യാത്രയ്ക്കിടയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം

Metrom Australia Oct. 7, 2021 LIFESTYLE

നെടുമ്പാശ്ശേരി : ലണ്ടനില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് വിമാനത്തില്‍ പ്രസവിച്ചത്.

ഏഴ് മാസം ഗര്‍ഭിണിയായ മരിയയക്ക് വിമാനം ലണ്ടനില്‍ നിന്ന് പുറപ്പെട്ടപ്പോഴാണ് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്സുമാരുടെയും,കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു.

വനിതാ പൈലറ്റായ ഷോമ സുരറാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തില്‍ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും അടിയന്തര മെഡിക്കല്‍ സഹായം നല്‍കായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുര്‍ട് വിമാനത്താവളത്തിലിറക്കി. വിമാനമിറങ്ങിയ ഉടന്‍ അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

210 യാത്രക്കാരാണ് എയര്‍ ഇന്ത്യാ വിമാനത്തിലുണ്ടായിരുന്നത്. അമ്മയുടേയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടല്‍ നടത്തിയ എയര്‍ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂര്‍ വൈകി ബുധനാഴ്ച രാവിലെ 9.45-ന് കൊച്ചി നെടുമ്പാശ്ശേരിയിലിറങ്ങി.

യുഎഇയില്‍ അഞ്ഞൂറിലധികം ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ

Metrom Australia Oct. 6, 2021 LIFESTYLE

അബുദാബി: അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ ലഭിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെയും ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങള്‍ക്കുള്ള ആദരവുമായാണ് തീരുമാനമെന്ന് ബുധനാഴ്‍ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കുന്നു.

ഡോക്ടര്‍മാരുടെ ആത്‍മാര്‍ത്ഥതയും  ഉത്തരവാദിത്ത ബോധവും, സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള അവരുടെ ത്യാഗവും കണക്കിലെടുത്താണ് ഗോള്‍ഡന്‍ വിസയ്‍ക്കായി നാമനിര്‍ദേശം ചെയ്‍തതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്ത് ദീര്‍ഘകാല താമസം ഉറപ്പുവരുത്തുക വഴി ആരോഗ്യ രംഗത്തിന്റെ പ്രാധാന്യം കൂടിയാണ് വ്യക്തമാവുന്നതെന്നും പ്രസ്‍താവനയില്‍ അറിയിച്ചു. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ നൽകുന്നുണ്ട്.

കര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു

Metrom Australia Oct. 6, 2021 LIFESTYLE

കൊച്ചി: കേരളത്തില്‍ കാര്‍ട്ടൂണുകളെ ജനകീയമാക്കിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ കോവിഡ് ബാധിച്ച് കൊച്ചിയിൽ അന്തരിച്ചു.  പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യേശുദാസന്‍ ഒരാഴ്ച മുന്‍പ് കോവിഡ് ബാധിതനാവുകയായിരുന്നു.

അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന്‍ കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവാണ്. ജനയുഗം ദിനപത്രത്തിലെ 'കിട്ടുമ്മാവൻ' എന്ന കഥാപാത്രത്തിലൂടെ യേശുദാസന്‍ അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ 'പോക്കറ്റ്' കാർട്ടൂണാണ്. മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍.   വനിതയിലെ 'മിസ്സിസ് നായർ', മലയാള മനോരയിലെ 'പൊന്നമ്മ സൂപ്രണ്ട്', 'ജൂബാ ചേട്ടൻ' എന്നീ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളുടെ സൃഷ്ടാവും യേശുദാസനാണ്. 

1938 മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് യേശുദാസന്‍റെ ജനനം. ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. 1963-ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ഡൽഹിയിലെ ശങ്കേഴ്സ് വീക്ക്‌ലിയിൽ ചേർന്നു. ഇവിടെ നിന്ന് ജനയുഗത്തിലും. പിന്നീട് 1985-ൽ മലയാള മനോരമ ദിനപത്രത്തിൽ ചേർന്നു. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മനോരമയിൽ പ്രവർത്തിച്ചു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനായ യേശുദാസൻ കേരള ലളിതകലാ അക്കാദമിയുടെ ഉപാദ്ധ്യക്ഷനും അദ്ധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

സിംഹമില്ലാത്ത ലോകത്തെ ആദ്യത്തെ സിംഹ പാർക്കായി സഫാരി

Metrom Australia Oct. 6, 2021 LIFESTYLE

ഏഷ്യയിലെ ആദ്യത്തെ സിംഹപാര്‍ക്കായിരുന്നു നെയ്യാർ ഡാമിലെ സഫാരി പാർക്ക്‌.ആദ്യത്തെ സിംഹ പാര്‍ക്ക് എന്ന വിശേഷണത്തിൽ നിന്ന് ലോകത്തെ ആദ്യത്തെ സിംഹമില്ലാത്ത സിംഹ പാർക്കും നെയ്യാര്‍ ഡാമിലെ സഫാരി പാർക്ക്‌ തന്നെ. അവസാനത്തെ സിംഹവും ചത്തിട്ട് നാല് മാസമായെങ്കിലും പകരം സിംഹത്തെ എത്തിക്കാന്‍ നടപടിയായിട്ടില്ല. ഇതോടെ ഇരുപതേക്കറോളം വരുന്ന പാര്‍ക്കിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സൗകര്യങ്ങളെല്ലാം നശിക്കുകയാണ്.

 വനസൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ ഓടിയെത്തുന്ന സ്ഥലം. പ്രകൃതിയെ തൊട്ടറിഞ്ഞ അത്ഭുതം. 1985ല്‍ തുടങ്ങിയ പാര്‍ക്കില്‍ ഒരുകാലത്ത് 16 സിംഹങ്ങൾ വരെയുണ്ടായിരുന്നു. കാട്ടിലൂടെ സഞ്ചരിക്കുന്ന സിംഹങ്ങളെ അടുത്ത് കാണാനാവുന്ന പാര്‍ക്ക്. എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ ഈ പാർക്കിന് ഉണ്ടായിരുന്നു. എന്നാൽ 2005ല്‍ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെ പാര്‍ക്കിന്റെ താളം തെറ്റി. സിംഹം ഒന്നൊന്നായി ചത്ത് ഒടുവില്‍ ജൂണ്‍ 2ന് അവസാനത്തെ അംഗമായിരുന്ന ബിന്ദുവും പോയി. സിംഹത്തെ കാണാൻ എത്തുന്നവ  സഞ്ചാരികള്‍ കാട് കണ്ട് മടങ്ങേണ്ട സ്ഥിതിയാണ്.


മൃഗശാലകളില്‍ നിന്നോ  ഇതര സംസ്ഥാനങ്ങളില്‍ നിന്നോ സിംഹത്തെ എത്തിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടു.ഇന്ന് ഇരുപതേക്കറോളം വലിപ്പമുള്ള പാർക്കും സൗകര്യങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ് . ഒപ്പം നെയ്യാര്‍ ഡാമിന്റെ പേരും പെരുമയും.

ഭൗതികശാസ്ത്ര നോബേൽ പുരസ്കാരം മൂന്നു പേർക്ക്

Metrom Australia Oct. 6, 2021 LIFESTYLE

സ്റ്റോക്കോം:കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസ്സിലാക്കാനും പ്രവചനം നടത്താനും നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിയ സ്യുകുറോ മനാബെ(ജപ്പാൻ), ക്ലോസ് ഹാസൽമാൻ(ജർമനി), ജോർജിയോ പാരിസി (ഇറ്റലി) എന്നീ ഗവേഷകര്‍ക്ക് ഈ വർഷത്തെ ഭൗതികശാസ്ത്ര നോബേൽ പുരസ്കാരം.

യുഎസിലെ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിലായിരുന്നു സ്യുകുറോ മനാബെയുടെ ഗവേഷണം. സങ്കീർണ്ണമായ ഭൗതിക സംവിധാനങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിന് വിപ്ലവകരമായ സംഭാവനകൾ നൽകിയതിനാണ് മൂന്നു പേർക്കായി പുരസ്കാരം പങ്കിടുന്നതെന്ന് ' ദി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ' അറിയിച്ചു.


ഭൂമിയിലെ കാലാവസ്ഥ, ആഗോളതാപനത്തിന്റെ വിശ്വസനീയമായ പ്രവചനം തുടങ്ങിയവയുടെ ഭൗതിക മാതൃകകൾക്കാണ് സ്യുകുറോ മനാബെയ്ക്കും ക്ലോസ് ഹാസൽമാനും പുരസ്കാരം. അറ്റോമിക് മുതൽ പ്ലാനിറ്റി സ്കെയിലുകൾ വരെയുള്ള ശാരീരിക വ്യവസ്ഥകളിലെ ക്രമക്കേടുകളുടേയും ഏറ്റക്കുറച്ചിലുകളുടേയും ഇടപെടലിനെക്കുറിച്ച് കണ്ടെത്തിയതാണ് ജോർജിയോ പാരിസിയെ നോബേലിന് അർഹനാക്കിയത്.

ഭൂമിയുടെ കാലാവസ്ഥയെക്കുറിച്ചും മനുഷ്യൻ അതിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള അറിവിന് മനാബെയും ഹാസൽമാൻ അടിത്തറയിട്ടതായി നോബേൽ കമ്മിറ്റി വിലയിരുത്തി.നോബേൽ ശിൽപവും ഒരു കോടി സ്വീഡിഷ് ക്രോണറും (8.46 കോടി രൂപ) അടങ്ങുന്നതാണ് പുരസ്കാരം.