വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാൻജിനെ (50) അമേരിക്കയ്ക്ക് കൈമാറാമെന്ന് ബ്രിട്ടിഷ് സർക്കാർ നിലപാടു സ്വീകരിച്ചു. പെന്റഗന്റെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു എന്നതടക്കം 17 കേസുകളിലാണ് (18 എന്ന് ചില റിപ്പോര്‍ട്ടുകള്‍ ) ചാരവൃത്തി നിയമം പ്രകാരം അദ്ദേഹത്തിന് അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരിക. കേസുകളില്‍ പ്രതികൂല വിധിയുണ്ടായാല്‍ 175 വര്‍ഷം വരെ ജിയില്‍ ശിക്ഷ ലഭിച്ചേക്കാമെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, അത്ര കാലമൊന്നും ജയില്‍ ശിക്ഷ വിധിച്ചേക്കില്ലെന്ന് അമേരിക്കന്‍ അധികാരികള്‍ പറഞ്ഞു.
ഓസ്ട്രേലിയന്‍ എഡിറ്ററും പ്രസാധകനും ആക്ടിവിസ്റ്റുമായ അസാൻജ് 2006ല്‍ വിക്കീലീക്സ് വെബ്സൈറ്റ് സ്ഥാപിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ പ്രസിദ്ധീകരണം വിവിധ സ്രോതസുകളില്‍ നിന്നു ലഭിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങള്‍ വരെ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ 10 വര്‍ഷം ഏകദേശം 10 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടതായാണ് റിപ്പോർട്ട്.
അമേരിക്കയുടെ മുന്‍ സൈനിക ഇന്റലിജന്‍സ് വിശകലന വിദഗ്ധ ചെല്‍സി മാനിങ്ങിനെ 2010ല്‍ രാജ്യത്തിന്റെ ആയിരക്കണക്കിന് രഹസ്യസ്വഭാവമുള്ള നയതന്ത്രപരമായ കേബിളുകളും (ടെലഗ്രാം), മിലിറ്ററി രേഖകളും മോഷ്ടിക്കാന്‍ സഹായിച്ചു എന്ന ആരോപണം വന്നതോടെയാണ് അമേരിക്കയും അസാൻജും തമ്മിലുള്ള പ്രശ്നങ്ങള്‍ ഗൗരവമുള്ളതാകുന്നത്. ഈ രേഖകള്‍, അതേവര്‍ഷം വിക്കിലീക്സില്‍ ആര്‍ക്കും കാണാവുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അമേരിക്കയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പലരുടെയും ജീവിതം വരെ ഇതുവഴി അപകടത്തിലാക്കിയെന്നാണ് ആരോപണം.
കൂടാതെ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ യുദ്ധങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും അസാൻജ് വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ നൂറുകണക്കിന് സാധാരണക്കാരെ അമേരിക്ക കൊന്നുവെന്നും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നു. ഇവ നേരത്തേ പുറത്തുവന്ന കാര്യങ്ങളല്ലായിരുന്നു. അതിനു പുറമെ ഇറാക്കില്‍ 66,000 സാധാരണക്കാരെ ഇറാക്ക് സൈനികര്‍ കൊന്നുവെന്നും ഇവരില്‍ പലര്‍ക്കും ജയിലില്‍ വച്ച് പീഡനം ഏല്‍ക്കേണ്ടി വന്നു എന്നും രേഖകളില്‍ ഉണ്ടായിരുന്നു. അമേരിക്ക കണ്ടതില്‍ വച്ച് ഏറ്റവും വലിയ വാര്‍ത്ത ചോര്‍ച്ച ആയിരുന്നു ഇത്.
എന്നാൽ 2013ല്‍ 35 വര്‍ഷം ജയില്‍വാസമാണ് ഇതിന് ശിക്ഷയായി അസാൻജിന് കോടതി വിധിച്ചത്. അതേസമയം, അസാൻജിനെ അമേരിക്കയ്ക്ക് കൈമാറിയാല്‍ അദ്ദേഹം ജയിലില്‍ കിടന്ന് മരിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ഭാര്യ സ്റ്റെല മോറിസ് ദി ഇന്‍ഡിപെന്‍ഡന്റിനോട് പ്രതികരിച്ചു.