NSW-ല്‍ 48 കാരി രക്തം കട്ട പിടിച്ച് മരിച്ച സംഭവം; വാക്സിന്റെ പാർശ്വഫലമാകാൻ സാധ്യത

Metrom Australia April 17, 2021 GOVERNMENT

ന്യൂ സൗത്ത് വെയില്‍സില്‍ 48 കാരി രക്തം കട്ട പിടിച്ച് മരിച്ചത് ആസ്ട്രസെനക്ക വാക്‌സിന്റെ പാര്‍ശ്വഫലം മൂലമാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ മാസമാദ്യം ആസ്ട്രസെനക്ക വാക്‌സിനെടുത്തിരുന്ന സ്ത്രീയാണ് രക്തം കട്ടപിടിച്ചതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന്  മരിച്ചത്. ഏപ്രില്‍ എട്ടിനായിരുന്നു ഇവര്‍ക്ക് ആസ്ട്രസെനക്ക വാക്‌സിനെടുത്തത്. ഇവര്‍ക്ക് പ്രമേഹവുമുണ്ടായിരുന്നു.ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതോടെ നാലു ദിവസത്തിനു ശേഷം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ചാണ് ഇവര്‍ മരിച്ചത്. വാക്‌സിനെടുത്തതുമായി രക്തം കട്ടപിടിക്കലിന് ബന്ധമുണ്ടോ എന്നറിയാന്‍ ആരോഗ്യവകുപ്പ് വിദഗ്ധ പരിശോധനകള്‍ നടത്തിയിരുന്നു. ഈ പരിശോധനകളുടെ അടിസ്ഥാനത്തിലാണ്, തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ കീഴിലുള്ള വാക്‌സിന്‍ സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ഗ്രൂപ്പ് (VSIG) ഇത് വാക്‌സിന്റെ പാര്‍ശ്വഫലമാകാന്‍ സാധ്യതയുണ്ട് എന്ന് സ്ഥിരീകരിച്ചത്. പ്രമേഹമുള്‍പ്പെടെയുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍, ഇവരുടെ മരണകാരണം പരിശോധിക്കുന്നത് സങ്കീര്‍ണ്ണമായിരുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. 

VSIG വെള്ളിയാഴ്ച വൈകിട്ട് യോഗം ചേര്‍ന്ന് ഈ പരിശോധനാ ഫലങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് TGA വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചതും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതും വാക്‌സിനേഷുമായി ബന്ധപ്പെട്ടാകാന്‍ സാധ്യതയുണ്ടെന്ന് TGAയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

50 വയസില്‍ താഴെയുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന കൊടുക്കാന്‍ കഴിഞ്ഞയാഴ്ച ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം വരുന്നതിന് കുറച്ചുനേരം മുമ്പാണ് ഈ 48കാരിക്ക് ആസ്ട്രസെനക്ക വാക്‌സിന്‍ ലഭിച്ചത്. മരിച്ച സ്ത്രീയുടെ ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. അടുത്തയാഴ്ച ഇവരുടെ പോസ്റ്റ്‌മോര്‍ട്ടവും നടത്തും. ഈ പരിശോധനകളില്‍ മറ്റെന്തെങ്കിലും മരണകാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ VSIGയുടെ വിലയിരുത്തല്‍ പുന:പരിശോധിക്കുമെന്നും TGA വ്യക്തമാക്കി. 

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് രക്തം കട്ടപിടിച്ചവരില്‍ മുമ്പ് കാണാത്ത തരത്തിലുള്ള പല  ലക്ഷണങ്ങളും ഇവരിലുണ്ടായിരുന്നു. ആസ്ട്രസെനക്കയുമായി ബന്ധപ്പെട്ട ഭൂരിഭാഗം രക്തം കട്ടപിടിക്കല്‍ കേസുകളിലും കണ്ടെത്തിയ ''ആന്റി-PFA ആന്റിബോഡികള്‍'' ഈ സ്ത്രീയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും TGA അറിയിച്ചു. എന്നാല്‍, മറ്റു കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത് വാക്‌സിനേഷന്റെ പാര്‍ശ്വഫലമാകാം എന്ന് ഈ ഘട്ടത്തില്‍ വിശ്വസിക്കുന്നതെന്ന്  TGA ചൂണ്ടിക്കാട്ടി. ആസ്ട്രസെനക്ക വാക്‌സിനെടുത്ത ശേഷം ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രക്തം കട്ടപിടിക്കലാണ് ഇത്. ആദ്യമരണവും.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓസ്‌ട്രേലിയ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നു

Metrom Australia April 15, 2021 GOVERNMENT

അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ അമേരിക്കയ്ക്കു പിന്നാലെ ഓസ്ട്രേലിയയും തീരുമാനിച്ചു. ഈ വര്‍ഷം സെപ്റ്റംബറോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അവസാന ഓസ്ട്രേലിയന്‍ സൈനികനെയും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍  പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ട് നീണ്ടു നിന്ന സൈനിക നടപടികള്‍ക്കാണ് ഇതോടെ അവസാനമാകുന്നത്. അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമയമായി എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയയും നിലപാട് വ്യക്തമാക്കിയത്.

'ഏറെ വൈകാരികമായ ഒരു ദിവസമാണ്' ഇതെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ സൈന്യത്തെ പിന്‍വലിക്കുന്ന പ്രഖ്യാപനം നടത്തിയത്. അഫ്ഗാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട 41 സൈനികരുടെയും പേരുകള്‍ പ്രധാനമന്ത്രി വായിച്ചു. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടെങ്കിലും, അനിവാര്യമായ ഒരു നടപടിയായിരുന്നു അഫ്ഗാനിസ്ഥാനിലെ സൈനിക വിന്യാസമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'സ്വാതന്ത്ര്യത്തിനു വേണ്ടി നല്‍കിയ വിലയാണ് അത്. ഓസ്ട്രേലിയക്കാര്‍ എപ്പോഴും അതില്‍ വിശ്വസിക്കുന്നു', എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സൈന്യത്തെ പിന്‍വലിക്കുമെങ്കിലും, അഫ്ഗാന്‍ സര്‍ക്കാരും താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഇനിയും ഓസ്ട്രേലിയ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം അഫ്ഗാനിസ്ഥാനില്‍ ഓസ്ട്രേലിയന്‍ സൈനികര്‍ യുദ്ധക്കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു എന്ന ആരോപണങ്ങളെക്കുറിച്ച്  ചോദിച്ചപ്പോള്‍, അക്കാര്യങ്ങള്‍ സംസാരിക്കാന്‍ ഇനിയും സമയമുണ്ടാകുമെന്നും, ഇതല്ല യോജിച്ച സമയെന്നും പ്രധാനമന്ത്രി പറഞ്ഞു.

2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നാലെ അമേരിക്ക തുടങ്ങിയ അഫ്ഗാന്‍ യുദ്ധത്തിലാണ് ഓസ്ട്രേലിയയും പങ്കാളിയായത്. 20 വര്‍ഷത്തിനിടെ 39,000ലേറെ ഓസ്ട്രേലയിന്‍  സൈനികരെ അഫ്ഗാനിസ്ഥാനില്‍ വിന്യസിച്ചിരുന്നു. ഇതില്‍ 41 പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ പലമടങ്ങ് അധികം പേര്‍ക്കാണ് അഫ്ഗാന്‍ യുദ്ധത്തില്‍  പരുക്കേറ്റിട്ടുള്ളത്. നിലവില്‍ 80 ഓസ്ട്രേലിയന്‍ സൈനികരാണ് അഫ്ഗാനിലുള്ളത്.
 

ഓസ്ട്രേലിയയിലെ വൈദ്യുതി നിരക്കിൽ കുറവ്; ഗാർഹിക ഉപഭോക്താക്കൾക്ക് വാർഷിക വൈദ്യുതിനിരക്ക് കുറയും

Metrom Australia April 14, 2021 GOVERNMENT

ഒരു വര്‍ഷത്തിനിടെ രാജ്യത്ത് വൈദ്യുതി നിരക്കില്‍ ഒമ്പതു ശതമാനത്തിന്റെ കുറവുണ്ടായതായി ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷന്‍ (ACCC) ചൂണ്ടിക്കാട്ടി. പുനരുപയോഗിക്കാവുന്ന സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം കൂടിയതും, ഇന്ധനച്ചെലവ് കുറഞ്ഞതും കാരണമാണ് രാജ്യത്ത് വൈദ്യുതിയുടെ മൊത്തവിതരണ നിരക്കില്‍ കുറവുണ്ടായത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 126 ഡോളര്‍ വരെ വാര്‍ഷിക വൈദ്യുതിനിരക്ക് കുറയുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. NSW, വിക്ടോറിയ, തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റ്, സൗത്ത് ഓസ്‌ട്രേലിയ, ACT എന്നിവിടങ്ങളിലാണ് നിരക്ക് കുറയുന്നത്. ആകെ 90 കോടി ഡോളറിന്റെ കുറവാകും ഒരു വര്‍ഷം വൈദ്യുതി നിരക്കില്‍ ഉണ്ടാകുന്നത്.


വിക്ടോറിയ - 171 മുതല്‍ 198 ഡോളര്‍ വരെ, NSW - 80 മുതല്‍ 88 ഡോളര്‍ വരെ, തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റ് - 126 ഡോളര്‍, സൗത്ത് ഓസ്‌ട്രേലിയ - 118 ഡോളര്‍, ACT - 46 ഡോളര്‍ എന്നിങ്ങനെയാണ് ഓരോ സംസ്ഥാനത്തെയും ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന വാര്‍ഷിക ലാഭം. നിരക്കിലെ ഈ കുറവ് വൈദ്യുതി വിതരണ കമ്പനികള്‍ ജനങ്ങള്‍ക്ക് കൈമാറണമെന്ന് ACCC നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതിയുടെ മൊത്തവിതരണ രംഗത്ത് ചെലവ് കുറയുമ്പോള്‍ അത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന പ്രൊഹിബിറ്റിംഗ് എനര്‍ജി മാര്‍ക്കറ്റ് മിസ്‌കോണ്‍ഡക്ട് (PEMM) എന്ന പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. രണ്ടു തരത്തിലാണ് നിരക്ക് കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുക എന്ന് ACCC ചെയര്‍മാന്‍ റോഡ് സിംസ് ചൂണ്ടിക്കാട്ടി. ഒന്നുകില്‍ നിരക്ക് കുറഞ്ഞ പുതിയ ഒരു പ്ലാനിലേക്ക് മാറാം. അല്ലെങ്കില്‍ നിലവിലെ വൈദ്യുത വിതരണ കമ്പനി കുറഞ്ഞ നിരക്ക് നല്‍കാനായി കാത്തിരിക്കാവുന്നതാണ്. 

മെൽബണിൽ ട്രക്കിടിച്ച് പൊലീസുകാർ കൊല്ലപ്പെട്ട സംഭവം; ട്രക്ക് ഡ്രൈവർക്ക് 22 വർഷം തടവുശിക്ഷ

Metrom Australia April 14, 2021 GOVERNMENT

മയക്കുമരുന്ന് ലഹരിയില്‍ ട്രക്കിടിച്ച് മെല്‍ബണില്‍ നാലു പൊലീസുകാരുടെ മരണത്തിന് കാരണക്കാരനായ ട്രക്ക് ഡ്രൈവര്‍ മൊഹീന്ദര്‍ സിംഗിനെ കോടതി 22 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് മെല്‍ബണിലെ ഈസ്റ്റേണ്‍ ഫ്രീവേയില്‍ അപകടമുണ്ടായത്. അമിതവേഗതയില്‍ പോയ ഒരു പോര്‍ഷെ കാറിനെ ഫ്രീവേയിലെ എമര്‍ജന്‍സി ലൈനിലുണ്ടായ നാല് പൊലീസ് ഓഫീസര്‍മാര്‍ തടഞ്ഞുനിര്‍ത്തി അതിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനെയായിരുന്നു അപകടം. മൊഹീന്ദര്‍ സിംഗ് (48) ഓടിച്ചിരുന്ന ട്രക്ക് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് എമര്‍ജന്‍സി ലൈലനിലേക്ക് പാഞ്ഞുകയറുകയും പൊലീസ് കാര്‍ ഇടിച്ചുതകര്‍ക്കുകയുമാണുണ്ടായത്. ലീഡിങ് സീനിയര്‍ കോണ്‍സ്റ്റബിള്‍ ലിനെറ്റ് ടൈലര്‍, സീനിയര്‍ കോണ്‍സ്റ്റബിള്‍ കെവിന്‍ കിംഗ്, കോണ്‍സ്റ്റബിള്‍മാരായ ഗ്ലെന്‍ ഹംഫ്രിസ്, ജോഷ് പ്രെസ്റ്റനി എന്നിവര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.

അപകടകം നടക്കുന്ന സമയത്ത് ഇയാള്‍ക്ക് കനത്ത ഉറക്കക്ഷീണവും ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തിയത്. ട്രക്ക് ഉടമയില്‍ നിന്ന് കനത്ത സമ്മര്‍ദ്ദമുണ്ടായതിനാലാണ് അപ്പോള്‍ ഡ്രൈവ് ചെയ്യേണ്ടിവന്നതെന്ന് മൊഹീന്ദര്‍ സിംഗിന്റെ അഭിഭാഷകന്‍ നേരത്തേ വാദിച്ചു. തൊട്ടുമുമ്പുള്ള മൂന്നു ദിവസങ്ങളില്‍ ആകെ അഞ്ചു മണിക്കൂര്‍ മാത്രമാണ് ഇയാള്‍ ഉറങ്ങിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ പതിവായി മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നുവെന്നും, ഇത് മാനസികമായി ബാധിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

സംഭവത്തില്‍ മൊഹീന്ദര്‍ സിംഗ് കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. മരണകാരണമാകുന്ന രീതിയില്‍ വാഹനമോടിച്ചതും, മയക്കുമരുന്ന് കടത്തിയതും ഉള്‍പ്പെടെയുള്ള എട്ടു കുറ്റങ്ങളും മൊഹീന്ദര്‍സിംഗ് കോടതിയില്‍ സമ്മതിച്ചിരുന്നു. 22 വര്‍ഷത്തെ തടവുശിക്ഷയാണ് മൊഹീന്ദര്‍ സിംഗിന് വിധിച്ചതെങ്കിലും 18 വര്‍ഷവും ആറു മാസവും കഴിഞ്ഞ് പരോള്‍ ലഭിക്കും. ട്രക്കുടമയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷത്തോളം ഇയാള്‍ ഇതിനകം ജയില്‍വാസം അനുഭവിച്ച്കഴിഞ്ഞു.

സ്പുട്നിക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അന്തിമ അനുമതി നൽകി

Metrom Australia April 13, 2021 GOVERNMENT

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റഷ്യന്‍ നിര്‍മ്മിത സ്പുടിനിക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അന്തിമ അനുമതി നല്‍കി. വിദഗ്ധ സമിതി ഇന്നലെ വാക്‌സിന് അനുമതി നല്‍കിയിരുന്നു. പിന്നാലെ ഇന്ന് ഡിസിജിഐയും അനുമതി നല്‍കി. മെയ് ആദ്യവാരം മുതല്‍ വാക്‌സീന്‍ രാജ്യത്ത് വിതരണത്തിന് തയ്യാറാകും. 18 വയസിന് മുകളിലുള്ളവര്‍ക്ക് മുതല്‍ വാക്‌സീന്‍ ലഭ്യമാക്കാനാണ് തീരുമാനം. 

ഇതോടെ സ്പുട്‌നിക്കിന് അംഗീകാരം നല്‍കുന്ന അറുപതാമത് രാജ്യമായി ഇന്ത്യ. രാജ്യത്ത് വിതരണാനുമതി ലഭിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക്. 91.6% ഫലപ്രാപ്തിയാണ് ഈ വാക്‌സീനുള്ളത്.