൂടെ ബാപ്പു ഘട്ടിലെത്തിയത്. ഇത് കണ്ട പോലീസുകാര്‍ വാഹനം തടഞ്ഞതോടെ പൊലീസും, ചില ടിആര്‍എസ് നേതാക്കളും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചു. തുടര്‍ന്ന് പൊലീസുകാര്‍ മന്ത്രിയുടെ വാഹനത്തിന് പിഴ ചുമത്തി ചലാന്‍ നല്‍കി. 

രണ്ടു ദിവസത്തിന് ശേഷമാണ് മന്ത്രി തന്റെ ഓഫീസിലേക്ക് അവരെ വിളിപ്പിച്ചത്. ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാറും ഓഫീസില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് മന്ത്രി പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്.

ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൂറ്റിയാനും വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം

Metrom Australia Oct. 4, 2021 LIFESTYLE

സ്വീഡൻ: ഈ വർഷത്തെ നോബേൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. വൈദ്യശാസ്ത്ര നോബേലാണ് പതിവ് പോലെ തന്നെ ആദ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഡേവിഡ് ജൂലിയസിനും  ആദം പാറ്റ്പൂറ്റിയാനുമാണ് പുരസ്കാരം. ഊഷ്മാവും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള പഠനമാണ് പുരസ്കാരത്തിന് ഇരുവരെയും അർഹരാക്കിയത്.

ചൂടും, തണുപ്പും, സ്പർശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മൾ മനസിലാക്കുന്നത്. എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പർശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവർക്കും പുരസ്കാരം നൽകുന്നതെന്ന് പുരസ്കാര സമിതി അറിയിച്ചു.

ശിശുമരണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത് ദക്ഷിണേഷ്യയിൽ

Metrom Australia Aug. 26, 2021 LIFESTYLE

കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി 2020ൽ താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ 2,67,000 ത്തിലധികം ശിശുമരണങ്ങള്‍ ഉണ്ടായതായി പഠന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസദ്ധീകരിച്ച റിപ്പോർട്ടിൽ 128 രാജ്യങ്ങളിലായി 267,208 ലധികം ശിശുമരണങ്ങൾ ഗവേഷകർ കണക്കാക്കുന്നതായി പറയുന്നു. ഇത് 2020 ൽ പ്രതീക്ഷിച്ച മൊത്തം ശിശുമരണങ്ങളുടെ 6.8 ശതമാനം വർദ്ധനവിന് തുല്യമാണ്. ലോകബാങ്ക് ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

ലോകത്ത് ഏറ്റവുമധികം ശിശുമരണങ്ങൾ സംഭവിച്ചത് ദക്ഷിണേഷ്യയിലാണ്. മൊത്തം 113,141 എണ്ണം. ഈ വർഷം പ്രതീക്ഷിച്ചതിലും ഏഴ് ശതമാനം കൂടുതലാണ് മൊത്തത്തിലുള്ള ശിശുമരണ നിരക്ക്. ഇന്ത്യയില്‍ മാത്രം ഈ കാലയളവില്‍ 99,642 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ മരണങ്ങളുടെ മൂന്നിലൊന്ന് വരും ഈ സംഖ്യ.

കൂടാതെ കോവിഡ്-19 പകർച്ചവ്യാധി മൂലം ഉടലെടുത്ത വരുമാനത്തിലെ ആഘാതം ശിശുക്കളുടെ അപകടസാധ്യത അടിവരയിടുന്നു. കുറഞ്ഞ വരുമാനത്തിലും ഇടത്തരം വരുമാനത്തിലുമുള്ള രാജ്യങ്ങളിൽ അവശ്യ ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങളുണ്ടായിട്ടുളളതായി സമീപകാല പഠനങ്ങൾ തന്നെ സൂചിപ്പിക്കുന്നു.

ക്വീൻസ്ലാന്റ് കാറപകടം: ഒരു കുട്ടിയുടെ നിലയിൽ പുരോഗതി

Metrom Australia July 23, 2021 LIFESTYLE

ക്വീൻസ്ലാന്റിലെ കാറപകടത്തിനു ശേഷം ആശുപത്രിയിൽ കഴിയുന്ന രണ്ട് മലയാളി കുട്ടികളിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ക്വീൻസ്ലാന്റിലെ ടൂവൂംബയ്ക്കടുത്ത് ഇന്നലെ രാവിലെ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതിയും കുട്ടിയും മരിച്ചിരുന്നു. കാറിലുണ്ടായിരുന്ന ബിബിനെയും മറ്റു രണ്ടു ആൺകുട്ടികളെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വരെ രണ്ടു കുട്ടികളുടെയും നില ഗുരുതരമാണ് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇതിലാണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്. ഇളയ കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടായെന്ന് ക്വീൻസ്ലാന്റ് ചിൽഡ്രൻസ് ആശുപത്രി അധികൃതർ വ്യക്തമാക്കിയി. “സ്റ്റേബിൾ കണ്ടിഷനിലാണ്” ഈ കുട്ടി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മൂത്ത കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അതേസമയം അപകടകാരണം കണ്ടെത്താൻ ഫൊറൻസിക് പരിശോധന ഉൾപ്പെടെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ദൗത്യ സംഘത്തിലെ മൈക്കല്‍ കൊളിന്‍സ് അന്തരിച്ചു

Metrom Australia April 29, 2021 LIFESTYLE

ഹൂസ്റ്റണ്‍: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ-11 ദൗത്യത്തിലെ മൂവര്‍സംഘത്തില്‍ ഒരുവനായ മൈക്കല്‍ കൊളിന്‍സ് (90) അന്തരിച്ചു. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.

1963ല്‍ പതിനാല് ബഹിരാകാശയാത്രികരുടെ സംഘത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ ബഹിരാകാശത്തേക്ക് പറന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ ബഹിരാകാശ യാത്ര ജെമിനി 10ല്‍ ആയിരുന്നു.

മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തില്‍ എത്തിച്ച അപ്പോളോ 11ന്റെ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്ര. കാളിന്‍സ് ചന്ദ്രനുചുറ്റും ഭ്രമണപഥത്തില്‍ കഴിയുമ്‌ബോള്‍, നീല്‍ ആംസ്‌ട്രോങ്ങും ബസ്സ് ആല്‍ഡ്രിനും അപ്പോളോ ചാന്ദ്ര മൊഡ്യൂളില്‍ പുറപ്പെട്ടു അതിന്റെ ഉപരിതലത്തില്‍ ആദ്യത്തെ ലാന്‍ഡിംഗ് നടത്തി. രണ്ട് പേര്‍ ചന്ദ്രനലിറങ്ങുമ്പോള്‍ മൂന്നാമന്‍ കമാന്‍ഡ് മൊഡ്യൂളില്‍ തുടരേണ്ടത് അനിവാര്യതയായിരുന്നു. ചരിത്ര പുസ്തകങ്ങളില്‍ എന്നും തന്റെ പേര് അവസാനമായിരിക്കുമെന്ന ബോധ്യമുണ്ടായിരുന്നു അയാള്‍ക്ക്, പക്ഷേ തെല്ലും പരിഭവമുണ്ടായിരുന്നില്ല. കൂട്ടാളികളില്ലാതെ മടങ്ങിപ്പോകേണ്ടി വരുമോ എന്ന പേടി മാത്രമേ ഏകാന്ത യാത്രയില്‍ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് കോളിന്‍സ് പിന്നീട് പറഞ്ഞിട്ടുണ്ട്.

നാസയില്‍ നിന്ന് വിരമിച്ച ശേഷം ഭരണരംഗത്ത് ഒരു കൈ നോക്കിയെങ്കിലും ഉറച്ച് നിന്നില്ല. നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയം ഡയറക്ടറായും പ്രവര്‍ത്തിച്ചു.