ബ്രിസ്‌ബൈനിൽ എട്ട് പുതിയ കേസുകൾ കൂടി; രണ്ട് കേസുകളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല

Metrom Australia March 30, 2021 GOVERNMENT

ബ്രിസ്ബൈനിലെ കോവിഡ് ക്ലസ്റ്ററില്‍ എട്ടു പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായവരാണ് ആറ് പുതിയ രോഗബാധിതര്‍. എന്നാല്‍ രണ്ട് കേസുകളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്ത് ഇപ്പോള്‍ രണ്ട് വ്യത്യസ്ത ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായി പ്രീമിയര്‍ അനസ്താഷ്യ പലാഷേ പറഞ്ഞു. ബ്രിസ്ബൈനിലെ പ്രിന്‍സസ് അലക്സാന്‍ഡ്ര ആശുപത്രിയുമായി ബന്ധമുള്ളതാണ് ഇവ. ഇതില്‍ ഒന്ന് ആശുപത്രിയിലെ ഡോക്ടറില്‍ നിന്നും മറ്റൊന്ന് ഇതേ ആശുപത്രിയിലെ നഴ്‌സില്‍ നിന്നുമാണ്. വാക്സിനേഷന്‍ സ്വീകരിച്ചിട്ടില്ലാത്ത പ്രിന്‍സസ് അലക്സാന്‍ഡ്ര ആശുപത്രിയിലെ നഴ്‌സിനാണ് വൈറസ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് പുതിയ ക്ലസ്റ്ററുകളിലെ രോഗബാധ കുറഞ്ഞത് 15 ആയി. സജ്ജീവമായ 78 കേസുകളാണ് ഇപ്പോള്‍ ക്വീന്‍സ്ലാന്റിലുള്ളത്. 

അതിനാല്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഉത്തരവിടുമെന്ന് പ്രീമിയര്‍ അറിയിച്ചു. മാത്രമല്ല ഫൈസര്‍ വാക്സിനോ ആസ്ട്ര സെനക്ക വാക്സിനോ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരെ മാത്രമേ നേരിട്ട് കൊവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ അനുവദിക്കുകയുള്ളെവെന്നും ജാനറ്റ് യംഗ് വ്യക്തമാക്കി. 

ബ്രിസ്‌ബൈനിൽ 26 കാരന് കോവിഡ് ബാധ; സ്ഥലങ്ങൾ സന്ദർശിച്ചതായി ക്വീൻസ്ലാൻറ് ആരോഗ്യ വകുപ്പ്

Metrom Australia March 26, 2021 GOVERNMENT

ബ്രിസ്ബൈനില്‍ ഒരാള്‍ക്ക് പ്രാദേശിക കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. സ്റ്റാഫോര്‍ഡിലുള്ള 26 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയോളമായി സമൂഹത്തിലുണ്ടായിരുന്ന ഇദ്ദേഹം നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി ക്വീന്‍സ്ലാന്റ് ആരോഗ്യ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രോഗലക്ഷണങ്ങള്‍ കണ്ട ഇയാള്‍ വ്യാഴാഴ്ചയാണ് പരിശോധന നടത്തിയതും രോഗം സ്ഥിരീകരിച്ചതും. ലാന്‍ഡ്‌സ്‌കേപ്പര്‍ ആയ ഇദ്ദേഹം റോയല്‍ ബ്രിസ്ബൈന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് രണ്ടാഴ്ച മുന്‍പ് വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തിലായ ആളാവാം ഇതെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. 

ബ്രിസ്ബൈന്‍-മോര്‍ട്ടന്‍ ബേ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധനക്ക് വിധേയരാവണമെന്നും സംസ്ഥാന ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ജാനെറ്റ് യംഗ് പറഞ്ഞു.കാറിന്‍ഡെയ്ല്‍ ഷോപ്പിംഗ് സെന്ററിലും എവെര്‍ട്ടോണ്‍ പാര്‍ക്കിലുള്ള ബാസ്‌കിന്‍ ആന്‍ഡ് റോബിന്‍സ് ഐസ്‌ക്രീം സ്റ്റോറിലും മാര്‍ച്ച് 20നും, ഒരു സൂപ്പര്‍മാര്‍ക്കറ്റിലും ഇറ്റാലിയന്‍ റെറ്റോറന്റിലും മാര്‍ച്ച് 21 നും ഇയാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ മാര്‍ച്ച് 22ന് സ്റ്റാഫോര്‍ഡിലെ ബണ്ണിംഗ്സും സന്ദര്‍ശിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ഇവിടം  സന്ദര്‍ശിച്ചവര്‍ പരിശോധനക്ക് വിധേയരാവണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രാദേശിക ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ബ്രിസ്ബൈന്‍ സിറ്റി കൗണ്‍സിലിലും മോര്‍ട്ടന്‍ ബേ പ്രദേശങ്ങളിലുമുള്ള ഏജ്ഡ് കെയര്‍ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ജയിലുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. വെള്ളിയാഴ്ച ഉച്ച മുതല്‍ നിയന്ത്രണം നടപ്പാക്കുന്നതായി പ്രീമിയര്‍ അനസ്താഷ്യ പാലാഷേ അറിയിച്ചു. 

ന്യൂ സൗത്ത് വെയില്‍സില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

Metrom Australia March 25, 2021 GOVERNMENT

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് ബാധ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. സംഗീത പരിപാടികള്‍ക്കും നൃത്ത പരിപാടികള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റി. കൂടാതെ വീടുകളില്‍ ഒത്തുചേരാവുന്നവരുടെ എണ്ണത്തിലും നിയന്ത്രണമില്ല. എന്നാല്‍ 100 പേരില്‍ കൂടുതല്‍ ഒത്തുകൂടുന്നിടത്ത് കോവിഡ് സുരക്ഷാ പദ്ധതി നടപ്പാക്കുകയും സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കുകയും വേണം. മാത്രമല്ല വിവാഹത്തിനും സംസ്‌ക്കാര ശുശ്രൂഷകള്‍ക്കും പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ല.
 

ന്യൂ സൗത്ത് വെയിൽസിലെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ 100 ഡോളറിന്റെ സൗജന്യ വൗച്ചർ

Metrom Australia March 25, 2021 GOVERNMENT

ന്യൂ സൗത്ത് വെയില്‍സിലെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡൈന്‍ ആന്‍ഡ് ഡിസ്‌കവര്‍ സ്‌കീമിന്റെ ഭാഗമായി 100 ഡോളറിന്റെ സൗജന്യ വൗച്ചര്‍ പ്രഖ്യാപിച്ചു. സിഡ്‌നി നഗരത്തിലെ ബിസിനസുകളിലാണ് ഈ വൗച്ചര്‍ ഉപയോഗിക്കാവുന്നത്. കോവിഡ് പ്രതിസന്ധി നേരിട്ട സിഡ്നിയിലെ ബിസിനസുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് ലക്ഷം വൗച്ചറുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്.  ഇതിനായി 51.5 മില്യണ്‍ ഡോളറിന്റെ പക്കലേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണില്‍ വിതരണം ചെയ്തു തുടങ്ങുന്ന വൗച്ചറുകള്‍ ആദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് ലഭിക്കുക. 

സിഡ്‌നി നഗരത്തിലെ ഹോട്ടലുകളില്‍ താമസിക്കാനാണ് ഈ 100 ഡോളര്‍ വൗച്ചര്‍. ഇതിലൂടെ സിഡ്നിയിലെ ഹോട്ടലുകളില്‍ താമസിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി സ്റ്റുവര്‍ട്ട് അയേഴ്സ് വ്യക്തമാക്കി. അതേസമയം ബിസിനസ് പരിപാടികള്‍ക്കായി 5.5 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ മാറ്റിവെക്കുന്നുണ്ട്. 150 പേരില്‍ കുറവുള്ള ബിസിനസ് പരിപാടികള്‍ക്ക് 15,000 ഡോളര്‍ ഗ്രാന്റ് നല്‍കുമെന്നും അറിയിച്ചു. കൂടാതെ തത്സമയ സംഗീത വേദികള്‍ക്കായി 24 മില്യണ്‍ ഡോളറും സര്‍ക്കാര്‍ മാറ്റി വയ്ക്കുന്നുണ്ട്.
 

വിക്ടോറിയയിലേക്കുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ആദ്യ ഘട്ടത്തില്‍ 800 പേരെ അനുവദിക്കും

Metrom Australia March 25, 2021 GOVERNMENT

വിക്ടോറിയയില്‍ കൊറോണ വ്യാപനം ഇല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ച്ചയായ 27 ദിവസങ്ങളായി സംസ്ഥാനത്ത് സജ്ജീവമായ കൊവിഡ് കേസുകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏപ്രില്‍ എട്ടാം തീയതി മുതല്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ആക്ടിംഗ് പ്രീമിയര്‍ ജെയിംസ് മെര്‍ലിനോ അറിയിച്ചു. തുടക്കത്തില്‍ ആഴ്ചയില്‍ 800 പേരെയാണ് വിദേശത്തു നിന്ന് സംസ്ഥാനത്തേക്ക് അനുവദിക്കുന്നത്. പിന്നീട് ക്വാറന്റൈന്‍ ഹോട്ടലിന്റെ വെന്റിലേഷന്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ആഴ്ചയില്‍ 1,120 പേരെ അനുവദിക്കുമെന്നും ജെയിംസ് മെര്‍ലിനോ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ പദ്ധതി അടുത്ത രണ്ടാഴ്ചയിലാണ് പുനരാരംഭിക്കുന്നതാണ്. ക്വാറന്റൈന്‍ സമയത്ത് യാത്രക്കാരുടെ പരിശോധന നാല് തവണയാക്കിയുയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.