ബ്രഹ്മോസിന്‍റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Metrom Australia Jan. 21, 2022 GOVERNMENT , BUSINESS

ന്യൂഡൽഹി: സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീസയിലെ ബാലസോറിലാണ് പരീക്ഷണം നടത്തിയത്. മിസൈലില്‍ നടത്തിയ ഏറ്റവും പുതിയ സാങ്കേതിക മാറ്റങ്ങള്‍ വിജയകരമായി പുതിയ പരീക്ഷണത്തിലൂടെ പൂര്‍ത്തിയാക്കിയതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

കര, വായു, കപ്പൽ, മുങ്ങിക്കപ്പൽ എന്നിവിടങ്ങളിൽ നിന്നു വിക്ഷേപിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ബ്രഹ്മോസിന്റെ ഫ്ലൈറ്റ് റെയ്ഞ്ച് 290 കിലോമീറ്ററാണ്. 200 മുതൽ 300 കിലോഗ്രാം വരെ വഹിച്ചു സഞ്ചരിക്കാൻ ബ്രഹ്മോസിനു കഴിയും. 

നേരത്തെ ജനുവരി 11ന് കടലില്‍ നിന്നും വിക്ഷേപണ യോഗ്യമായ ബ്രഹ്മോസ് പരീക്ഷിച്ചിരുന്നു. അന്ന് നാവികസേനയുടെ ഐഎന്‍എസ് വിശാഖപട്ടണം യുദ്ധകപ്പലില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത് 2005 ൽ ഐഎൻഎസ് രജപുതിൽ നിന്ന്. 2007ൽ കരയിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു. 2015 ൽ കടലിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു.

ഓസ്‌ട്രേലിയയില്‍ റെക്കോഡ് താപനില രേഖപ്പെടുത്തി

Metrom Australia Jan. 17, 2022 GOVERNMENT

ഓസ്ട്രേലിയയിൽ റെക്കോഡ് താപനില രേഖപ്പെടുത്തി. പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ സ്ഥിതി ചെയ്യുന്ന തീരദേശ പട്ടണമായ ഓൺസ്ലോയിലാണ് റെക്കോഡ് താപനില രേഖപ്പെടുത്തിയത്. ഇവിടെ താപനില 50.7 ഡിഗ്രി സെൽഷ്യസാണ്. 1962 ൽ തെക്കൻ ഓസ്ട്രേലിയയിൽ രേഖപ്പെടുത്തിയ താപനിലയ്ക്ക് സമാനമാണിത്. സാധാരണയായി ഈ മാസങ്ങളിൽ ഓൺസ്ലോയിൽ അനുഭവപ്പെടുന്ന ശരാശരി താപനില 36.5 ഡിഗ്രി സെൽഷ്യസാണ്. താപനില വരും ദിവസങ്ങളിൽ ഉയരാനാണ് സാധ്യത.

അതേസമയം മാർഡി, റോബോൺ എന്നീ നഗരങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി. ഇടിമിന്നലിന്റെ അഭാവമാണ് ഈ മേഖലയിൽ ചൂടുള്ള വായു വർധിക്കാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ലൂക്ക് ഹണ്ടിംഗ്ടൺ പ്രതികരിച്ചു. പ്രദേശവാസികൾ വീടുകളിൽ എയർ കണ്ടീഷനറുകൾ ഉപയോഗിച്ച് സുരക്ഷിതരായി ഇരിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
കഴിഞ്ഞ ഏഴു വർഷമായി ആഗോള താപനത്തിൽ വർധനവുണ്ടാകുന്നുവെന്ന് യൂറോപ്യൻ യൂണിയനിലെ ഉപഗ്രഹസംവിധാനത്തിന്റെ റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് റെക്കോഡ് താപനില രേഖപ്പെടുത്തിയത്.

കോവിഡ് രോഗികളുടെ ചികിത്സ മെഡി-ഹോട്ടലുകളിലേക്ക് മാറ്റാൻ വിക്ടോറിയ

Metrom Australia Jan. 15, 2022 GOVERNMENT

കോവിഡ് രോഗികളുടെ ചികിത്സ ക്വാറൻറൈൻ ഹോട്ടലുകളിലേക്ക് മാറ്റാൻ വിക്ടോറിയൻ സർക്കാറിൻ്റെ തീരുമാനം. ആശുപത്രിവാസം അവസാനിക്കുന്ന ഘട്ടത്തിലുള്ള 300-ലധികം കോവിഡ് രോഗികളെ ചികിത്സ പൂർത്തിയാക്കുന്നതിനായി 'മെഡി-ഹോട്ടലു’കളിലേക്ക് മാറ്റാനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് വിക്ടോറിയൻ സർക്കാരിൻറെ നടപടി. 

എമർജൻസി റൂമുകളിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായാണ് രോഗികളെ മെഡി- ഹോട്ടലുകളിലേക്ക് മാറ്റുന്നതെന്ന് വിക്ടോറിയൻ ആക്ടിംഗ് ആരോഗ്യ മന്ത്രി ജെയിംസ് മെർലിനോ വ്യക്തമാക്കി. മെഡി-ഹോട്ടലിൽ ആയിരിക്കുമ്പോഴും രോഗികൾക്ക് ആശുപത്രി പരിചരണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലുകളിലും രോഗികളെ ഇൻപേഷ്യന്റ് ആയി തന്നെയാകും പരിഗണിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മെൽബൺ CBDയിലെ പുൾമാൻ, എപ്പിങ്ങിലെ മന്ത്ര എന്നീ രണ്ടു ക്വാറന്റൈൻ ഹോട്ടലുകളെയാണ് ആദ്യഘട്ടത്തിൽ മെഡി-ഹോട്ടലുകളായി മാറ്റുക. കൊവിഡ് ക്വാറൻറൈൻ വിക്ടോറിയ(CQV)ക്കാണ് മെഡി- ഹോട്ടലുകളുടെ പരിപാലന ചുമതല. അടുത്ത ആഴ്‌ച മുതൽ കൊവിഡ് രോഗികളെ ആശുപത്രികളിൽ നിന്ന് മെഡി-ഹോട്ടലുകളിലേക്ക് മാറ്റി തുടങ്ങും. അതേസമയം ഹോട്ടലുകളിലേക്ക് മാറ്റുന്നതിന് മുൻപ് രോഗികളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതാണ്.

കുടിയേറ്റ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ജോക്കോവിച്ചിൻ്റെ വിസ വീണ്ടും റദ്ദാക്കി

Metrom Australia Jan. 14, 2022 POLITICS , GOVERNMENT , SPORTS

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ചിൻറെ വിസ ഓസ്ട്രേലിയൻ സർക്കാർ വീണ്ടും റദ്ദാക്കി. ഫെഡറൽ കുടിയേറ്റ കാര്യ മന്ത്രി അലക്‌സ് ഹോക്കാണ് തൻറെ പ്രത്യേക അധികാരം ഉപയോഗിച്ച് താരത്തിൻറെ വിസ റദ്ദാക്കിയത്. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഇത്തവണ വിസ റദ്ദാക്കിയതെന്ന് മന്ത്രി അലക്സ് ഹോക്ക് പറഞ്ഞു. 

ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ്, ആഭ്യന്തര വകുപ്പ്, ജോക്കോവിച്ച് എന്നിവർ നൽകിയ വിവരങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും കുടിയേറ്റ വകുപ്പ് മന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്ത് രാജ്യത്തിൻ്റെ അതിർത്തികൾ സംരക്ഷിക്കാൻ മോറിസൺ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കളിക്കാൻ മെൽബണിലെത്തിയ ജോക്കോവിച്ചിൻ്റെ വിസ നേരത്തെ ഫെഡറൽ സർക്കാർ റദ്ദാക്കിയിരുന്നു.  എന്നാൽ ബോർഡർ ഫോഴ്സ് റദ്ദാക്കിയ വിസ കോടതി പുന:സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  താരത്തിൻറെ വിസ രണ്ടാം തവണയും റദ്ദാക്കിയത്. എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന താരത്തെ ഫെഡറൽ സർക്കാർ തീരുമാനം വീണ്ടും പ്രതിസന്ധയിലാക്കിയിരിക്കുകയാണ്.

സ്‌കൂള്‍ തുറക്കല്‍: മാറ്റമില്ലെന്ന് വിക്ടോറിയ; രണ്ടാഴ്ച വൈകുമെന്ന് ക്വീന്‍സ്ലാന്റ്

Metrom Australia Jan. 12, 2022 GOVERNMENT

വിക്ടോറിയയിലെ സ്‌കൂളുകള്‍ ജനുവരി അവസാനം തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആക്റ്റിംഗ് ആരോഗ്യ മന്ത്രി ജെയിംസ് മെര്‍ലിനോ. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്തുന്നതിന് മുന്‍പ് വാക്സിന്‍ ഉറപ്പാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ ജെയിംസ് മെര്‍ലിനോ വ്യക്തമാക്കി. കൂടാതെ വിക്ടോറിയയിലെ സ്‌കൂളുകളില്‍ 51,000 എയര്‍ പ്യൂരിഫയറുകള്‍ നല്‍കാനുള്ള സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ടേം തുടങ്ങുന്നതിന് മുന്‍പ് ഇത് നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാലിക്കുമെന്ന് മെര്‍ലിനോ അദ്ദേഹം വിശദമാക്കി. 

അതേസമയം ക്വീന്‍സ്ലാന്റിലെ സ്‌കൂളുകള്‍ രണ്ടാഴ്ച വൈകിയാണ് തുറക്കുകയെന്ന് അറിയിച്ചു. ഇതോടെ ജനുവരി 24ന് പകരം ഫെബ്രുവരി ഏഴിനായിരിക്കും ക്വീന്‍സ്ലാന്റില്‍ സ്‌കൂളുകള്‍ തുറക്കുക. ന്യൂ സൗത്ത് വെയില്‍സില്‍ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെറോറ്റെ പറഞ്ഞു. കൂടാതെ ചില സംസ്ഥാനങ്ങളും കൂടുതല്‍ കുട്ടികള്‍ വാക്സിനേഷന്‍ സ്വീകരിക്കുന്നതിനായി സ്‌കൂളുകള്‍ തുറക്കുന്നത് വൈകിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്നത് രണ്ടാഴ്ച കൂടി വൈകിക്കണമെന്ന ആവശ്യം സൗത്ത് ഓസ്ട്രേലിയയിലെ അദ്ധ്യാപകരും മുന്നോട്ട് വച്ചിട്ടുണ്ട്.