NSWൽ കൂടുതൽ ഇളവുകൾ; മാർഗരേഖയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു

Metrom Australia Oct. 7, 2021 GOVERNMENT

ന്യൂ സൗത്ത് വെയിൽസിൽ ലോക്ക്ഡൗൺ ഇളവുകൾക്കായി പുറത്തുവിട്ട  മാർഗരേഖയിൽ പുതിയ പ്രീമിയർ ഡൊമിനിക് പെറോട്ടെ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 11 മുതൽ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നത് സംബന്ധിച്ച മാർഗരേഖ മുൻ പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പുറത്തുവിട്ടിരുന്നു. ഈ ഇളവുകൾ വീണ്ടും പുനഃപരിശോധിച്ച പ്രീമിയർ, നിശ്ചയിച്ച ദിവസം തന്നെ കൂടുതൽ ഇളവുകൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ ഇളവുകൾ എന്തെല്ലാമാണെന്ന് നോക്കാം:
1. വീടുകളിൽ 10 പേർക്ക് ഒത്തുചേരാം.
2. കെട്ടിടത്തിന് പുറത്ത് 30 മുതിർന്നവർക്ക് വീതം ഒത്തുചേരാം.
3. ഒക്ടോബർ 25 മുതൽ കുട്ടികൾക്ക് സ്കൂളുകളിലേക്ക് മടങ്ങാം. കൂടാതെ കിന്റർഗാർട്ടൻ, ഒന്നാം ക്ലാസ്, 12 ആം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒക്ടോബർ 18 മുതൽ സ്കൂളികളിൽ തിരിച്ചെത്താം.
4. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 100 പേർക്ക് പങ്കെടുക്കാം.
5. കെട്ടിടത്തിനകത്തുള്ള നീന്തൽക്കുളങ്ങൾ തുറക്കും.

എന്നാൽ സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ നടപ്പാക്കുന്ന ഇളവുകൾ, സ്ഥിതിഗതി വിലയിരുത്തിയ ശേഷം വിവേകപൂർവം നടപ്പാക്കുന്നതാണെന്ന് പ്രീമിയർ വ്യക്തമാക്കി. അതോടൊപ്പം സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനേഷൻ 80 ശതമാനമാകുന്നതോടെ നടപ്പാക്കുന്ന ഇളവുകളും പ്രീമിയർ പ്രഖ്യാപിച്ചു.

ഇളവുകൾ:
1. ഓഫീസ് കെട്ടിടങ്ങളിൽ മാസ്ക് നിർബന്ധമല്ല.
2. വീടുകളിൽ 20 പേർക്കും കെട്ടിടത്തിന് പുറത്ത് 50 പേർക്ക് ഒത്തുചേരാം.
3. കെട്ടിടത്തിന് പുറത്ത് നടക്കുന്ന ടിക്കറ്റ് വച്ചുള്ള പരിപാടികൾക്ക് 3,000 പേർക്ക് പങ്കെടുക്കാം.

അതേസമയം ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച
ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലുള്ളവർക്ക് ഒക്ടോബർ 11 മുതൽ തൊഴിലിടങ്ങളിലേക്ക് മടങ്ങാമെന്ന് പുതിയ ഡെപ്യൂട്ടി പ്രീമിയർ പോൾ ടൂൾ അറിയിച്ചു. എന്നാൽ, രണ്ടാം ഡോസ് സ്വീകരിക്കാനായി ഇവർക്ക് നവംബർ ഒന്ന് വരെ സമയമുണ്ടാകും.

കടപ്പാട്: SBS Malayalam

കോവിഡ് മരുന്ന് 'മൊനുപ്പിറവിയറി'ന് ഓർഡർ നൽകി ഓസ്ട്രേലിയ

Metrom Australia Oct. 6, 2021 GOVERNMENT

കോവിഡ് മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് തെളിയിച്ച മൊനുപ്പിറവിയറിന്റെ മൂന്ന് ലക്ഷം ഡോസുകൾക്ക് ഓസ്ട്രേലിയ ഓർഡർ നൽകി. അമേരിക്കൻ മരുന്ന് കമ്പനിയായ മെർക്ക് ഷാർപ് ആൻഡ് ഡോം വികസിപ്പിച്ച ഈ ആന്റി വൈറൽ മരുന്നിന് TGA അനുമതി നൽകിയാൽ അടുത്ത വർഷം ആദ്യം രാജ്യത്ത് ലഭ്യമാകുമെന്നാണ് സൂചന. ഇതിന്റെ അന്തിമ ഘട്ട ക്ലിനിക്കൽ പരിശോധന പുരോഗമിക്കുകയാണ്.

എന്നാൽ മുതിർന്നവർക്ക് കോവിഡ് ബാധിക്കുമ്പോൾ ഉണ്ടാകുന്ന നേരിയ രോഗലക്ഷണങ്ങൾ മുതൽ ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ വരെ ചികിത്സിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്.
മരുന്ന് സൂക്ഷിക്കുന്നതിന് താപനില ഒരു പ്രശ്നമല്ലാത്തതിനാൽ, ഏത് സാഹചര്യത്തിലും ഇത് ഉപയോഗിക്കാം. ക്യാപ്സ്യൂൾ രൂപത്തിലുള്ള ഈ മരുന്ന്, ദിവസം രണ്ട് നേരം വീതം അഞ്ച് ദിവസം എന്ന രീതിയിലാണ് കഴിക്കുക. 

അതേസമയം രാജ്യത്ത് വാക്‌സിനേഷൻ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. അതിനാൽ ചികിത്സക്കായുള്ള മരുന്നുകൾ വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഗുളികകൾ പോലെ കഴിക്കാവുന്ന ഈ മരുന്ന്, ആവശ്യാനുസരണം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടും വ്യക്തമാക്കി.

പുതിയ NSW ഡെപ്യൂട്ടി പ്രീമിയറായി പോൾ ടൂൾ

Metrom Australia Oct. 6, 2021 GOVERNMENT

ന്യൂ സൗത്ത് വെയിൽസിൽ റീജിയണൽ ഗതാഗത മന്ത്രിയായിരുന്ന പോൾ ടൂൾ പുതിയ ഡെപ്യൂട്ടി പ്രീമിയറാകും. ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്തു നിന്ന് ജോൺ ബാരിലാരോ രാജി വെച്ചതിനെ തുടർന്നാണ് പോൾ ടൂൾ പുതിയ ഡെപ്യൂട്ടി പ്രീമിയറാകുന്നത്. 
ന്യൂ സൗത്ത് വെയിൽസ് രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾ സംഭവിച്ച ആഴ്ചകളാണിത്.  

ഗ്ലാഡിസ് ബെറജ്കളിയൻ പ്രീമിയർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ഗതാഗത മന്ത്രി ആൻഡ്രൂ കോൺസ്റ്റൻസും, ഡെപ്യൂട്ടി പ്രീമിയർ ആയിരുന്ന ജോൺ ബാരിലാരോയും രാജി സമർപ്പിച്ചു. ഇതോടെ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ജല മന്ത്രിയായ മെലിൻഡ പാവെയെ പരാജയപ്പെടുത്തിയാണ് പോൾ ടൂൾ ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2005ൽ ബാതർസ്റ്റ് റീജിയണൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടൂൾ രണ്ട് വർഷത്തിന് ശേഷം മേയറായി സ്ഥാനമേറ്റിരുന്നു. 2011ൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 
മൂന്ന് വർഷമായി NSW നാഷണൽസിന്റെ ഡെപ്യൂട്ടി ലീഡറായിരുന്ന പോൾ ടൂൾ, കൊവിഡ് പ്രതിരോധ തീരുമാനങ്ങളിൽ പ്രധാന പങ്കു വഹിച്ചിരുന്നു. 
20 വർഷം പ്രൈമറി സ്കൂൾ അധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. അതേസമയം പോൾ ടൂൾ ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്ത് എത്തിയതോടെ  പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായി വനിതാ മന്ത്രി ബ്രോണി ടെയ്‌ലറിനെ തെരഞ്ഞെടുത്തു.

പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം തുടങ്ങി പ്രിയങ്ക ഗാന്ധി

Metrom Australia Oct. 5, 2021 GOVERNMENT

ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയില്‍ തുടരവേ നിരാഹാര സമരം തുടങ്ങി പ്രിയങ്ക ഗാന്ധി. സംഘര്‍ഷം നടന്ന ലഖിംപുരിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവേ ഇന്നലെയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡയില്‍ എടുത്തത്. ലക്നൗവ്വില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ സിതാപുർ ഗസ്റ്റ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.

ഞായറാഴ്ച്ച ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ നാല് കര്‍ഷകരടക്കം ഒന്‍പത് പേരാണ് മരിച്ചത്. സംഘർഷങ്ങളിൽ 18 പേരെ അറസ്റ്റു ചെയ്തതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. ചിലർ സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്നും ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പൊലീസ് മേധാവി വിനീത് ഭട്നഗർ പറഞ്ഞു.കർഷകർക്കിടയിലേക്ക് മനഃപൂർവം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. മനഃപൂർവമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂർ ഖേരിയിൽ വിന്യസിച്ചിട്ടുണ്ട്. മേഖലയിൽ നിരോധനാജ്ഞ തുടരുകയാണ്.

NSW-ലെ പുതിയ പ്രീമിയറായി ഡൊമിനിക് പെറോട്ടറ്റ്; ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയർ

Metrom Australia Oct. 5, 2021 GOVERNMENT

സിഡ്‌നി: NSW - ൻ്റെ നാല്പത്തിയാറാമത് പ്രീമിയറാകാൻ ഡൊമിനിക് പെറോട്ടറ്റ്. ഗ്ലാഡിസ് ബെറജക്ലിയൻ രാജിവെച്ചതിനെ തുടർന്നാണ് നിലവിൽ സംസ്ഥാന ട്രെഷററായ ഡൊമിനിക് പെറോട്ടറ്റ് പുതിയ പ്രീമിയറായി സ്ഥാനമേൽക്കുന്നത്. 39 വയസുള്ള അദ്ദേഹം ന്യൂ സൗത്ത് വെയിൽസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയറായിരിക്കും. 

പ്ലാനിംഗ് മന്ത്രി റോബ് സ്റ്റോക്സിനെ പാർട്ടി റൂം ബാലറ്റിൽ 39-5 എന്ന വോട്ടുകൾക്ക് പരാജപ്പെടുത്തിയാണ് പെറോട്ടറ്റ് പ്രീമിയറാകുന്നത്. അതേസമയം സംസ്ഥാന ലിബറൽ പാർട്ടി ഡെപ്യുട്ടി നേതാവായി തൊഴിൽ മന്ത്രി സ്റ്റുവർട്ട് അയേഴ്സ് സ്ഥാനമേൽക്കും. പരിസ്ഥിതി മന്ത്രി മാറ്റ് കീൻ ട്രഷറർ സ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. ഗ്ലാഡിസ് ബെറജക്ലിയനെതിരെ ന്യൂ സൗത്ത് വെയിൽസ് അഴിമതി-വിരുദ്ധ നിരീക്ഷണ സമിതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ്  ബെറജക്ലിയൻ രാജി വെച്ചത്.

സിഡ്‌നി - വെസ്റ്റ് പെന്നന്റ് ഹിൽ സ്വദേശിയായ ഡൊമിനിക് ഡ്യൂറൽ റെഡ് ഫീൽഡ് കോളേജ്, കാസിൽ ഹില്ലിലെ ഓക്ക് ഹിൽ കോളേജ് എന്നിവിടെങ്ങളിലായാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. തുടർന്ന് University of Sydney യിൽ നിന്ന് നിയമ ബിരുദം പൂർത്തീകരിക്കുന്നതിനിടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടിയാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. NSW Young Lberal സിന്റെ പ്രസിഡന്റ് ആയി തന്റെ 23 ആം വയസിൽ തെരെഞ്ഞെടുക്കപ്പെട്ട ഡൊമിനിക് തുടർന്ന് പടിപടിയായി ലിബറൽ പാർട്ടി നേതൃ നിരയിലേക്കുയർത്തപ്പെടുകയായിരുന്നു. ലോയർ ആയ ഹെലൻ പെറോട്ടറ്റ് ആണ് അദ്ദേഹത്തിന്റെ ഭാര്യ.