ആസ്ട്രസെനക്ക വാക്‌സിന്‍: ഓസ്‌ട്രേലിയയില്‍ ഒരാള്‍ക്ക് കൂടി രക്തം കട്ടപിടിച്ചു

Metrom Australia April 13, 2021 GOVERNMENT

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ആസ്ട്രസെനക്ക വാക്‌സിനെടുത്ത 40 വയസിനുമേല്‍ പ്രായമുള്ള ഒരു സ്ത്രീക്ക് കൂടി രക്തം കട്ടപിടിച്ചതായി സ്ഥിരീകരിച്ചു. രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ചതായും, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറഞ്ഞതായുമാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയനിലും ആസ്ട്രസെനക്ക വാക്‌സിനെടുത്തതില്‍ ചിലര്‍ക്ക് കണ്ടെത്തിയ അതേ പാര്‍ശ്വഫലങ്ങളാണ് ഇത്. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം (TTS) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന് വാക്‌സിനേഷനുമായി നേരിട്ട് ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. TGAയെ വാക്‌സിന്‍ വിഷയങ്ങളില്‍ ഉപദേശിക്കുന്ന വാക്‌സിന്‍ ഉപദേശക സമിതിയാണ് (VSIG) ഇത് ആസ്ട്രസെനക്കയുടെ പാര്‍ശ്വഫലം തന്നെയാകാമെന്ന് സ്ഥിരീകരിച്ചത്.

ഇതിനകം ആസ്ട്രസെനക്ക വാക്‌സിനെടുത്തവര്‍ പാര്‍ശ്വഫലങ്ങളുടെ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാറാത്ത കടുത്ത തലവേദന, കാഴ്ചക്കുറവ്, ശ്വാസതടസ്സം, നെഞ്ചുവേദന, കാല്‍വീക്കം, വയറ്റുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടോ എന്നാണ് നിരീക്ഷിക്കേണ്ടത്. കുത്തിവയ്‌പ്പെടുത്തതിന് ചുറ്റും വട്ടത്തിലുള്ള പാടുകളുണ്ടോ എന്നും നിരീക്ഷിക്കണം.


വാക്‌സിനേഷനു ശേഷം രക്തം കട്ടപിടിക്കുന്ന ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ കേസാണ് ഇത്. കഴിഞ്ഞ മാസം മെല്‍ബണില്‍ 44 വയസുള്ള ഒരു പുരുഷന് ആസ്ട്രസെനക്ക വാക്‌സിനെടുത്ത ശേഷം രക്തം കട്ടപിടിച്ചിരുന്നു. എന്നാല്‍ ലക്ഷക്കണക്കിന് പേര്‍ക്ക് വാക്‌സിനെടുക്കുമ്പോള്‍ മാത്രമാണ് അതില്‍ ഒരാള്‍ക്ക് ഈ പാര്‍ശ്വഫലം കാണുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇതുവരെ ഏഴു ലക്ഷത്തോളം ഡോസ് ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. അതിലാണ് രണ്ടു പേര്‍ക്ക് ഈ പാര്‍ശ്വഫലം കണ്ടെത്തിയത്. അതായത്, മൂന്നര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ അതില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടാകുന്നു എന്നാണ് ഇതുവരെയുള്ള കണക്ക് . ബ്രിട്ടനില്‍ രണ്ടര ലക്ഷം പേരില്‍ ഒരാള്‍ക്ക് രക്തം കട്ടപിടിക്കുന്നു എന്നായിരുന്നു കണക്കുകള്‍ പുറത്തുവന്നത്.
 

ഓസ്ട്രേലിയൻ അതിർത്തികൾ തുറക്കുന്നത് വൈകാന്‍ സാധ്യത

Metrom Australia April 13, 2021 GOVERNMENT

ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനം രാജ്യാന്തര അതിര്‍ത്തി തുറക്കുന്നതിനെ ബാധിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. അതിര്‍ത്തികള്‍ തുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആരോഗ്യമേഖലാ വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ വിതരണം ചെയ്യാനായി ഏറ്റവുമധികം പരിഗണനയിലുണ്ടായിരുന്ന വാക്‌സിനായിരുന്നു ആസ്ട്രസെനക്കയുടേത്. ഇതിന്റെ വിതരണം കുറയുന്നതോടെ, വാക്‌സിനേഷ്‌റെ അടിസ്ഥാനത്തില്‍ രാജ്യാന്തര യാത്രകള്‍ അനുവദിക്കാനുള്ള നീക്കവും വൈകും എന്നാണ് മുന്നറിയിപ്പ്. 

ഓസ്‌ട്രേലിയക്കാരുടെ രാജ്യന്തര യാത്രകള്‍ പഴയതുപോലെയാകണമെങ്കില്‍ 2024 വരെ കാത്തിരിക്കണം എന്നാണ് ഡെലോയിറ്റ് അക്‌സസ് എക്കണോമിക്‌സിന്റെ റിപ്പോര്‍ട്ട് സൂചിപ്പിച്ചത്. അതിര്‍ത്തി തുറന്നാലും അടുത്ത രണ്ടു വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയയില്‍ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ നിലവിലുണ്ടാകുമെന്നും, 2024ഓടെ മാത്രമേ കൊവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് തിരിച്ചെത്താന്‍ കഴിയൂ എന്നും ഡെലോയിറ്റിലെ സാമ്പത്തിക വിദഗ്ധന്‍ ക്രിസ് റിച്ചാര്‍ഡ്‌സന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള രാജ്യാന്തര യാത്രകള്‍ സാധാരണ നിലയിലാകാന്‍ ഇനിയും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ കോവിഡ് ഉപദേശകസമിതി അംഗമായ മേരിലൂയിസ് മക്ക്‌ലോസ് ചൂണ്ടിക്കാട്ടി. ജനസംഖ്യയുടെ 85 ശതമാനം പേരെങ്കിലും വാക്‌സിനെടുത്തുകഴിഞ്ഞാല്‍ മാത്രമേ സാമൂഹികമായ പ്രതിരോധശേഷി (herd immunity) ലഭിക്കുകയുള്ളൂ. രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായി തുറക്കാന്‍ ഇത് അനിവാര്യമാണെന്ന് പ്രൊഫസര്‍ മക്ക്‌ലോസ് പറഞ്ഞു. ഒക്ടോബര്‍ മാസത്തോടെ 85 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ആസ്ട്രസെനക്കവാക്‌സിന്‍ നല്‍കുന്നതിന്റെ വേഗത കുറയുന്നതോടെ ഈ ലക്ഷ്യം കൈവരിക്കല്‍ സാധ്യമാകില്ല.
 

ഫൈസർ വാക്സിന്റെ രണ്ടു കോടി ഡോസുകൾ കൂടി ലഭ്യമാക്കാൻ കരാര്‍ ഒപ്പുവെച്ച് ഓസ്‌ട്രേലിയ

Metrom Australia April 9, 2021 GOVERNMENT

ഓസ്‌ട്രേലിയയില്‍ ഫൈസര്‍ വാക്‌സിന്റെ രണ്ടു കോടി ഡോസുകള്‍ കൂടി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു. രാജ്യത്ത് 50 വയസിനു താഴെയുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിനാകും ഇനി മുന്‍ഗണന എന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി. ആസ്ട്രസെനക്ക വാക്‌സിനെടുക്കുന്നവര്‍ക്ക് അപൂര്‍വമായി രക്തം കട്ടപിടിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓസ്‌ട്രേലിയയിലെ വാക്‌സിനേഷന്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു കോടി ഡോസ് ഫൈസര്‍ വാക്‌സിനുകള്‍ കൂടി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചത്. ഈ വര്‍ഷം അവസാനത്തോടെ ഈ അധിക ഡോസുകള്‍ ഓസ്‌ട്രേലിയയില്‍ എത്തുമെന്ന് ദേശീയ ക്യാബിനറ്റ് യോഗത്തിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ആസ്ട്രസെനക്കയ്ക്ക് ''നിരോധനമോ വിലക്കോ'' ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാര്‍ തുടര്‍ന്നും ആസ്ട്രസെനക്ക വാക്‌സിന്‍ സ്വീകരിക്കും. 50 വയസില്‍ താഴെയുള്ളവര്‍ക്ക് അത് സ്വീകരിക്കണമെന്നോ എന്നത് വ്യക്തിപരമായി തീരുമാനമെടുക്കാവുന്ന വിഷയമാണ്. പത്തു ലക്ഷം പേര്‍ക്ക് ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കുമ്പോള്‍ നാലു മുതല്‍ ആറു വരെ പേര്‍ക്ക് മാത്രമാണ് രക്തം കട്ട പിടിക്കുന്നതായി കണ്ടെത്തുന്നതെന്നും, ഇത് അത്യപൂര്‍വമായ പാര്‍ശ്വഫലമാണെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
എന്നാല്‍ ഇതേക്കുറിച്ച് ഓസ്‌ട്രേലിയക്കാര്‍ വ്യക്തമായി അറിഞ്ഞ് തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം വിശദമാക്കി. 

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം വിതരണം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത് ആസ്ട്രസെനക്ക വാക്‌സിനായിരുന്നു. എന്നാല്‍ ഇതുവരെ വിവിധ വാക്‌സിനുകളുടെ 17 കോടി ഡോസുകള്‍ ലഭിക്കാനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്.
 

ഓസ്ട്രേലിയയിൽ ആസ്ട്രസെനക്ക വാക്സിന് നിയന്ത്രണം

Metrom Australia April 9, 2021 GOVERNMENT

ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നവര്‍ക്ക് അപൂര്‍വമായെങ്കിലും രക്തം കട്ടപിടിക്കുന്നതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍, ഓസ്‌ട്രേലിയയിലെ വാക്‌സിനേഷന്‍ പദ്ധതിയില്‍ മാറ്റം വരുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 50 വയസില്‍ താഴെയുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന കൊടുക്കാനാണ് തീരുമാനം. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ആരോഗ്യനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഫെഡറല്‍ സര്‍ക്കാരിന്റെ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. 

എന്നാല്‍  50 വയസില്‍ താഴെയുള്ളവരില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ പൂര്‍ണമായും ഒഴിവാക്കണം എന്നല്ല നിര്‍ദ്ദേശമെന്ന് പ്രധാമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു. വാക്‌സിന്‍ കൊണ്ടുള്ള പ്രയോജനം അതിന്റെ പാര്‍ശ്വഫലത്തെക്കാള്‍ കൂടുതലാണെങ്കില്‍ മാത്രമേ 50 വയസില്‍ താഴെയുള്ളവര്‍ക്ക് ആസ്ട്ര സെനക്ക വാക്‌സിന്റെ ആദ്യ ഡോസ് നല്‍കാവൂ.  ഇതിനകം ആസ്ട്രസെനക്കയുടെ ആദ്യ ഡോസ് ലഭിച്ചവരാണെങ്കില്‍, ഇതുവരെയും പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ രണ്ടാം ഡോസും സ്വീകരിക്കാം. ഇതിനകം ആദ്യ ഡോസ് എടുത്തവര്‍ക്ക് പ്ലേറ്റ്‌ലെറ്റ് കുറയുകയോ രക്തം കട്ടപിടിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടാം ഡോസ് നല്‍കാന്‍ പാടില്ലെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ പോള്‍ കെല്ലി പറഞ്ഞു. പ്രായമേറുമ്പോള്‍ കൊവിഡ്-19 കൂടുതല്‍ അപകടകരമാകാം എന്നതും, അതിനാല്‍ വാക്‌സിനേഷന്‍ കൊണ്ട് അവര്‍ക്കുള്ള പ്രയോജനവും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് പോള്‍ കെല്ലി പറഞ്ഞു. പ്രായമേറിയവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണ് എന്നതും പരിഗണിച്ചു. അതേസമയം പ്രായം കുറഞ്ഞവര്‍ക്കാണ് യൂറോപ്യന്‍ യൂണിയനില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ മൂലമുള്ള രക്തം കട്ടപിടിക്കല്‍ പ്രധാനമായും കണ്ടത്. രക്തം കട്ടപിടിച്ച് മരിച്ചതിലും കൂടുതലും 50 വയസില്‍ താഴെയുള്ളവരായിരുന്നു. 

പെർത്തിൽ മലയാളി പെൺകുട്ടിയുടെ മരണം: പ്രവര്‍ത്തനരീതി പരിഷ്‌കരിക്കണമെന്ന് നഴ്‌സിംഗ് യൂണിയന്‍

Metrom Australia April 8, 2021 GOVERNMENT

എമര്‍ജന്‍സി വാര്‍ഡില്‍ ഏഴു വയസുള്ള മലയാളി ബാലിക മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയുടെ പ്രവര്‍ത്തനം നവീകരിക്കണമെന്നാവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ നഴ്സിംഗ് ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കി. എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സക്കായി രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്ന ഏഴു വയസുകാരി ഐശ്വര്യ അശ്വത് ആണ് കഴിഞ്ഞ ശനിയാഴച്ച മരിച്ചത്. സ്ഥിതി വഷളാകുന്ന കാര്യം അച്ഛനും അമ്മയും പല തവണ ചൂണ്ടിക്കാണിച്ചിട്ടും എമര്‍ജന്‍സി വാര്‍ഡില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ വേണ്ടത്ര പരിചരണം ലഭിച്ചില്ല എന്നാണ് ആരോപണം. ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ വിവിധ മാധ്യമങ്ങളില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. 

ഐശ്വര്യയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ നഴ്സിംഗ് ഫെഡറേഷന്‍ പത്തിന നിര്ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്കിനാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ജീവനക്കാര്‍ കുറവായതാണ് ഐശ്വര്യയുടെ മരണത്തിലേക്ക് നയിച്ചത് എന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നഴ്സിംഗ് ഫെഡറേഷന്‍ നല്‍കിയത്. ഓരോ മൂന്നു രോഗികള്‍ക്കും ഒര് നഴ്സ് എന്ന അനുപാതം ഉറപ്പുവരുത്തണം എന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. അതിനായി അടിയന്തര റിക്രൂട്ട്മെന്റ് നടത്തണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

ഷിഫ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെയും, ട്രയാജ് നഴ്സുമാരെയും ഈ അനുപാതത്തില്‍ ഉള്‍പ്പെടുത്തരുത്, എമര്‍ജന്‍സിയിലെ സ്റ്റാഫ് ഡെവലെപ്പ്മെന്റ് നഴ്സുമാരുടെ എണ്ണം ഇരട്ടിയാക്കുക, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുക, വ്യക്തമായ പരിശീലനം കിട്ടിയ സെക്യൂരിറ്റി ജീവനക്കാരെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിയോഗിക്കുക തുടങ്ങിയ നിര്ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും, ഇവ പരിശോധിക്കുമെന്നും മന്ത്രി റോജര്‍ കുക്ക് പറഞ്ഞു. പുതുതായി 119 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം ഇതിനകം തന്നെ ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, ആരോഗ്യവകുപ്പ് നടത്തുന്ന അന്വഷണത്തിനു ശേഷം മാത്രമേ ഐശ്വരയുടെ മരണത്തെ കുറിച്ച്
വ്യക്തമായി എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്ക് അറിയിച്ചു. നാലു മുതല്‍ ആറ് ആഴ്ച വരെ ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ടിവരും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.അതേസമയം ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ലിബറല്‍ ഉപനേതാവ് ലിബ്ബി മെറ്റം ആവശ്യപ്പെട്ടു.