NSWൽ 478 പേർക്ക് കോവിഡ്; 8 മരണം

Metrom Australia Aug. 16, 2021 GOVERNMENT

ന്യൂ സൗത്ത് വെയിൽസിൽ 478 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോ വിഡ് തുടങ്ങിയ ശേഷം NSWൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്. 

കഴിഞ്ഞ 24 മണിക്കൂറിൽ എട്ട് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 
15 വയസ്സുള്ള ഒരു ടീനേജുകാരൻ, 80ന് മേൽ പ്രായമായ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും, 70 വയസ്സിന് മേൽ പ്രായമായ ഒരു പുരുഷനും ഒരു സ്ത്രീയും, 40ന് മേൽ പ്രായമായ ഒരു സ്ത്രീയുമാണ് വൈറസ്‌ ബാധിച്ച് മരണമടഞ്ഞത്.

അതേസമയം കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 18,000 പോലീസുകാരെയും 1,800 പ്രതിരോധസേനാംഗങ്ങളെയും സിഡ്‌നിയിലെ നിരത്തുകളിൽ വിന്യസിക്കുമെന്ന് NSW പോലീസ് കമ്മിഷണർ മൈക്ക് ഫുള്ളർ അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ച 500 പേരിൽ നിന്നാണ് ഞായറാഴ്ച രാത്രി പിഴ ഈടാക്കിയത്.

ഐപിഎല്ലില്‍ പങ്കെടുത്ത രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തിരിച്ചെത്തി; യാത്രാവിലക്ക് മറികടക്കാനുള്ള പഴുത് അടച്ചു

Metrom Australia April 30, 2021 GOVERNMENT

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെങ്കിലും ഐപിഎലില്‍ പങ്കെടുത്തിരുന്ന രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്നലെ തിരിച്ചെത്തി. കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ എന്നിവരാണ് വിലക്ക് നിലവില്‍ വന്ന ശേഷവും രാജ്യത്തേക്ക് തിരിച്ചെത്തിയത്. ഇതിനു പുറമേ മറ്റു ചില യാത്രക്കാരും  ഇതേ മാര്‍ഗ്ഗത്തിലൂടെ ഓസ്‌ട്രേലിയയിലേക്ക് എത്തിയിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍, ദോഹ വഴിയായിരുന്നു ഈ യാത്ര. എന്നാല്‍ സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ച ശേഷം ഉണ്ടായിരുന്ന ഒരു പഴുതായിരുന്നു ഇതെന്നും, ആ പഴുത് ഇപ്പോള്‍ അടച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

ദോഹ, ദുബൈ, സിംഗപ്പൂര്‍, ക്വാലാലംപൂര്‍ എന്നീ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ വരുന്നത് നിര്‍ത്തലാക്കുമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ദോഹ വഴി യാത്ര ചെയ്യാന്‍ ഖത്തര്‍ എയര്‍വേയ്‌സ് പിന്നീട് അനുവദിച്ചിരുന്നു. 48 മണിക്കൂറിനുള്ളിലെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ദോഹ വഴി യാത്ര ചെയ്യാം എന്നായിരുന്നു ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കിയത്. എന്നാല്‍, ഈ പഴുത് കണ്ടെത്തിയ ശേഷം ഖത്തര്‍ എയര്‍വേയ്‌സിനെ സര്‍ക്കാര്‍ ബന്ധപ്പെട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഈ മാറ്റം വരുത്തുന്നതിന് തൊട്ടുമുമ്പാണ് ക്രിക്കറ്റ് താരങ്ങള്‍ യാത്ര ചെയ്ത വിമാനം ദോഹയില്‍ നിന്ന് പുറപ്പെട്ടതെന്നും, അതിനാലാണ് അവര്‍ക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതെന്നും നയന്‍ റേഡിയോയോട് അദ്ദേഹം പറഞ്ഞു. ദോഹ വഴി ട്രാന്‍സിറ്റ് ചെയ്ത് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇനി വരാന്‍ കഴിയില്ല എന്ന് എയര്‍ലൈന്‍സ് ഉറപ്പു നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ കോവിഡ് പരിശോധനഫലം വിശ്വാസയോഗ്യമല്ലെന്ന് പശ്ചിമ ഓസ്ട്രേലിയ

Metrom Australia April 30, 2021 GOVERNMENT

പെർത്ത്: ഇന്ത്യയുടെ കോവിഡ് പരിശോധനഫലം വിശ്വാസയോഗ്യമല്ലെന്ന് പശ്ചിമ ഓസ്‌ട്രേലിയ. പശ്ചിമ ഓസ്‌ട്രേലിയൻ പ്രീമിയര്‍ മാര്‍ക്ക് മക് ഗോവാനാണ് ചൊവ്വാഴ്ച ഇന്ത്യയിലെ കോവിഡ് പരിശോധനകള്‍ ശരിയല്ലെന്നും വിശ്വാസയോഗ്യമല്ലെന്നും ആരോപിച്ചത്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഇന്ത്യയില്‍ നിന്നെത്തിയ നാലുപേരാണ് കോവിഡ് പോസിറ്റീവായത്.  ഇന്ത്യയില്‍ പരിശോധന നടത്തിയ ശേഷമാണ് ഇവരെത്തിയത്. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം. ബോര്‍ഡിംഗിന് മുന്‍പ് നടത്തുന്ന കോവിഡ് പരിശോധനയുടെ ആധികാരികതയെ ആണ് മാര്‍ക്ക് മക് ഗോവാന്‍ ചോദ്യം ചെയ്യുന്നത്.

എന്നാല്‍ ഈ പരിശോധനയെ വിശ്വസിക്കുന്നത് ഓസ്‌ട്രേലിയയില്‍ പ്രശ്‌നമുണ്ടാക്കുന്നതായും മാര്‍ക്ക് മക് ഗോവാന്റെ ആരോപണം. ഇന്ത്യയില്‍ നിന്നെത്തുന്നവരില്‍ കൊവിഡ് കണ്ടെത്തിയതിന് ഇന്ത്യയിലെ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് മാര്‍ക്ക് മക് ഗോവാന്‍ നടത്തിയിട്ടുള്ളത്. അടിയന്തര സാഹചര്യത്തില്‍ മാത്രമേ ഇന്ത്യയിലേക്ക് പോകാവൂവെന്നും മാര്‍ക്ക് മക് ഗോവാന്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെ സാഹചര്യം അതീവനാശകരമാണെന്നാണ് ഓസ്‌ട്രേലിയന്‍ മന്ത്രിയായ  കരേന്‍ ആന്‍ഡ്രൂസും ചൂണ്ടിക്കാട്ടി. മാനുഷികമായ പരിഗണന വച്ച് ഇന്ത്യയ്ക്കായി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും കരേന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു. 

NSWല്‍ വാക്‌സിനെടുത്ത രണ്ടുപേരുടെ മരണം പാര്‍ശ്വഫലങ്ങള്‍ മൂലമല്ലെന്ന് പ്രാഥമിക നിഗമനം

Metrom Australia April 29, 2021 GOVERNMENT

സിഡ്നിയിലും ടാംവര്‍ത്തിലും കോവിഡ് വാക്സിനെടുത്ത രണ്ടു പേര്‍ കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. ഇവരുടെ മരണങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ മൂലമല്ലെന്ന് പ്രാഥമിക നിഗമനം. സിഡ്നിയില്‍ 71 വയസുള്ള ഒരാളും, ടാംവര്‍ത്തില്‍ ഒരു 55കാരനുമാണ് മരിച്ചത്. ടാംവര്‍ത്ത് സ്വദേശി ആദ്യ ഡോസ് വാക്സിനെടുത്ത് എട്ടു ദിവസം കഴിഞ്ഞാണ് മരിച്ചത്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതുമൂലമാണ് മരണമെന്ന് അദ്ദേഹത്തിന്റെ ഒരു ബന്ധു പറഞ്ഞിരുന്നു. എന്നാല്‍ രോഗിയുടെ സ്വകാര്യത കണക്കിലെടുത്ത് ഇക്കാര്യം വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി. ഈ മരണങ്ങളെ വാക്സിനുമായി നേരിട്ട് ബന്ധപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നും TGയിലെ പ്രൊഫസര്‍ ജോണ്‍ സ്‌കെറിറ്റ് പറഞ്ഞു.

വാക്സിനെടുത്ത ശേഷം മറ്റ് പ്രശ്നങ്ങളുണ്ടായ 11,000 ഓളം കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കൈയിലെ വേദന മുതല്‍ ഹൃദയാഘാതം വരെയുള്ളവയുണ്ട്. എന്നാല്‍ ഇവ വാക്സിന്റെ പാര്‍ശ്വഫലമാണോ എന്ന് വിശദമായി പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ആഗോളതലത്തിലെ ആരോഗ്യ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും, വാക്സിന്റെ പാര്‍ശ്വഫലമാണോ എന്ന് സ്ഥിരീകരിക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ദിവസവും കുറഞ്ഞത് 50 ഓസ്ട്രേലിയക്കാരെങ്കിലും രക്തം കട്ടപിടിക്കുന്ന പ്രശ്നവുമായി ആശുപത്രിയിലെത്താറുണ്ടെന്നും, അതില്‍ ഭൂരിഭാഗം പേര്‍ക്കും  കോവിഡ് വാക്സിന്‍ ലഭിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണകാരണത്തെക്കുറിച്ച് വ്യക്തമായി അറിയുന്നതിനു മുമ്പ് നിഗമനങ്ങളിലെത്തരുതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും അഭ്യര്‍ത്ഥിച്ചിരുന്നു.

യു.എസ് സൈന്യവുമായി സംഘടിച്ച് സൈനിക താവളങ്ങള്‍ നവീകരിക്കാനൊരുങ്ങി ഓസ്ട്രേലിയ

Metrom Australia April 29, 2021 GOVERNMENT

യുഎസ് സൈന്യവുമായി സംഘടിച്ച് രാജ്യത്തെ സൈനിക താവളങ്ങള്‍ നവീകരിക്കാനൊരുങ്ങുകയാണ് ഓസ്ട്രേലിയ എന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷത്തില്‍ വടക്കന്‍ ഓസ്‌ട്രേലിയയിലെ നാല് സൈനിക താവളങ്ങളാണ് നവീകരിക്കാനുദ്ദേശിച്ചിരിയ്ക്കുന്നത്. ഇതിനായി 0.5 ബില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ചൈനയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് രാജ്യത്തെ പ്രതിരോധശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടം.

അതേസമയം പസിഫിക്കില്‍ 'യുദ്ധകാഹളം മുഴങ്ങുന്നു' എന്ന മുന്നറിയിപ്പോടെ ചൈനയും തായ്വാനും തമ്മില്‍ ഒരേറ്റുമുട്ടലുണ്ടാവാനുള്ള സാധ്യതയുടെ സൂചന കാണുന്നുണ്ടെന്നും പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ അറിയിച്ചു. തായ്വാനും ചൈനയും തമ്മില്‍ ലയിക്കുകയെന്ന ഉദ്ദേശത്തോടെ യുദ്ധം ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് ഈയിടയ്ക് ചൈനീസ് ഭരണകൂടം നടത്തുന്നത്.