NSWല്‍ വാക്‌സിനെടുത്ത രണ്ടുപേരുടെ മരണം പാര്‍ശ്വഫലങ്ങള്‍ മൂലമല്ലെന്ന് പ്രാഥമിക നിഗമനം

Metrom Australia April 29, 2021 GOVERNMENT

സിഡ്നിയിലും ടാംവര്‍ത്തിലും കോവിഡ് വാക്സിനെടുത്ത രണ്ടു പേര്‍ കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. ഇവരുടെ മരണങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ മൂലമല്ലെന്ന് പ്രാഥമിക നിഗമനം. സിഡ്നിയില്‍ 71 വയസുള്ള ഒരാളും, ടാംവര്‍ത്തില്‍ ഒരു 55കാരനുമാണ് മരിച്ചത്. ടാംവര്‍ത്ത് സ്വദേശി ആദ്യ ഡോസ് വാക്സിനെടുത്ത് എട്ടു ദിവസം കഴിഞ്ഞാണ് മരിച്ചത്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതുമൂലമാണ് മരണമെന്ന് അദ്ദേഹത്തിന്റെ ഒരു ബന്ധു പറഞ്ഞിരുന്നു. എന്നാല്‍ രോഗിയുടെ സ്വകാര്യത കണക്കിലെടുത്ത് ഇക്കാര്യം വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി. ഈ മരണങ്ങളെ വാക്സിനുമായി നേരിട്ട് ബന്ധപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നും TGയിലെ പ്രൊഫസര്‍ ജോണ്‍ സ്‌കെറിറ്റ് പറഞ്ഞു.

വാക്സിനെടുത്ത ശേഷം മറ്റ് പ്രശ്നങ്ങളുണ്ടായ 11,000 ഓളം കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കൈയിലെ വേദന മുതല്‍ ഹൃദയാഘാതം വരെയുള്ളവയുണ്ട്. എന്നാല്‍ ഇവ വാക്സിന്റെ പാര്‍ശ്വഫലമാണോ എന്ന് വിശദമായി പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ആഗോളതലത്തിലെ ആരോഗ്യ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും, വാക്സിന്റെ പാര്‍ശ്വഫലമാണോ എന്ന് സ്ഥിരീകരിക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ദിവസവും കുറഞ്ഞത് 50 ഓസ്ട്രേലിയക്കാരെങ്കിലും രക്തം കട്ടപിടിക്കുന്ന പ്രശ്നവുമായി ആശുപത്രിയിലെത്താറുണ്ടെന്നും, അതില്‍ ഭൂരിഭാഗം പേര്‍ക്കും  കോവിഡ് വാക്സിന്‍ ലഭിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണകാരണത്തെക്കുറിച്ച് വ്യക്തമായി അറിയുന്നതിനു മുമ്പ് നിഗമനങ്ങളിലെത്തരുതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും അഭ്യര്‍ത്ഥിച്ചിരുന്നു.

യു.എസ് സൈന്യവുമായി സംഘടിച്ച് സൈനിക താവളങ്ങള്‍ നവീകരിക്കാനൊരുങ്ങി ഓസ്ട്രേലിയ

Metrom Australia April 29, 2021 GOVERNMENT

യുഎസ് സൈന്യവുമായി സംഘടിച്ച് രാജ്യത്തെ സൈനിക താവളങ്ങള്‍ നവീകരിക്കാനൊരുങ്ങുകയാണ് ഓസ്ട്രേലിയ എന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷത്തില്‍ വടക്കന്‍ ഓസ്‌ട്രേലിയയിലെ നാല് സൈനിക താവളങ്ങളാണ് നവീകരിക്കാനുദ്ദേശിച്ചിരിയ്ക്കുന്നത്. ഇതിനായി 0.5 ബില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ചൈനയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് രാജ്യത്തെ പ്രതിരോധശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടം.

അതേസമയം പസിഫിക്കില്‍ 'യുദ്ധകാഹളം മുഴങ്ങുന്നു' എന്ന മുന്നറിയിപ്പോടെ ചൈനയും തായ്വാനും തമ്മില്‍ ഒരേറ്റുമുട്ടലുണ്ടാവാനുള്ള സാധ്യതയുടെ സൂചന കാണുന്നുണ്ടെന്നും പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ അറിയിച്ചു. തായ്വാനും ചൈനയും തമ്മില്‍ ലയിക്കുകയെന്ന ഉദ്ദേശത്തോടെ യുദ്ധം ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് ഈയിടയ്ക് ചൈനീസ് ഭരണകൂടം നടത്തുന്നത്.
 

കോവിഡ് പ്രതിസന്ധി: ന്യൂസിലാൻഡ് ഇന്ത്യയെ സഹായിക്കുന്നു

Metrom Australia April 28, 2021 GOVERNMENT

കോവിഡ് പ്രതിസന്ധി മൂലം ഉഴലുന്ന ഇന്ത്യയെ സഹായിക്കാൻ നിരവധി ലോക രാജ്യങ്ങൾക്കൊപ്പം ന്യൂസീലാൻഡും. ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറാണ് ഓക്സിജൻ സിലിണ്ടറുകൾക്കും മെഡിക്കൽ സപ്ലൈകൾക്കുമായി ന്യൂസിലാൻഡ് ചിലവഴിക്കുക. Red Cross വഴിയായിരിക്കും സഹായം 
എത്തിക്കുക. സമൂഹ മാധ്യമങ്ങൾ വഴിയാണ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിൽ നിന്നും വിമാനങ്ങൾ‌ മെയ് പകുതിയോടെ പുനരാരംഭിക്കുമെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി

Metrom Australia April 28, 2021 GOVERNMENT

നോര്‍ത്തേണ്‍ ടെറിട്ടറി: ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ജൂണ്‍ വരെ മാറ്റിവയ്ക്കാനുള്ള സമീപകാല തീരുമാനത്തില്‍ നിന്നും നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാര്‍ പിന്മാറി. എന്നാല്‍ മെയ് 15ന് തന്നെ വിമാന സര്‍വീസ് നടത്തുമെന്നും ഗവണ്മെന്റ് വ്യക്തമാക്കി. അതേസമയം ഡാര്‍വിന് തെക്ക് സ്ഥിതിചെയ്യുന്ന ഹോവാര്‍ഡ്‌സ് സ്പ്രിംഗ്‌സില്‍  നിലവില്‍ 50ല്‍ അധികം സജീവ കോവിഡ് കേസുകളുണ്ട്. ഈ മാസം ആദ്യം ചെന്നൈയില്‍ നിന്നും ന്യൂഡല്‍ഹിയില്‍ നിന്നും എത്തിയ രണ്ട് വിമാനങ്ങളിലുള്ളവരായിരുന്നു ഒട്ടുമിക്കവര്‍ക്കുമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
 

ഇന്ത്യയിലേക്ക് വെന്റിലേറ്ററുകളും PPE കിറ്റുകളും ഓസ്‌ട്രേലിയ അയക്കും: സ്കോട്ട് മോറിസൻ

Metrom Australia April 27, 2021 GOVERNMENT

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍, ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയില്‍ ഇപ്പോഴുള്ള ഗുരുതരമായ പ്രതിസന്ധി നേരിടാന്‍ പിന്തുണയും സഹായവും നല്‍കും എന്ന് അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇന്ത്യയുമായുള്ള എല്ലാ യാത്രാ വിമാന സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് അതായത് മേയ് 15 വരെ നിര്‍ത്തിവയ്ക്കാന്‍ ദേശീയ ക്യാബിനറ്റിന്റെ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. വെന്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളുമുള്‍പ്പെടെ ഇന്ത്യയ്ക്ക് സഹായമെത്തിക്കാനും ഓസ്‌ട്രേലിയ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് രണ്ടാം വ്യാപനം മൂലം ഇന്ത്യ PPE കിറ്റുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും അതിരൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ചൂണ്ടിക്കാട്ടി.

ആദ്യഘട്ടമെന്ന നിലയില്‍ ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് 500 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററുകള്‍, പത്തു ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകള്‍, അഞ്ചു ലക്ഷം P2/N95 മാസ്‌കുകള്‍, ഒരു ലക്ഷം സര്‍ജിക്കല്‍ ഗൗണ്‍, ഒരു ലക്ഷം കണ്ണടകള്‍, ഒരു ലക്ഷം ജോഡി ഗ്ലൗവ്‌സ്, 20,000 ഫേസ് ഷീല്‍ഡുകളുമാണ് അയക്കുക. ഇന്ത്യയ്ക്ക് നല്‍കാനായി 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. PPE കിറ്റുകളും മറ്റ് ഉപകരണങ്ങളും അടുത്തയാഴ്ചയോടെ ഇന്ത്യയിലേക്ക് എത്തിക്കും. പസഫിക് മേഖലയിലെ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും, ഇന്ത്യയെ തിരിച്ച് സഹായിക്കേണ്ട ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയ അതിന് മുന്നോട്ടുവരികയാണെന്നും വിദേശകാര്യമന്ത്രി മരീസ് പൈനും ചൂണ്ടിക്കാട്ടി.

അതേസമയം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഡാര്‍വിനിലേക്ക് നടത്തുന്ന  രണ്ട് ക്വാണ്ടസ് വിമാന സര്‍വീസുകളും, സിഡ്‌നിയിലേക്കുള്ള രണ്ട്  എയര്‍ ഇന്ത്യ വിമാന സര്‍വീസുകളും ഇത്തരത്തില്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനിച്ചു. മറ്റ് രാജ്യങ്ങള്‍ വഴി വരുന്ന കണക്ടഡ് വിമാനസര്‍വീസുകള്‍ക്കും വിലക്ക് ബാധകമാകും. എന്നാല്‍ മേയ് പതിനഞ്ചിന് ഈ തീരുമാനം വീണ്ടും പരിശോധിക്കും. ദോഹ, ദുബായ്, സിംഗപ്പൂര്‍, ക്വാലാലംപൂര്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ ഇതിനകം നിര്‍ത്തിവച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭാവിയില്‍ ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാവരും PCR ടെസ്റ്റിലും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലും നെഗറ്റീവ്  സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരും. ഇന്ത്യയിലേക്ക് പോകാന്‍ ഇളവു നല്‍കുന്നതും കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള യാത്രകള്‍ (national interest), ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള ഇളവ്, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് എന്നീ മൂന്നു സാഹചര്യങ്ങളില്‍ മാത്രമേ ഇന്ത്യയിലേക്ക് പോകാന്‍ ഇളവ് അനുവദിക്കൂ.

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരില്‍ ആരോഗ്യസ്ഥിതി മോശമായവരെയും മറ്റ് പ്രശ്‌നങ്ങളില്‍പ്പെട്ടവരെയും തിരിച്ചെത്തിക്കുക എന്നതിന് മുന്‍ഗണന നല്‍കിയാകും വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്ന കാര്യം പരിശോധിക്കുക. പെര്‍ത്തും, അഡ്‌ലൈഡും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ തിരിച്ചെത്തുന്നതും ഇതോടെ സാധ്യമല്ലാതാകും.