തിരുവനന്തപുരം വിമാനത്താവളം ഇന്ന് അർദ്ധരാത്രിയോടെ അദാനിക്ക് സ്വന്തം

Metrom Australia Oct. 13, 2021 LIFESTYLE

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം  ഇന്ന്  അർദ്ധരാത്രി മുതൽ അദാനി  ഏറ്റെടുക്കും.  തിരുവനന്തപുരം വിമാനത്താവളം ഇനി  മുതൽ അദാനി തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി മാറും.ഏറ്റെടുക്കലിനെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതിയിൽ പരി​ഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്.ഏയർപോർട്ട് അതോറിറ്റിയും അദാനിയും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പുവെച്ചത്.

ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന രംഗത്തെ നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍  നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്. പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന്  എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

നിലവിലുള്ള ജീവനക്കാരെ  മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാർക്ക്  എയര്‍പോര്‍ട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്.  നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട ഓഫറാണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 

 കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റിൽ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടില്ലെങ്കിലും തടസ്സമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. വിമാത്താവളത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് ഇത് ബാധകമാകില്ല. നിയമപോരാട്ടം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സിലും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് ഇനി നിയന്ത്രണങ്ങളില്ല;ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

Metrom Australia Oct. 13, 2021 LIFESTYLE

ന്യൂഡൽഹി:കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ വിമാനയാത്രയ്ക്ക് കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ ഉത്തരവ്. ഒക്ടോബർ 18 മുതൽ വിമാനക്കമ്പനികൾക്കു നിയന്ത്രണമില്ലാതെ ആഭ്യന്തര സർവീസുകൾ നടത്താമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡിനു മുൻപുണ്ടായിരുന്നതിന്റെ 85 ശതമാനം സർവീസുകൾ സെപ്റ്റംബർ 18 മുതൽ വിമാനക്കമ്പനികൾ നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

 നിലവിലെ കോവിഡ് സാഹചര്യം അവലോകനം ചെയ്തും, വിമാന യാത്രയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണം കൂടിയതും കണക്കിലെടുത്താണു തീരുമാനമെന്ന് ഉത്തരവിൽ ചൂണ്ടികാണിക്കുന്നു. രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വർഷം മേയ് 25 നാണ് ഷെഡ്യൂൾ ചെയ്ത ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയത്.  രാജ്യാന്തര യാത്രക്കാർക്ക് ടൂറിസ്റ്റ് വീസ അനുവദിക്കുന്നതും  പുനഃരാരംഭിച്ചു. നവംബർ 15 മുതൽ ഇന്ത്യയിലെത്തുന്ന വിദേശികൾക്കാണു പുതിയ ടൂറിസ്റ്റ് വീസ അനുവദിക്കുക. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ഈ മാസം 15 മുതലും വീസ നൽകുമെന്ന്  അറിയിച്ചു.

ആര്യന്‍ ഖാന്റെ അറസ്റ്റില്‍ വിമര്‍ശനവുമായി മെഹബൂബ മുഫ്തി

Metrom Australia Oct. 12, 2021 LIFESTYLE

ന്യൂഡൽഹി:ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്ത്.ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള കാരണം അദ്ദേഹത്തിന്റെ സര്‍നെയിം ഖാന്‍ എന്നായതുകൊണ്ടാണെന്നും ഇത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന നടപടിയാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.

നാല് കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുന്നതിന് പകരം  23കാരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇങ്ങനെ സംഭവിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സര്‍നെയിം ഖാന്‍ എന്നായതുകൊണ്ടാണ്. വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ബിജെപി മുസ്ലീങ്ങളെ ലക്ഷ്യം വെക്കുകയാണെന്നും അവർ ട്വീറ്റ് ചെയ്തു.  

കഴിഞ്ഞയാഴ്ചയാണ് ആഡംബരക്കപ്പലിലെ പാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ചെന്ന കുറ്റത്തിന് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് ജാമ്യവും നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മെഹബൂബ വിമര്‍ശനവുമായി രംഗത്തെത്തിയത്. നാല് കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരി സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായത്.

കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു

Metrom Australia Oct. 12, 2021 LIFESTYLE

ശ്രീന​ഗ‍ർ:ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമ്യത്യു. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ അവസാനിച്ചത്. അതേസമയം അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം  വധിച്ചു.  

തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയത്.പൂഞ്ചിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പീർപഞ്ചാൾ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. വനമേഖല വഴി ഭീകരരർ നുഴഞ്ഞക്കയറ്റത്തിന് ശ്രമിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത് .ജൂനിയർ കമ്മീഷൻഡ് ഓഫീസർ അടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഏറ്റമുട്ടൽ തുടരുകയാണ്. മേഖല പൂർണ്ണമായി സൈന്യം വളഞ്ഞു. അനന്തനാഗിലും  ബന്ദിപോറയിൽ ഹാജിൻ പ്രദേശത്തും   നടന്ന ഏറ്റുമുട്ടിലിലാണ് രണ്ട് ഭീകരെ വധിച്ചത്.  

ഇതിനിടെ തീവ്രവാദികളെ അനുകൂലിക്കുന്ന 700 പേരെ തടങ്കലിലാക്കിയെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കശ്മീർ താഴ്‌വരയിലെ ആക്രമണ ശൃംഖല തകർക്കാനാണ് ഇവരെ തടവിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജമ്മു കശ്മീർ ലഫ്. ഗവർണർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സാധാരണക്കാർക്ക് നേരെ ആക്രമണം  തുടങ്ങിയതോടെ വലിയ ആശങ്കയിലാണ് ജമ്മു കശ്മീരിലെ ജനങ്ങൾ. കഴിഞ്ഞ ദിവസം സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകളുടെ സംഘടന ജമ്മുവിൽ പ്രതിഷേധം നടത്തിയിരുന്നു.

നടൻ നെടുമുടി വേണു അന്തരിച്ചു

Metrom Australia Oct. 11, 2021 LIFESTYLE

 

തിരുവനന്തപുരം: നടൻ നെടുമുടി വേണു (73)വിട വാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു. 
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി കെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത 'തമ്പ് 'എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രങ്ങളിലെ നെടുമുടിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. അഭിനയവൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.

മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.കാവാലം നാരായണപ്പണിക്കരുടെ തണലിലാണ് നെടുമുടി എന്ന കലാകാരൻ രൂപപ്പെട്ടത്.