ഓസ്ട്രേലിയയിൽ ആൻറ്റിജൻ പരിശോധന മാനദണ്ഡങ്ങൾ വീണ്ടും പുതുക്കി നിശ്ചയിച്ചു. കഴിഞ്ഞയാഴ്ച കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ റാപ്പിഡ് ആൻറ്റിജൻ കിറ്റുകൾ നിർദേശിച്ചത് ദേശീയ ക്യാബിനറ്റ് യോഗം മാറ്റി നിശ്ചയിച്ചു. റാപ്പിഡ് ആൻറ്റിജൻ കിറ്റുകൾക്ക് ക്ഷാമം നേരിട്ടു തുടങ്ങിയതോടെയാണ് പുതിയ തീരുമാനം.
ഇതോടെ വെസ്റ്റേൺ ഓസ്ട്രേലിയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും പരിശോധനകൾക്ക് പുതിയ മാനദണ്ഡങ്ങൾ ബാധകമാകും.
അതോടൊപ്പം റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ സൗജന്യമായി എല്ലാവർക്കും ലഭ്യമാക്കില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. കൺസഷൻ കാർഡ് ഉടമകൾക്ക് മാത്രമാകും സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റിന് അർഹതയുണ്ടാകുക. ഇവർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ 10 സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വീതം (ഒരു മാസത്തിൽ പരമാവധി അഞ്ച്) നൽകാനും ദേശീയ ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇനിപ്പറയുന്ന കാർഡുകൾ കൈവശമുള്ള ആളുകൾക്കാകും ഫാർമസികൾ വഴി സൗജന്യ കിറ്റുകൾ ലഭിക്കുക.
പെൻഷൻ കൺസഷൻ കാർഡ്, കോമൺവെൽത്ത് സീനിയേഴ്സ് ഹെൽത്ത് കെയർ കാർഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സ് ഗോൾഡ്, വൈറ്റ് അല്ലെങ്കിൽ ഓറഞ്ച് കാർഡ്, ഹെൽത്ത് കെയർ കാർഡ് എന്നീ കാർഡുകൾ കൈവശമുള്ള ആളുകൾക്കാകും ഫാർമസികൾ വഴി സൗജന്യ കിറ്റുകൾ ലഭിക്കുക.
അതേസമയം വീടുകളിൽ നടത്തുന്ന റാപ്പിഡ് ആൻറ്റിജൻ പരിശോധന പോസിറ്റാവായാൽ ഇനി മുതൽ ജി.പിയുമായി ബന്ധപ്പെട്ടാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം. കൂടാതെ അന്തർ സംസ്ഥാന യാത്രകൾക്ക് മുൻപ് ആവശ്യമായിരുന്ന പരിശോധനയിലും ഇളവ് വരുത്തി. ക്വീൻസ്ലാൻഡ്, ടാസ്മാനിയ, വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് ഇനി മുതൽ പരിശോധന ആവശ്യമില്ല.
എന്നാൽ അന്താരാഷ്ട്ര യാത്രക്കാർ ഓസ്ട്രേലിയയിൽ എത്തികഴിഞ്ഞാൽ നടത്തേണ്ടിയിരുന്ന കോവിഡ് പരിശോധനകളിലും ഇളവുണ്ട്. ക്വീൻസ്ലാൻറ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെത്തുന്ന യാത്രക്കാർ രണ്ടാമത്തെ ‘പോസ്റ്റ് അറൈവൽ ടെസ്റ്റ്’ നടത്തേണ്ട എന്നതാണ് ഒരു മാറ്റം. കൂടാതെ ഏഴു ദിവസത്തിലൊരിക്കൽ ട്രക്ക് ഡ്രൈവർമാർക്ക് നിഷ്കർഷിച്ചിരുന്ന റോളിംഗ് ടെസ്റ്റുകളും പിൻവലിച്ചിട്ടുണ്ട്.