ഓസ്ട്രേലിയൻ ഹൈക്കമ്മീഷണറുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഓ ഫെറലുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ന്യൂ സൗത്ത് വെയിൽസിന്റെ മുൻ ഭരണാധികാരി കൂടിയായ ബാരി ഓ ഫെറലുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ മുഖ്യമന്ത്രി സന്തോഷം അറിയിച്ചു. ഓസ്ട്രേയിലയിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സംരക്ഷിക്കുന്നതിനും ഓസ്ട്രേലിയൻ ഗവൺമെന്റിനോടുള്ള നന്ദിയും പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനത്തിനായി രണ്ടിടത്തെയും നിയുക്ത വ്യക്തികൾ കൂടിക്കാഴ്ച നടത്തി ചർച്ച ചെയ്യുന്നത് നല്ലതായിരിക്കുമെന്ന നിർദേശം ചർച്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. സംസ്ഥാനത്തെ വിജ്ഞാന സമൂഹമായി വളർത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഓസ്ട്രേലിയയിലെ നിക്ഷേപകരെ കേരളത്തിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചു. കൂടാതെ സംസ്ഥാനത്തിൻ്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും ആയുർവേദ ചികിത്സാ രീതികൾ അറിയാനുമായി ഓസ്ട്രേലിയൻ വിനോദസഞ്ചാരികളെയും അദ്ദേഹം ക്ഷണിച്ചു. ഭാവിയിൽ കൂടുതൽ മേഖലകളിൽ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഹൈ കമ്മീഷണറോട് അറിയിച്ചു.
ഓസ്ട്രേലിയൻ കോൺസുലേറ്റിൽ നിന്നും കോൺസുൽ ജനറൽ ഫോർ സൗത്ത് ഏഷ്യ സാറ കിർലിവ്, വൈസ് കോൺസുൽ സാം മൈയേർസ് എന്നിവരും ഓസ്ട്രേലിയൻ ഹൈ കമ്മീഷനിൽ നിന്ന് മ്യുറെ ടൈലർ, ജോആൻ പ്രയർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.