പുതിയ NSW ഡെപ്യൂട്ടി പ്രീമിയറായി പോൾ ടൂൾ

Metrom Australia Oct. 6, 2021 GOVERNMENT

ന്യൂ സൗത്ത് വെയിൽസിൽ റീജിയണൽ ഗതാഗത മന്ത്രിയായിരുന്ന പോൾ ടൂൾ പുതിയ ഡെപ്യൂട്ടി പ്രീമിയറാകും. ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്തു നിന്ന് ജോൺ ബാരിലാരോ രാജി വെച്ചതിനെ തുടർന്നാണ് പോൾ ടൂൾ പുതിയ ഡെപ്യൂട്ടി പ്രീമിയറാകുന്നത്. 
ന്യൂ സൗത്ത് വെയിൽസ് രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾ സംഭവിച്ച ആഴ്ചകളാണിത്.  

ഗ്ലാഡിസ് ബെറജ്കളിയൻ പ്രീമിയർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ഗതാഗത മന്ത്രി ആൻഡ്രൂ കോൺസ്റ്റൻസും, ഡെപ്യൂട്ടി പ്രീമിയർ ആയിരുന്ന ജോൺ ബാരിലാരോയും രാജി സമർപ്പിച്ചു. ഇതോടെ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ജല മന്ത്രിയായ മെലിൻഡ പാവെയെ പരാജയപ്പെടുത്തിയാണ് പോൾ ടൂൾ ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2005ൽ ബാതർസ്റ്റ് റീജിയണൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടൂൾ രണ്ട് വർഷത്തിന് ശേഷം മേയറായി സ്ഥാനമേറ്റിരുന്നു. 2011ൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 
മൂന്ന് വർഷമായി NSW നാഷണൽസിന്റെ ഡെപ്യൂട്ടി ലീഡറായിരുന്ന പോൾ ടൂൾ, കൊവിഡ് പ്രതിരോധ തീരുമാനങ്ങളിൽ പ്രധാന പങ്കു വഹിച്ചിരുന്നു. 
20 വർഷം പ്രൈമറി സ്കൂൾ അധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. അതേസമയം പോൾ ടൂൾ ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്ത് എത്തിയതോടെ  പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായി വനിതാ മന്ത്രി ബ്രോണി ടെയ്‌ലറിനെ തെരഞ്ഞെടുത്തു.

പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം തുടങ്ങി പ്രിയങ്ക ഗാന്ധി

Metrom Australia Oct. 5, 2021 GOVERNMENT

ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയില്‍ തുടരവേ നിരാഹാര സമരം തുടങ്ങി പ്രിയങ്ക ഗാന്ധി. സംഘര്‍ഷം നടന്ന ലഖിംപുരിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവേ ഇന്നലെയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡയില്‍ എടുത്തത്. ലക്നൗവ്വില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ സിതാപുർ ഗസ്റ്റ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.

ഞായറാഴ്ച്ച ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ നാല് കര്‍ഷകരടക്കം ഒന്‍പത് പേരാണ് മരിച്ചത്. സംഘർഷങ്ങളിൽ 18 പേരെ അറസ്റ്റു ചെയ്തതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. ചിലർ സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്നും ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പൊലീസ് മേധാവി വിനീത് ഭട്നഗർ പറഞ്ഞു.കർഷകർക്കിടയിലേക്ക് മനഃപൂർവം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. മനഃപൂർവമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂർ ഖേരിയിൽ വിന്യസിച്ചിട്ടുണ്ട്. മേഖലയിൽ നിരോധനാജ്ഞ തുടരുകയാണ്.

NSW-ലെ പുതിയ പ്രീമിയറായി ഡൊമിനിക് പെറോട്ടറ്റ്; ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയർ

Metrom Australia Oct. 5, 2021 GOVERNMENT

സിഡ്‌നി: NSW - ൻ്റെ നാല്പത്തിയാറാമത് പ്രീമിയറാകാൻ ഡൊമിനിക് പെറോട്ടറ്റ്. ഗ്ലാഡിസ് ബെറജക്ലിയൻ രാജിവെച്ചതിനെ തുടർന്നാണ് നിലവിൽ സംസ്ഥാന ട്രെഷററായ ഡൊമിനിക് പെറോട്ടറ്റ് പുതിയ പ്രീമിയറായി സ്ഥാനമേൽക്കുന്നത്. 39 വയസുള്ള അദ്ദേഹം ന്യൂ സൗത്ത് വെയിൽസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയറായിരിക്കും. 

പ്ലാനിംഗ് മന്ത്രി റോബ് സ്റ്റോക്സിനെ പാർട്ടി റൂം ബാലറ്റിൽ 39-5 എന്ന വോട്ടുകൾക്ക് പരാജപ്പെടുത്തിയാണ് പെറോട്ടറ്റ് പ്രീമിയറാകുന്നത്. അതേസമയം സംസ്ഥാന ലിബറൽ പാർട്ടി ഡെപ്യുട്ടി നേതാവായി തൊഴിൽ മന്ത്രി സ്റ്റുവർട്ട് അയേഴ്സ് സ്ഥാനമേൽക്കും. പരിസ്ഥിതി മന്ത്രി മാറ്റ് കീൻ ട്രഷറർ സ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. ഗ്ലാഡിസ് ബെറജക്ലിയനെതിരെ ന്യൂ സൗത്ത് വെയിൽസ് അഴിമതി-വിരുദ്ധ നിരീക്ഷണ സമിതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ്  ബെറജക്ലിയൻ രാജി വെച്ചത്.

സിഡ്‌നി - വെസ്റ്റ് പെന്നന്റ് ഹിൽ സ്വദേശിയായ ഡൊമിനിക് ഡ്യൂറൽ റെഡ് ഫീൽഡ് കോളേജ്, കാസിൽ ഹില്ലിലെ ഓക്ക് ഹിൽ കോളേജ് എന്നിവിടെങ്ങളിലായാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. തുടർന്ന് University of Sydney യിൽ നിന്ന് നിയമ ബിരുദം പൂർത്തീകരിക്കുന്നതിനിടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടിയാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. NSW Young Lberal സിന്റെ പ്രസിഡന്റ് ആയി തന്റെ 23 ആം വയസിൽ തെരെഞ്ഞെടുക്കപ്പെട്ട ഡൊമിനിക് തുടർന്ന് പടിപടിയായി ലിബറൽ പാർട്ടി നേതൃ നിരയിലേക്കുയർത്തപ്പെടുകയായിരുന്നു. ലോയർ ആയ ഹെലൻ പെറോട്ടറ്റ് ആണ് അദ്ദേഹത്തിന്റെ ഭാര്യ.

കേരളത്തിന് ഇന്ത്യാ ടുഡേയുടെ ഹെൽത്ത് ഗിരി അവാർഡ്

Metrom Australia Oct. 3, 2021 GOVERNMENT

ന്യൂഡൽഹി: ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ  ഹെൽത്ത് ഗിരി അവാർഡ്  കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് കേരളത്തിന് അവാർഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ടവ്യയിൽ നിന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തോടൊപ്പം  ഗുജറാത്തും പുരസ്കാരം പങ്കിട്ടു. കേരളത്തിൽ 92 ശതമാനം ജനങ്ങളും നിലവിലെ മാനദണ്ഡമനുസരിച്ച് ഒരു ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.  
41 ശതമാനം പേർ രണ്ടു ഡോസ് വാക്സിനേഷനും പൂർത്തിയാക്കി. 45 വയസിനു മുകളിലുള്ള 97 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എടുത്തവരാണ്. 

ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് നേടിയവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ   അഭിനന്ദിച്ചു. കോവിഡ്  മഹാമാരി ലോകത്ത് പിടിമുറുക്കിയപ്പോൾ വ്യക്തികളും സംഘടനകളും അവസരോചിതമായി പെരുമാറി മാതൃകയായി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ ശക്തിപ്പടുത്തിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ക്രിസ്മസിന് NSWൽ നിന്നുള്ളവർക്ക് വെസ്റ്റേൺ ഓസ്ട്രേലിയയിലേക്ക് പ്രവേശനമില്ല

Metrom Australia Sept. 11, 2021 GOVERNMENT

ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ളവർക്ക് വെസ്റ്റേൺ ഓസ്ട്രേലിയയിലേക്ക് പ്രവേശനമില്ല. NSWൽ നിന്നുള്ളവർ രണ്ട് ഡോസ് വാക്സിൻ  എടുത്താലും ക്രിസ്‌മസിന് വെസ്റ്റേൺ ഓസ്ട്രേലിയയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പ്രീമിയർ മാർക്ക് മക്ഗോവൻ വ്യക്തമാക്കി.

പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെങ്കിലും, നിങ്ങൾക്ക് ഇപ്പോഴും വൈറസ് പകരാൻ കഴിയും. അങ്ങനെ വന്നാൽ പെർത്തിലെ നഗരവാസികൾക്കത് ബുദ്ധിമുട്ടാകും. സുരക്ഷിത മേഖലയിലുള്ള വെസ്റ്റേൺ ഓസ്‌ട്രേലിയൻ നഗരങ്ങളെ ആ അവസ്‌ഥയിൽ തുടരാൻ അനുവദിക്കണമെന്ന്  അദ്ദേഹം വിശദമാക്കി. അന്യ സംസ്ഥാനുത്തുള്ളവർ ഇങ്ങോട്ട് പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ഞങ്ങൾ വളരെ ശക്തമായ സമീപനമാണ് സ്വീകരിക്കുന്നത്. സ്‌ഥിതിഗതികൾ  സുരക്ഷിതമാകുമ്പോൾ ഞങ്ങൾ മറിച്ചൊരു  തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.