സൈനികരുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു

Metrom Australia March 10, 2022 POLITICS , GOVERNMENT

വെള്ളപ്പൊക്കമുണ്ടായ വടക്കന്‍ ന്യൂ സൗത്ത് വെയില്‍സില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനികര്‍, പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ഫോട്ടോഷൂട്ട് നടത്തിയത് വിവാദമാകുന്നു.

സൈനികരുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. വെള്ളപ്പൊക്കമുണ്ടായ വടക്കന്‍ ന്യൂ സൗത്ത് വെയില്‍സില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനികര്‍, പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ഫോട്ടോഷൂട്ട് നടത്തിയത് രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും അല്ലാതെയും രംഗത്തെത്തിയിരിക്കുന്നത്.

'ഭാരമുള്ള സാധനങ്ങള്‍ എടുക്കുകയാണ് എന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തില്‍' ക്യാമറയ്ക്ക് മുന്നില്‍ സൈനികര്‍ അഭിനയിക്കുന്നത് കണ്ടു, സ്വന്തം വീട്ടിന്റെ മുകളില്‍ നിന്ന് ചെളി വാരി കളയുന്ന ആര്‍ക്കും ക്യാമറ കാണാന്‍ പോലും താല്‍പര്യമില്ലെന്നും, എന്നാല്‍ യൂണിഫോം ധരിച്ചവര്‍ അവിടെ വന്ന് ഫോട്ടോ എടുക്കുന്നു - എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ. 

അതേസമയം, സൈന്യം നടത്തിയ പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളെന്ന് സൈനിക വക്താവ് പ്രതികരിച്ചു. ഇതിനെ ഫോട്ടോഷൂട്ട് എന്ന് വിശേഷിപ്പിക്കുന്നത് സൈന്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാട്ടലാണെന്ന് വക്താവ് വ്യക്തമാക്കി. കൂടാതെ, സൈന്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാജ്യത്തെ ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ഇത്തരം ഫോട്ടോകള്‍ എടുക്കേണ്ടിവരും. രാജ്യത്തിനകത്ത് മാത്രമല്ല, വിദേശത്ത് സൈന്യം നടത്തുന്ന പ്രവര്‍ത്തനങ്ങളിലും ഇത്തരം ഫോട്ടോ എടുക്കുന്നത് പതിവാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.

എന്നാൽ കഴിഞ്ഞ ഒരാഴ്ചയോളമായി തുടര്‍ന്ന പേമാരിയില്‍ വെള്ളപ്പൊക്കം രൂക്ഷമായിരുന്ന ന്യൂ സൗത്ത് വെയില്‍സില്‍, മൂവായിരത്തോളം സൈനികരെയാണ് വിന്യസിച്ചിരുന്നത്. രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത സൈന്യം, വീടുകളും റോഡുകളും വൃത്തിയാക്കുന്നതിലും, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം പുനസ്ഥാപിക്കുന്നതിലും മുഖ്യപങ്കുവഹിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളില്‍ സൈനികര്‍ ഹെലികോപ്റ്റര്‍ മുഖേന അവശ്യസാധനങ്ങള്‍ എത്തിക്കുകയും ചെയ്തു.

ഓസ്ട്രേലിയൻ അരണകളെ അമേരിക്കയിലേക്ക് കടത്തിയ കേസിൽ ശിക്ഷ വിധിച്ചു

Metrom Australia March 10, 2022 GOVERNMENT , BUSINESS

ഓസ്ട്രേലിയൻ അരണകളെ അമേരിക്കയിലേക്ക് കടത്തിയ രണ്ട് പേർക്ക് കോടതി ശിക്ഷ വിധിച്ചു. പ്രതികൾക്ക് 40,000 ഡോളർ പിഴയും, വീട്ടു തടങ്കലുമുൾപ്പെടെയാണ് ശിക്ഷ.

അരണകളെ അമേരിക്കയിൽ വിൽപ്പന നടത്തുന്നതിനായി 2018 മാർച്ചിലാണ് പ്രതികൾ അമേരിക്കയിൽ നിന്നും വെസ്റ്റേൺ ഓസ്ട്രേലിയയിലെത്തിയത്. പിടികൂടിയ അരണകളെ വായു സഞ്ചാരമുള്ള ബോക്സുകളിലാക്കി സമ്മാനപ്പൊതികളിൽ ഒളിപ്പിച്ച് തപാൽ മാർഗ്ഗം അമേരിക്കയിലേക്ക് അയക്കുകയായിരുന്നു.

ബോക്സുകളിൽ ഒളിപ്പിച്ച നിലയിൽ പതിനഞ്ചോളം അരണകളെ തപാൽ ഓഫീസിൽ കണ്ടെത്തിയതോടെയാണ് ഓസ്ട്രേലിയൻ അതിർത്തി സംരക്ഷണ സേന അന്വേഷണമാരംഭിച്ചത്. തുടർന്ന് രണ്ടു പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സും (ABF), യു.എസ്. ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസിന്റെ ഓഫീസ് ഓഫ് ലോ എൻഫോഴ്‌സ്‌മെൻറ് വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലൊടുവിൽ  പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്ന് വീട്ടുതടങ്കലും, നിർബന്ധിത സാമൂഹ്യ സേവനവുമാണ് ഇവർക്ക് കോടതി ശിക്ഷ വിധിച്ചത്. ഇതിന് പുറമെ ഒരാൾക്ക് 40,000 അമേരിക്കൻ ഡോളർ പിഴയും വിധിച്ചു.

അതേ സമയം വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ബ്രൂമിൽ നിന്നാണ്  അരണകളെ പിടികൂടിയതെന്ന് പ്രതികൾ സമ്മതിച്ചു.  രണ്ട് വലിയ ഷിപ്പിംഗ് ബോക്‌സുകളിലാക്കി മയാമി, ഫ്ലോറിഡ, ഒറിഗോൺ, മെഡ്‌ഫോർഡ് എന്നിവിടങ്ങളിലേക്ക് അയച്ചതായും പ്രതികൾ വെളിപ്പെടുത്തി.

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി വിലക്കി അമേരിക്ക

Metrom Australia March 9, 2022 POLITICS , GOVERNMENT

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വിലക്കി അമേരിക്ക. റഷ്യയുടെ യുക്രൈൻ അധിനിവേശം മുൻനിർത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി. റഷ്യൻ എണ്ണ, ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്, കൽക്കരി തുടങ്ങിയവക്കാണ് യുഎസ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക വാതക വിലയിലടക്കം വർധനവുണ്ടാകാൻ തീരുമാനം കാരണമാകുമെങ്കിലും അമേരിക്കൻ കോൺഗ്രസിന്റെ കടുത്ത സമ്മർദത്തിന്റെ ഫലമായാണ് തീരുമാനം.

യുഎസിലെ എണ്ണയുടെയും പെട്രോളിയം ഉൽപന്നങ്ങളുടെയും ഇറക്കുമതിയുടെ 10 ശതമാനത്തിൽ താഴെയാണ് റഷ്യയുടെ പങ്ക്. എണ്ണ ഉപരോധമടക്കമുള്ളവ തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം തുടരുകയാണെങ്കിൽ യൂറോപ്പ് പ്രകൃതിവാതകത്തിന് പ്രധാനമായി ആശ്രയിക്കുന്ന വാതക പൈപ്പ്‌ലൈൻ നിർത്തിവയ്ക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലെക്‌സാണ്ടർ നൊവാക് വ്യക്തമാക്കി. റഷ്യൻ എണ്ണ തള്ളിക്കളയുകയാണെങ്കിൽ ആഗോള വിപണിയിൽ തന്നെ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളിലേക്കായിരിക്കും അത് നയിക്കുകയെന്ന് നൊവാക് മുന്നറിയിപ്പ് നൽകി.

ഇന്ത്യ രാജ്യാന്തര വിമാനസർവീസുകൾ ഈ മാസം 27 മുതൽ പുനരാരംഭിക്കുന്നു

Metrom Australia March 9, 2022 GOVERNMENT , BUSINESS

മാർച്ച് 27 മുതൽ ഷെഡ്യൂൾഡ് വാണിജ്യസർവീസുകൾ  ഇന്ത്യ പുനരാരംഭിക്കുമെന്ന് വ്യോമയാനമന്ത്രാലയത്തിൻ്റെ അറിയിപ്പ്. ആഗോളതലത്തിൽ കോവിഡ് വാക്സിനേഷൻ നിരക്ക് ഉയർന്നതും, വ്യോമയാന കമ്പനികളുടെ നിലപാടും പരിഗണിച്ച ശേഷമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാണിജ്യ വിമാനസർവീസുകൾ  ഇന്ത്യ പുനരാരംഭിക്കുന്നത്. ആരോഗ്യമന്ത്രാലയം ഫെബ്രുവരി പത്തിന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും സർവീസുകൾ അനുവദിക്കുകയെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം വാണിജ്യ വിമാനസർവീസുകൾ നിരോധിച്ചിരുന്നപ്പോഴും ചാർട്ടർ വിമാനങ്ങളും, എയർ ബബ്ളിന്റെ ഭാഗമായുള്ള സർവീസുകളും ഇന്ത്യ അനുവദിക്കുന്നുണ്ടായിരുന്നു. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയർ ബബ്ൾ സംവിധാനം നിലവിലുണ്ട്. എന്നാൽ എയർ ബബ്ൾ മുഖേന ട്രാൻസിറ്റ് യാത്രകൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. 

എന്നാൽ ഇന്ത്യ വാണിജ്യ സർവീസുകൾ അനുവദിച്ചു തുടങ്ങുന്നതോടെ ഓസ്ട്രേലിയയിൽ നിന്ന് സിംഗപ്പൂർ, മലേഷ്യ വഴിയുള്ള സർവീസുകളും തുടങ്ങും. ഏപ്രിൽ ഒന്നു മുതൽ സിംഗപ്പൂർ എയർലൈൻസ് കൊച്ചിയിലേക്ക് സർവീസ് തുടങ്ങുന്നതാണ്. ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലേക്കും ഓസ്ട്രേലിയയിൽ നിന്ന് സിംഗപ്പൂർ വഴിയുള്ള സർവീസ് തുടങ്ങുന്നുണ്ട്.

കൂടാതെ, മലേഷ്യ വഴിയുള്ള സർവീസുകളും ആരംഭിക്കുന്നതാണ്. മലേഷ്യൻ എയർലൈൻസും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഏപ്രിൽ മുതൽ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കൊച്ചിയിലേക്ക് 2022 ഡിസംബർ മുതൽ മാത്രമാണ് മലേഷ്യൻ എയർലൈൻസ് സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

ജപ്പാന്‍ ജ്വരം: ഓസ്ട്രേലിയയിൽ നാല് സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചു

Metrom Australia March 8, 2022 GOVERNMENT

ഓസ്‌ട്രേലിയയില്‍ ജപ്പാന്‍ ജ്വരം നാലു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. കൊതുക്  വഴി പകരുന്ന ജാപ്പനീസ് എന്‍കെഫലൈറ്റിസ് അഥവാ ജപ്പാന്‍ ജ്വരം കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് ആദ്യം കണ്ടെത്തിയത്. ന്യൂ സൗത്ത് വെയില്‍സ്-വിക്ടോറിയ അതിര്‍ത്തിയിലെ ഒരു പന്നിവളര്‍ത്തല്‍ ഫാമിലായിരുന്നു ഇത്.

വിക്ടോറിയയില്‍ നാലു പേര്‍ക്ക് കഴിഞ്ഞയാഴ്ച രോഗബാധ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ 12ലേറെ പേർക്കും, 21ലേറെ പന്നി ഫാമുകളിലും രോഗബാധ സ്ഥിരീകരിച്ചതായി ഓസ്‌ട്രേലിയന്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ മാര്‍ക്ക് ഷിപ്പ് അറിയിച്ചു. ക്വീന്‍സ്ലാന്‌റ്, സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. തെക്കന്‍ ഓസ്‌ട്രേലിയയില്‍ ഈ രോഗം കാണുന്നത് അസാധാരണമാണെന്ന് വെറ്ററിനറി വകുപ്പ് ചൂണ്ടിക്കാട്ടി.

എന്നാൽ എൻഎസ്ഡബ്ലുവിലും ക്വീന്‍സ്ലാന്‌റിലും രോഗം ബാധിച്ച് ഓരോ സ്ത്രീകള്‍ ഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇവരെ ചികിത്സിക്കുന്നതെന്നാണ് വിവരം.

അതേസമയം വെള്ളത്തില്‍ ജീവിക്കുന്ന പക്ഷികളില്‍ നിന്നും പന്നികളില്‍ നിന്നും മനുഷ്യരിലേക്കോ കുതിരകളിലേക്കോ പകരുന്ന വൈറസാണ് ജപ്പാന്‍ ജ്വരത്തിന് കാരണമാകുന്നത്. കൊതുകുകളിലൂടെയാണ് ഇത് പകരുന്നത്. പനി, ഛര്‍ദി, കടുത്ത തലവേദന, കഴുത്ത് അനക്കാന്‍ പ്രയാസം, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം തുടങ്ങിയവയാകും ഇതിന്റെ ലക്ഷണങ്ങള്‍. 

രോഗബാധിതരായ മനുഷ്യര്‍ പരസ്പരം ഇടപഴകുന്നതുകൊണ്ടോ, പന്നിയിറച്ചി കഴിക്കുന്നതുകൊണ്ടോ ജപ്പാന്‍ ജ്വരം പകരില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ രോഗം തടയാന്‍ വാക്‌സിനും ലഭ്യമാണ്. രോഗബാധയുള്ള പ്രദേശങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കുന്നുണ്ടെന്ന് ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സോണിയ ബെന്നെറ്റ് വ്യക്തമാക്കി.