കോവിഡ് പ്രതിസന്ധി: ന്യൂസിലാൻഡ് ഇന്ത്യയെ സഹായിക്കുന്നു

Metrom Australia April 28, 2021 GOVERNMENT

കോവിഡ് പ്രതിസന്ധി മൂലം ഉഴലുന്ന ഇന്ത്യയെ സഹായിക്കാൻ നിരവധി ലോക രാജ്യങ്ങൾക്കൊപ്പം ന്യൂസീലാൻഡും. ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറാണ് ഓക്സിജൻ സിലിണ്ടറുകൾക്കും മെഡിക്കൽ സപ്ലൈകൾക്കുമായി ന്യൂസിലാൻഡ് ചിലവഴിക്കുക. Red Cross വഴിയായിരിക്കും സഹായം 
എത്തിക്കുക. സമൂഹ മാധ്യമങ്ങൾ വഴിയാണ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിൽ നിന്നും വിമാനങ്ങൾ‌ മെയ് പകുതിയോടെ പുനരാരംഭിക്കുമെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി

Metrom Australia April 28, 2021 GOVERNMENT

നോര്‍ത്തേണ്‍ ടെറിട്ടറി: ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ജൂണ്‍ വരെ മാറ്റിവയ്ക്കാനുള്ള സമീപകാല തീരുമാനത്തില്‍ നിന്നും നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാര്‍ പിന്മാറി. എന്നാല്‍ മെയ് 15ന് തന്നെ വിമാന സര്‍വീസ് നടത്തുമെന്നും ഗവണ്മെന്റ് വ്യക്തമാക്കി. അതേസമയം ഡാര്‍വിന് തെക്ക് സ്ഥിതിചെയ്യുന്ന ഹോവാര്‍ഡ്‌സ് സ്പ്രിംഗ്‌സില്‍  നിലവില്‍ 50ല്‍ അധികം സജീവ കോവിഡ് കേസുകളുണ്ട്. ഈ മാസം ആദ്യം ചെന്നൈയില്‍ നിന്നും ന്യൂഡല്‍ഹിയില്‍ നിന്നും എത്തിയ രണ്ട് വിമാനങ്ങളിലുള്ളവരായിരുന്നു ഒട്ടുമിക്കവര്‍ക്കുമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
 

ഇന്ത്യയിലേക്ക് വെന്റിലേറ്ററുകളും PPE കിറ്റുകളും ഓസ്‌ട്രേലിയ അയക്കും: സ്കോട്ട് മോറിസൻ

Metrom Australia April 27, 2021 GOVERNMENT

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍, ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയില്‍ ഇപ്പോഴുള്ള ഗുരുതരമായ പ്രതിസന്ധി നേരിടാന്‍ പിന്തുണയും സഹായവും നല്‍കും എന്ന് അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇന്ത്യയുമായുള്ള എല്ലാ യാത്രാ വിമാന സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് അതായത് മേയ് 15 വരെ നിര്‍ത്തിവയ്ക്കാന്‍ ദേശീയ ക്യാബിനറ്റിന്റെ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. വെന്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളുമുള്‍പ്പെടെ ഇന്ത്യയ്ക്ക് സഹായമെത്തിക്കാനും ഓസ്‌ട്രേലിയ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് രണ്ടാം വ്യാപനം മൂലം ഇന്ത്യ PPE കിറ്റുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും അതിരൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ചൂണ്ടിക്കാട്ടി.

ആദ്യഘട്ടമെന്ന നിലയില്‍ ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് 500 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററുകള്‍, പത്തു ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകള്‍, അഞ്ചു ലക്ഷം P2/N95 മാസ്‌കുകള്‍, ഒരു ലക്ഷം സര്‍ജിക്കല്‍ ഗൗണ്‍, ഒരു ലക്ഷം കണ്ണടകള്‍, ഒരു ലക്ഷം ജോഡി ഗ്ലൗവ്‌സ്, 20,000 ഫേസ് ഷീല്‍ഡുകളുമാണ് അയക്കുക. ഇന്ത്യയ്ക്ക് നല്‍കാനായി 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. PPE കിറ്റുകളും മറ്റ് ഉപകരണങ്ങളും അടുത്തയാഴ്ചയോടെ ഇന്ത്യയിലേക്ക് എത്തിക്കും. പസഫിക് മേഖലയിലെ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും, ഇന്ത്യയെ തിരിച്ച് സഹായിക്കേണ്ട ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയ അതിന് മുന്നോട്ടുവരികയാണെന്നും വിദേശകാര്യമന്ത്രി മരീസ് പൈനും ചൂണ്ടിക്കാട്ടി.

അതേസമയം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഡാര്‍വിനിലേക്ക് നടത്തുന്ന  രണ്ട് ക്വാണ്ടസ് വിമാന സര്‍വീസുകളും, സിഡ്‌നിയിലേക്കുള്ള രണ്ട്  എയര്‍ ഇന്ത്യ വിമാന സര്‍വീസുകളും ഇത്തരത്തില്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനിച്ചു. മറ്റ് രാജ്യങ്ങള്‍ വഴി വരുന്ന കണക്ടഡ് വിമാനസര്‍വീസുകള്‍ക്കും വിലക്ക് ബാധകമാകും. എന്നാല്‍ മേയ് പതിനഞ്ചിന് ഈ തീരുമാനം വീണ്ടും പരിശോധിക്കും. ദോഹ, ദുബായ്, സിംഗപ്പൂര്‍, ക്വാലാലംപൂര്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ ഇതിനകം നിര്‍ത്തിവച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭാവിയില്‍ ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാവരും PCR ടെസ്റ്റിലും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലും നെഗറ്റീവ്  സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരും. ഇന്ത്യയിലേക്ക് പോകാന്‍ ഇളവു നല്‍കുന്നതും കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള യാത്രകള്‍ (national interest), ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള ഇളവ്, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് എന്നീ മൂന്നു സാഹചര്യങ്ങളില്‍ മാത്രമേ ഇന്ത്യയിലേക്ക് പോകാന്‍ ഇളവ് അനുവദിക്കൂ.

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരില്‍ ആരോഗ്യസ്ഥിതി മോശമായവരെയും മറ്റ് പ്രശ്‌നങ്ങളില്‍പ്പെട്ടവരെയും തിരിച്ചെത്തിക്കുക എന്നതിന് മുന്‍ഗണന നല്‍കിയാകും വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്ന കാര്യം പരിശോധിക്കുക. പെര്‍ത്തും, അഡ്‌ലൈഡും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ തിരിച്ചെത്തുന്നതും ഇതോടെ സാധ്യമല്ലാതാകും.
 

മോദിയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ ദിനപ്പത്രം

Metrom Australia April 27, 2021 GOVERNMENT

ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിനാശത്തിലേക്ക് നയിക്കുന്നു എന്ന ഓസ്‌ട്രേലിയന്‍ ദിനപ്പത്രമായ 'ദ ഓസ്‌ട്രേലിയ' നില്‍ വന്ന ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ച് കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തി. ബ്രിട്ടീഷ് ദിനപ്പത്രമായ ദ ടൈംസിന്റെ ഏഷ്യന്‍ ലേഖകനായ ഫിലിപ് ഷെര്‍വെല്‍ എഴുതിയ 'മോഡി ഇന്ത്യയെ നയിക്കുന്നത് വൈറസ് വിനാശത്തിലേക്ക്' എന്ന തലക്കെട്ടോടെയായിരുന്നു ഈ ലേഖനം ദ ഓസ്‌ട്രേലിയന്‍ പുനപ്രസിദ്ധീകരിച്ചത്. റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പ്പാണ് ദ ഓസ്‌ട്രേലിയന്റെ പ്രസാധകര്‍. ''ധാര്‍ഷ്ട്യം, അമിത ദേശീയത, കഴിവുകെട്ട ഉദ്യോഗസ്ഥവൃന്ദം എന്നിവ ചേര്‍ന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇന്ത്യയില്‍ സൃഷ്ടിക്കുന്നത്. ജനം ശ്വാസം മുട്ടുമ്പോഴും, ആള്‍ക്കൂട്ടത്തെ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രി വിശ്രമിക്കുകയാണ്'' എന്ന് ഈ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. 

ലേഖനത്തെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തിയത്. വസ്തുതാ വിരുദ്ധവും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങളാണ് ലേഖനത്തിലുള്ളതെന്ന് ചൂണ്ടിക്കാട്ടി പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫിന് കത്തയച്ച ഹൈക്കമ്മീഷന്‍, അത് ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. ദ ഓസ്‌ട്രേലിയന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് കൂടെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പ്രതികരണം ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തത്. വസ്തുതകള്‍ പരിശോധിക്കാതെയും, ഇന്ത്യന്‍ സര്‍ക്കാരിന്റെ വിശദീകരണം ചോദിക്കാതെയുമാണ് ലേഖനം എഴുതിയിട്ടുള്ളതെന്ന് ഹൈക്കമ്മീഷന്‍ കുറ്റപ്പെടുത്തി.


 

OCI കാർഡും പുതുക്കണമെന്ന വ്യവസ്ഥ ഇന്ത്യൻ സർക്കാർ മാറ്റി

Metrom Australia April 27, 2021 GOVERNMENT

OCI കാര്‍ഡുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യവസ്ഥകയ്യില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. 20 വയസില്‍ താഴെയുള്ളവര്‍ ഓരോ തവണ പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴും OCI കാര്‍ഡും പുതുക്കണമെന്ന വ്യവസ്ഥ ഇന്ത്യന്‍ സര്‍ക്കാര്‍ മാറ്റി. 20 വയസ് പൂര്‍ത്തിയായ ശേഷം ആദ്യമായി പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍, അതോടൊപ്പം OCI കാര്‍ഡും പുതുക്കേണ്ടിവരും. ഇത് ഒരൊറ്റ തവണ ചെയ്താല്‍ മതി. നിലവിലുണ്ടായിരുന്ന നിയമപ്രകാരം, 20 വയസില്‍ താഴെയുള്ള OCI കാര്‍ഡ് ഉടമകള്‍ ഓരോ തവണ പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴും OCI കാര്‍ഡും പുതുക്കണം. 20 വയസിനും 50 വയസിനും ഇടയില്‍ OCI കാര്‍ഡ് പുതുക്കേണ്ട ആവശ്യമില്ലെങ്കിലും, 50 വയസു കഴിഞ്ഞ ശേഷം പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒരു തവണ കൂടി OCI കാര്‍ഡ് പുതുക്കണം എന്നായിരുന്നു വ്യവസ്ഥ. ഇതിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. 

കൂടാതെ 50 വയസ് പൂര്‍ത്തിയായ ശേഷം ഒരു തവണ OCI കാര്‍ഡ് പുതുക്കണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്. ഇതോടെ 20 വയസിനു ശേഷം ലഭിക്കുന്ന OCI കാര്‍ഡ് ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് അര്‍ത്ഥം. അതേസമയം, 20 വയസിനു താഴെയുള്ളവരും 50 വയസിനു മുകളിലുള്ളവരും പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഓണ്‍ലൈനായി ആ വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതാണ്. കൂടാതെ 20 വയസിനു താഴെയുള്ളവര്‍ പാസ്‌പോര്‍ട്ട് പുതുക്കുന്ന ഓരോ തവണയും, പുതിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ഏറ്റവും പുതിയ ഒരു ഫോട്ടോയും ഓണ്‍ലൈനായി സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് പുതുക്കി മൂന്നു മാസത്തിനുള്ളിലാകണം ഈ പകര്‍പ്പ് അപ്ലോഡ് ചെയ്യേണ്ടത്. ഇത് സൗജന്യ സേവനമായിരിക്കും. 50 വയസ് കഴിഞ്ഞ് ആദ്യമായി പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴും ഇത് ചെയ്യേണ്ടതാണ്.

അതേസമയം, ഇന്ത്യന്‍ പൗരന്‍മാരുടെയോ OCI കാര്‍ഡുടമകളുടെയോ ജീവിതപങ്കാളി എന്ന നിലയില്‍ OCI കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍, ഓരോ തവണ പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴും പുതുക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, പുതിയ ഫോട്ടോ, വിവാഹം അപ്പോഴും സാധുവാണ് എന്ന ഡിക്ലറേഷന്‍, പങ്കാളിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/OCI പകര്‍പ്പ് എന്നിവ ഓണ്‍ലൈനിലൂടെ അപ്ലോഡ് ചെയ്യേണ്ടത്. OCI മിസലേനിയസ് സര്‍വീസ് വെബ്‌പേജിലൂടെയാകും ഇത് ചെയ്യേണ്ടതെന്നും, മേയ് അവസാനത്തോടെ മാത്രമേ വെബ്‌സൈറ്റ് ഇതിന് പ്രാപ്തമാകൂ എന്നും കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. 

എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് OCI കാര്‍ഡുകള്‍ പുതുക്കാനുള്ള സമയം 2021 ഡിസംബര്‍ 31 വരെ ഇന്ത്യന്‍ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. നേരത്തെ ജൂണ്‍ 30 വരെയായിരുന്നു ഇതിനായി അനുവദിച്ചിരുന്ന സമയം. അതേസമയം ചില സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി നേടേണ്ടതാണ്. ഇന്ത്യന്‍ സന്ദര്‍ശിക്കുന്ന OCI കാര്‍ഡ് ഉടമകള്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേക അനുമതി തേടണമെന്ന നിയമം കഴിഞ്ഞ മാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മിഷനറി പ്രവര്‍ത്തനങ്ങള്‍, മാധ്യമപ്രവര്‍ത്തനം, പര്‍വ്വതാരോഹണം, തബലീഗ് പ്രവര്‍ത്തനങ്ങള്‍, അനുവാദമില്ലാത്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്, ഇവിടെ ജോലിക്കായി എത്തുന്നതിന്, ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഇന്ത്യന്‍ സന്ദര്‍ശിക്കുമ്പോള്‍, ഇന്ത്യയിലെ വിദേശ സര്‍ക്കാര്‍ സംഘടനകളിലോ വിദേശ ഡിപ്ലോമാറ്റിക് മിഷനിലോ ഇന്റേണ്‍ഷിപ്പിനായി എത്തുന്നതിനായി OCI കാര്‍ഡ് ഉടമകള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി നേടേണ്ടതാണ്. 

അതേസമയം OCI കാര്‍ഡുള്ളവര്‍ ഇന്ത്യയില്‍ പ്രവേശിക്കണമെങ്കില്‍ പുതിയ പാസ്‌പോര്‍ട്ടിനൊപ്പം പഴയ പാസ്പോര്‍ട്ടും വേണമെന്ന നിബന്ധന മാര്‍ച്ചില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തു മാറ്റിയിരുന്നു. മാര്‍ച്ച് 26ന് പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 2005 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിബന്ധനയിലാണ് മാറ്റം നടപ്പാക്കിയത്. പഴയ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള OCI കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ പഴയ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കേണ്ടതില്ല. എന്നാല്‍ പുതിയ പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്.