പുതിയ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിൽ ഏറ്റവും പിന്നിലായി ഓസ്ട്രേലിയ
പുതിയ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിൽ ഏറ്റവും പിന്നിലായി ഓസ്ട്രേലിയ. 64 രാജ്യങ്ങൾ അടങ്ങുന്ന പട്ടികയിൽ ഓസ്ട്രേലിയ 58-ാം സ്ഥാനത്താണ്. കസാക്കിസ്ഥാൻ, സൗദി അറേബ്യ, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് ശേഷം ഏറ്റവും അവസാനമാണ് ഓസ്ട്രേലിയുടെ സ്ഥാനം.
ഗ്ലാസ്ഗോയിൽ നടന്ന COP26 ഉച്ചകോടിയിൽ പുറത്ത് വിട്ട ഏറ്റവും പുതിയ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിൽ എല്ലാ വിഭാഗങ്ങളും പരിഗണിക്കുമ്പോൾ, റിന്യൂവബിൾസിൽ 52 ആം സ്ഥാനവും, ഊർജ്ജ ഉപയോഗത്തിന് 54 ആം സ്ഥാനവും, ഹരിതഗൃഹ വാതക ഉദ്വമനത്തിന് 56 ആം സ്ഥാനവുമാണ് ഓസ്ട്രേലിയ നേടിയത്. കാർബൺ ബഹിർഗമനം ഇല്ലാതാക്കാൻ പര്യാപ്തമല്ല ഓസ്ട്രേലിയയുടെ നയങ്ങൾ എന്നാണ് റിപ്പോർട്ട്.
പുതിയ സാങ്കേതിക വിദ്യയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള ഓസ്ട്രേലിയയുടെ മാർഗരേഖ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം കൂട്ടാൻ ആവശ്യത്തിന് പ്രോത്സാഹനം നൽകുന്നവയല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നില്ല എന്നും വ്യക്തമാക്കുന്നു. 2050 ൽ നെറ്റ് സീറോ എന്ന പദ്ധതി ഓസ്ട്രേലിയ ഗ്ലാസ്ഗോയിൽ അവതരിപ്പിച്ചെങ്കിലും ഇതിനായുള്ള പുതിയ നയങ്ങളോ പദ്ധതികളോ മുൻപോട്ട് വയ്ക്കാത്തതിനെയും വിമർശിക്കുന്നുണ്ട്. അതേസമയം കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ നികുതി വർദ്ധിപ്പിക്കുകയല്ല, മറിച്ച് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണുകയാണ് ഓസ്ട്രേലിയ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
ഈ പട്ടികയിൽ ഡെന്മാർക്കാണ് ആദ്യ സ്ഥാനത്ത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിൽ ഏറ്റവും പുരോഗതി നേടിയ രാജ്യങ്ങളിൽ നെതെർലാൻഡ്സും ഗ്രീസുമാണ് മുന്നിൽ.
അതേസമയം പട്ടികയിൽ ഇന്ത്യ 10 ആം സ്ഥാനത്താണ്. റിന്യൂവബിൾ എനർജി രംഗത്ത് മീഡിയം റാങ്കിംഗ് ആണ് ഇന്ത്യ നേടിയത്. താരതമ്യേന കുറഞ്ഞ പ്രതിശീർഷ ഉദ്വമനം ഇന്ത്യയ്ക്ക് അനുകൂലമാണ്.
ജർമ്മൻ പരിസ്ഥിതി വിദഗ്ധരാണ് കാലാവസ്ഥാ വ്യതിയാന പ്രകടന പട്ടിക തയ്യറാക്കിയത്. 2005 മുതൽ ആഗോള ഉദ്വമനത്തിന്റെ 90 ശതമാനത്തിനും ഉത്തരവാദികളായ രാജ്യങ്ങളെ നാല് വിഭാഗങ്ങളിലായി തരംതിരിച്ച് താരതമ്യം ചെയ്യുകയായിരുന്നു.