ചൈനീസ് പുതുവർഷാഘോഷത്തിൻ്റെ ഭാഗമായി ഓസ്ട്രേലിയൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി

Metrom Australia Feb. 1, 2022 GOVERNMENT

ചൈനീസ് പുതുവർഷാഘോഷങ്ങളുടെ ഭാഗമാകാൻ ഓസ്ട്രേലിയൻ തപാൽ വകുപ്പ് പുതിയ സ്റ്റാമ്പ് പുറത്തിറക്കി. ഓരോ ചാന്ദ്രപുതുവർഷത്തിലും ഓസ്ട്രേലിയൻ തപാൽ വകുപ്പ് സ്റ്റാമ്പുകൾ പുറത്തിറക്കാറുണ്ട്. ഇത്തവണ സൗഭാഗ്യത്തിന്റെ കടുവ അഥവാ ലക്കി ടൈഗർ ചിത്രങ്ങൾ ആലേഖനം ചെയ്താണ് സ്റ്റാമ്പ് പുറത്തിറക്കിയത്. സിഡ്നിയിലെ ക്രിസ്സി ലാവു തയ്യാറാക്കിയ സൗഭാഗ്യ കടുവയുടെ ചിത്രങ്ങളാണ് ഈ സ്റ്റാമ്പിലുള്ളത്.

മൂന്നു സ്റ്റാമ്പുകളാണ് തപാൽവകുപ്പ് പുറത്തിറക്കിയത്. 1.10 ഡോളറിന്റെ സ്റ്റാമ്പിൽ ചുവന്ന പൂക്കുലയും പിടിച്ചിരിക്കുന്ന കടുവയാണ് ഉള്ളത്. ചൈനീസ് വിശ്വാസപ്രകാരം പ്രതീക്ഷയയെയും നിയന്ത്രണത്തെയുമാണ് ഇത് കുറിക്കുന്നത്.

2.20 ഡോളറിന്റെ സ്റ്റാമ്പിൽ ചൈനീസ് കഥാപാത്രമായ “ഫു”വിനെ കൈയിലേന്തിയ കടുവയാണ്. ഫു എന്നാൽ ഭാഗ്യം എന്നാണ് അർത്ഥം. ഒപ്പം മറുകൈയിൽ പടക്കങ്ങളുമുണ്ട്. ദുഷ്ടശക്തികളെ അകറ്റാനാണ് ഇത് എന്നാണ് വിശ്വാസം.

3.30 ഡോളറിന്റെ സ്റ്റാമ്പിൽ രണ്ടു കടുവകളാണ്. ഒരു കൈയിൽ ദീർഘായുസിന്റെ പ്രതീകമായ നിഗൂഢമായ കെട്ട് അഥവാ Chinese Knotഉം, മറുകൈയിൽ ഒരു ഓറഞ്ചുകുലയുമുണ്ട്. സമ്പത്തിന്റെ പ്രതീകമായ ഓറഞ്ചിന് ചൈനീസ് സംസ്കാരത്തിൽ ഏറെ പ്രാധാന്യമുണ്ട്. ചൈനീസ് സംസ്കാരവുമായി കാര്യമായി ബന്ധമൊന്നുമില്ലാത്ത പിങ്ക് നിറമാണ് ഇതിന്റെ പിന്നിലുള്ളത്. വലന്റൈൻസ് ദിനം കൂടി വരുന്നതിനാൽ പ്രണയത്തെക്കുറിക്കാനാണ് പിങ്ക് നൽകിയത്.

ഇത് രണ്ടാം തവണയാണ് ക്രിസ്സി ലാവുവിന്റെ ചിത്രങ്ങൾ തപാൽവകുപ്പ് സ്റ്റാമ്പിനായി തെരഞ്ഞെടുക്കുന്നത്. അതേസമയം ചൈനീസ്, ജാപ്പനീസ് സംസ്കാരങ്ങളിൽ പൊതുവിൽ കാണുന്ന ലക്കി ക്യാറ്റ്, അഥവാ “ഭാഗ്യപൂച്ച”കളുടെ മാതൃകയിലാണ് ഈ കടുവയുടെ ചിത്രവും തയ്യാറാക്കിയിട്ടുള്ളത്. ഏഷ്യൻ വിശ്വാസ പ്രകാരം, സമ്പത്ത് ക്ഷണിച്ചുവരുത്താൻ കഴിയുന്നതാണ് ഭാഗ്യപ്പൂച്ചകൾ.

ക്വീൻസ്ലാൻ്റിൽ പ്രായമായവർ ജനക്കൂട്ടങ്ങൾ ഒഴിവാക്കാന്‍ നിര്‍ദേശം

Metrom Australia Jan. 26, 2022 GOVERNMENT

പ്രായമായവർ തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാൻ ക്വീൻസ്‌ലാൻറ് സർക്കാരിൻ്റെ നിർദ്ദേശം. അടുത്ത രണ്ടാഴ്ചത്തേക്ക് യാത്രകൾ പരിമിതപ്പെടുത്താനും വലിയ ജനക്കൂട്ടങ്ങൾ ഒഴിവാക്കാനുമാണ് പ്രീമിയർ അനസ്‌റ്റേഷ്യ പലാഷെ നിർദേശിച്ചത്. പ്രതിദിന കോവിഡ് കേസുകൾ നിരക്ക് 13,551ലെത്തിയതോടെയാണ് പ്രീമിയറുടെ അഭ്യർത്ഥന. സംസ്ഥാനത്ത് ഒമ്പത് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ക്വീൻസ്ലാൻറിലെ ആശുപത്രികളിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച 928 ആയിരുന്ന ആശുപത്രി കേസുകളുടെ എണ്ണം 889 ആയി കുറഞ്ഞെന്നാണ് കണക്കുകൾ.

ഇന്ത്യൻ ജനതയ്ക്ക് റിപ്പബ്ലിക്ദിന ആശംസയുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി

Metrom Australia Jan. 26, 2022 GOVERNMENT

ജനുവരി 26 ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കുംപ്രധാനപ്പെട്ട ദിവസമാണ്. ഓസ്ട്രേലിയ ഡേയും, ഇന്ത്യൻ റിപ്പബ്ലിക് ദിനവുമാണ് ഇന്ന്. ഇപ്പോഴിതാ ഇരു രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നിരിക്കയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ.

നിരവധി വ്യത്യസ്തതകൾക്കിടയിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള സമാനതകളുടെയും സൗഹൃദത്തിന്റെയും ആഘോഷമാണ് ഒരുമിച്ചുള്ള ഈ ദേശീയ ദിനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും ജനാധിപത്യത്തിന്റെ ആഘോഷം കൂടിയാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഓസ്ട്രേലിയയിലുള്ള എല്ലാ ഇന്ത്യൻ വംശജർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളും പിന്നിട്ടു വന്ന വഴികൾ തീർത്തും വ്യത്യസ്തായിരുന്നുവെങ്കിലും, മുന്നോട്ടുള്ള വഴി ഒരുമിച്ചാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വതന്ത്രവും, നിയന്ത്രണങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് മേഖല എന്ന ലക്ഷ്യമാണ് ഇരു രാജ്യങ്ങളും പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സമാധാനവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായി നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോവിഡ് കാലത്ത് കുടുംബങ്ങൾ ഭിന്നിച്ച്കഴിയേണ്ട സാഹചര്യം വന്നിരുന്നുവെന്നും, എന്നാൽ ആ കാലം കടന്നു എന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.  പ്രധാനമന്ത്രിയുടെ സന്ദേശത്തിന് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നന്ദി പറയുകയും ചെയ്തു. കൂടാതെ കുടിയേറ്റകാര്യമന്ത്രി അലക്സ് ഹോക്കും ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.

ഓസ്ട്രേലിയയുടെയും ഇന്ത്യയുടെയും ദേശീയ ദിനങ്ങൾ ഒരുമിച്ച് വരുന്നത് യാദൃശ്ചികമായാണെങ്കിലും, ഇരു രാജ്യങ്ങളും പങ്കുവയ്ക്കുന്ന സമാനമായ മൂല്യങ്ങളുടെ ആഘോഷം കൂടിയാണ് ഇതെന്ന് ലേബർ പാർട്ടി നേതാവ് ആന്തണി അൽബനീസി പറഞ്ഞു.  ജനാധിപത്യത്തിന് നൽകുന്ന പ്രാധാന്യമാണ് ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

NSWൽ ഒരു മാസത്തേക്ക് കൂടി കോവിഡ് നിയന്ത്രണങ്ങൾ നീട്ടി

Metrom Australia Jan. 25, 2022 GOVERNMENT

ന്യൂ സൗത്ത് വെയിൽസിൽ കോവിഡ് നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി പ്രീമിയർ ഡൊമിനിക് പെറോറ്റെ അറിയിച്ചു. ഒമിക്രോൺ വകഭേദം മൂലമുള്ള രോഗവ്യാപനം ചെറുക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഫെബ്രുവരി 28 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിന് അനുസൃതമായ നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന്  പെറോറ്റെ ചൂണ്ടിക്കാട്ടി.

ഇതോടെ രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന സാന്ദ്രത പരിധിയും, കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്ക് ധരിക്കണം (വീട്ടിൽ ഒഴികെ) എന്ന നിബന്ധനയും തുടരുന്നതാണ്. കൂടാതെ ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ ഉൾപ്പെടെ ചില വേദികളിൽ QR കോഡ് ഉപയോഗിക്കുന്നത് നിർബന്ധമായി തുടരും. ഹോസ്‌പിറ്റാലിറ്റി വേദികൾ, നിശാക്ലബുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങിൽ സംഗീതവും നൃത്തവും അനുവദിക്കില്ല. ചില വിവാഹങ്ങൾക്ക് ഇളവ് ബാധകമായിരിക്കും. ഇലെക്റ്റിവ് അല്ലാത്ത ശസ്ത്രക്രിയകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

രോഗിക്ക് അശ്ലീല സന്ദേശമയച്ചു; ഡോക്ടർക്കെതിരെ നടപടി

Metrom Australia Jan. 24, 2022 POLITICS , GOVERNMENT

രോഗിക്ക് സാമൂഹ്യമാധ്യമങ്ങള്‍ വഴി അശ്ലീല സന്ദേശമയച്ചതിന് പെര്‍ത്തിലെ ജനറല്‍ പ്രാക്ടീഷണര്‍ ഡോ. അശ്വിന്‍ മേനോനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഡോ. അശ്വിന്‍ മേനോനെ താക്കീത് ചെയ്യാനും, രജിസ്‌ട്രേഷനു മേല്‍ ഉപാധികള്‍ ഏര്‍പ്പെടുത്താനുമാണ് ഉത്തരവ്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രൈബ്യൂണല്‍ നടപടിയെടുത്തു. 

കൂടാതെ പ്രൊഫഷണല്‍ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്ന കാര്യത്തിലും, രോഗികളോട് പെരുമാറുന്ന കാര്യത്തിലും ആരോഗ്യമേഖലയിലെ മറ്റൊരാളില്‍ നിന്ന് പരിശീലനം നേടണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. അടുത്ത ആറു മാസത്തേക്കാണ് ഇങ്ങനെ പരിശീലനം നേടേണ്ടത്. അതോടൊപ്പം മെഡിക്കല്‍ ബോര്‍ഡിന്റെ നിയമനടപടി ചെലവിലേക്ക് 4,500 ഡോളര്‍ പിഴയായി നല്‍കാനും ഉത്തരവിട്ടു.

2020 ഓഗസ്റ്റ് 18നാണ് ഡോ. അശ്വിന്‍ മേനോന് ജിപി ആയി പ്രവര്‍ത്തിക്കാന്‍ രജിസ്‌ട്രേഷന്‍ കിട്ടിയത്. രണ്ടു മാസം കഴിഞ്ഞ്, ഒക്ടോബര്‍ 27ന് ചികിത്സക്കായെത്തിയ രോഗിയോട് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് കണ്ടെത്തല്‍. 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ചികിത്സ തേടിയിരുന്ന രോഗിക്ക്, 2021 ജനുവരി 26ന് ഡോ. അശ്വിന്‍ മേനോന്‍ ഇന്‍സ്റ്റഗ്രാം വഴി സന്ദേശമയച്ചു. പിന്നീട് ഫെബ്രുവരിയില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങളയയ്ക്കുകയും, ഇന്‍സ്റ്റഗ്രാം വഴി വീഡിയോ കോള്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കൂടാതെ ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റും അയച്ചിരുന്നു. രാത്രി 11 മണിക്കും, രണ്ടു മണിക്കുമെല്ലാം സന്ദേശങ്ങള്‍ അയച്ചതായും ട്രൈബ്യൂണല്‍ കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ചില്‍ ഈ രോഗി ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണേഴ്‌സ് റെഗുലേറ്ററി അതോറിറ്റി (AHPRA)ക്ക് പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടർന്ന് 2021 മേയില്‍ തന്നെ ഡോ. അശ്വിന്‍ മേനോനെതിരെ മെഡിക്കല്‍ ബോര്‍ഡ് പ്രാഥമിക നടപടികളെടുത്തിരുന്നു. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രമേ ജോലി ചെയ്യാവൂ എന്നും, വനിതാ രോഗികളെ ചികിത്സിക്കാന്‍ പാടില്ല എന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്.തന്റെ പ്രവൃത്തി പ്രൊഫഷണല്‍ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡോ. അശ്വിന്‍ മേനോന്‍ സമ്മതിച്ചതായും, അതില്‍ പശ്ചാത്താപം പ്രകടിപ്പിച്ചതായും ട്രൈബ്യൂണല്‍ വ്യക്തമാക്കി.