ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പടുത്തി ന്യൂസിലാൻഡ്

Metrom Australia April 8, 2021 GOVERNMENT

വെല്ലിങ്ങ്ടണ്‍: കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം പൗരന്മാര്‍ക്ക് അടക്കം ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. ഓക്ലാന്‍ഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ ആണ് ഇക്കാര്യം അറിയിച്ചത്. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ജസീന്ത പറഞ്ഞു. 

വ്യാഴാഴ്ച രാജ്യാതിര്‍ത്തിയില്‍ 23 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 17 എണ്ണം ഇന്ത്യയില്‍ നിന്ന് എത്തിയവരില്‍ ആയിരുന്നു. തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. 40 ദിവസമായി ഒരു കേസുപോലും ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ആസ്ട്രസെനക്ക വാക്സിനെടുത്തവർക്ക് രക്തം കട്ടപിടിക്കുന്നു; ഓസ്ട്രേലിയയിൽ അടിയന്തര യോഗം

Metrom Australia April 8, 2021 GOVERNMENT

ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്‍ അപൂര്‍വമായെങ്കിലും രക്തം കട്ടപിടിക്കലിന് (ത്രോംബോസിസ്) കാരണമാകാമെന്ന് യൂറോപ്യന്‍ യൂണിയനിലെ ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപൂര്‍വമായി മാത്രമുണ്ടാകുന്ന പാര്‍ശ്വഫലമാണ് ഇതെങ്കിലും, സ്ത്രീകള്‍ക്കും 60 വയസില്‍ താഴെയുള്ളവര്‍ക്കുമാണ് ഇതിനു സാധ്യത കൂടുതലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് അടിയന്തരമായി പരിശോധിക്കാന്‍ ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഓസ്‌ട്രേലിയയുടെ വാക്‌സിന്‍ വിതരണ നടപടികള്‍ക്ക് രൂക്ഷമായ ഭീഷണിയുയര്‍ത്തുന്ന ഒരു മുന്നറിയിപ്പാണ് ഇതെന്ന് ഫെഡറല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 

യൂറോപ്യന്‍ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ ഓസ്‌ട്രേലിയ അടിയന്തരമായി പരിശോധിക്കുന്നുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി പറഞ്ഞു. ഓസ്‌ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷനും, തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനും (TGA) അടിയന്തര യോഗം ചേര്‍ന്ന്  ഇത് പരിശോധിക്കും. വ്യാഴാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗത്തില്‍ ഇവരുടെ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ തീരുമാനിക്കുകയും ചെയ്യും. ഓസ്‌ട്രേലിയയില്‍ ഭൂരിഭാഗം പേര്‍ക്കും ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്. രണ്ടു ലക്ഷം പേര്‍ വാക്‌സിനെടുക്കുമ്പോള്‍ അതില്‍ ഒരാള്‍ക്ക് മാത്രമേ രക്തം കട്ടപിടിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് കണ്ടെത്തലെന്ന് എന്ന് പ്രൊഫ. പോള്‍ കെല്ലി ചൂണ്ടിക്കാട്ടി.

യൂറോപ്യൻ യൂണിയനിനെ വിമർശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

Metrom Australia April 7, 2021 GOVERNMENT

ആസ്ട്രസെനക്ക വാക്സിന്‍ ഡോസുകള്‍ ഓസ്ട്രേലിയയിലേക്ക് വിതരണം ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന്‍ തടസ്സപ്പെടുത്തിയതായി താന്‍ പറഞ്ഞിട്ടില്ല എന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി. അടിയന്തരമായി ഓസ്ട്രേലിയിലേക്ക് ഒരു മില്യണ്‍ ഡോസ് വാക്സിന്‍ എത്തിക്കുന്നത് ആവശ്യപ്പെട്ട് കൊണ്ട് ആസ്ട്രസെനക്ക അധികൃതര്‍ക്ക് കത്ത് എഴുതുന്ന കാര്യം പരിഗണിക്കുന്നതായി  സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

അതേസമയം ആസ്ട്രസെനക്കയില്‍ നിന്ന് ആകെ ലഭിക്കേണ്ട 3.8 മില്യണ്‍ ഡോസ് വാക്സിന്‍ ഡോസുകളില്‍ 3.1 മില്യണ്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്ന കാര്യമാണ് ചൊവാഴ്ച്ച വ്യക്തമാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് ഓസ്ട്രേലിയയിലെ വാക്സിന്‍ വിതരണത്തെ ബാധിച്ചതായും എന്നാല്‍ ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനിനെ വിമര്‍ശിച്ചിട്ടില്ലെന്ന് അദ്ദേഹം ഇന്ന് വ്യക്തമാക്കി.

സിഡ്‌നിയിൽ 'മാസ് വാക്‌സിനേഷൻ ഹബ്' തുടങ്ങും

Metrom Australia April 7, 2021 GOVERNMENT

കോവിഡ് വാക്സിന്‍ വിതരണത്തിന് വേഗത കൂട്ടുന്നതിനായി സിഡ്നിയുടെ ഇന്നര്‍ വെസ്റ്റില്‍ 'മാസ് വാക്സിനേഷന്‍ ഹബ്' തുടങ്ങുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വാക്സിന്‍ വിതരണത്തില്‍ പകുതിയും ഈ കേന്ദ്രത്തില്‍ നിന്നായിരിക്കുമെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ വ്യക്തമാക്കി. ആഴ്ചയില്‍ 30,000 വാക്സിനേഷന്‍ നല്‍കാന്‍ കഴിയുന്ന കേന്ദ്രമാണ് തുടങ്ങുന്നതെന്ന് പ്രീമിയര്‍ വ്യക്തമാക്കി. ഇതുവഴി വാക്സിനേഷന്‍ പദ്ധതിയില്‍ ഫെഡറല്‍ സര്‍ക്കാരിനെ പിന്തുണക്കുകയാണ് ലക്ഷ്യമെന്ന് പ്രീമിയര്‍ പറഞ്ഞു. 
 
ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ച്ച 60,000 ഡോസ് വാക്സിനേഷന്‍ നല്‍കാനാണ് പദ്ധതി. ഇതില്‍ പകുതിയും 'മാസ് വാക്സിനേഷന്‍ ഹബ്' വഴി ലഭ്യമാക്കുന്നതിലൂടെ വാക്സിന്‍ വിതരണത്തിന് വേഗത കൂടുമെന്ന് പ്രീമിയര്‍ പറഞ്ഞു. ബാക്കിയുള്ള 30,000 വാക്സിനേഷന്‍ 100 ഓളം വരുന്ന മറ്റ് കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഫെഡറല്‍ സര്‍ക്കാര്‍ ആവശ്യത്തിന് വാക്സിന്‍ ലഭ്യമാക്കിയാല്‍ മാത്രമാണ് ഈ പദ്ധതി വഴി വാക്സിനേഷന്‍ നല്കാന്‍ കഴിയുകയുള്ളൂ എന്ന് പ്രീമിയറും ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡും പറഞ്ഞു. വാക്സിന്‍ ലഭ്യമാക്കേണ്ടത് ഫെഡറല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യ മന്ത്രി ചൂണ്ടികാട്ടി. സിഡ്നിയുടെ ഇന്നര്‍ വെസ്റ്റില്‍ ഹോംബുഷ് എന്ന സബര്‍ബില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഹബിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി  ആരോഗ്യ മന്ത്രി പറഞ്ഞു. 

കോവിഡ് വാക്സിന്‍ വിതരണത്തിന് വേഗത കുറവാണെന്ന് ചൂണ്ടിക്കാട്ടി NSW സര്‍ക്കാര്‍ ഉള്‍പ്പെടെ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങള്‍ ഫെഡറല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറല്‍ സര്‍ക്കാരിനെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സില്‍ ചൊവാഴ്ച്ച 6,894 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതുവരെ ന്യൂ സൗത്ത് വെയില്‍സില്‍ 134,323 പേര്‍ വാക്സിന്‍ സ്വീകരിച്ചതായാണ് കണക്കുകള്‍. 

ഓസ്ട്രേലിയക്കാർക്ക് ന്യൂസിലന്റിലേക്ക് ക്വാറന്റൈനില്ലാതെ യാത്ര ചെയ്യാം

Metrom Australia April 6, 2021 GOVERNMENT

ഏപ്രില്‍ 19 മുതല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ക്വാറന്റൈന്‍ നിബന്ധനകളില്ലാതെ ന്യൂസിലന്റിലേക്ക് യാത്ര ചെയ്യാം. ഓസട്രേലിയയില്‍ നിന്ന് ന്യൂസിലന്റിലേക്കും തിരിച്ചും ക്വാറന്റൈന്‍ നിബന്ധനകളില്ലാതെ യാത്ര സാധ്യമാക്കുന്ന യാത്രാ ബബ്ള്‍ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രഖ്യാപിച്ചു. വൈറസിനെ നിയന്ത്രിക്കാനുള്ള നടപടികള്‍ക്കൊപ്പം അതിര്‍ത്തി തുറക്കാനും കഴിയുന്നത് നിര്‍ണ്ണായകമായ ഒരു ചുവടുവയ്പ്പാണെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞു. ന്യൂസിലന്റ് സമയം ഏപ്രില്‍ 18 അര്‍ദ്ധരാത്രി മുതലാണ് യാത്രാ ബബ്ള്‍ തുടങ്ങുന്നത്. അതായത്, ഏപ്രില്‍ 19 മുതല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ന്യൂസിലന്റിലേക്ക് യാത്ര ചെയ്തു തുടങ്ങാന്‍ കഴിയും.

ന്യൂസിലന്റിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും യാത്രാ ബബ്‌ളിലൂടെ എത്തിച്ചേരാന്‍ കഴിയും. വിമാന ലഭ്യത അടിസ്ഥാനാക്കിയായിരിക്കും ഇത്. യാത്രാ ബബ്‌ളിലൂടെ ന്യൂസിലന്റിലെത്തുന്ന ഓസ്‌ട്രേലിയക്കാര്‍, ഗ്രീന്‍ സോണ്‍ എന്ന പ്രത്യേക മേഖലയിലൂടെയാകും വിമാനത്താവളങ്ങളില്‍ കടന്നുപോകുക. മറ്റു വിമാനങ്ങളിലുള്ളവരുമായി ഇവര്‍ക്ക് ഒരുവിധ സമ്പര്‍ക്കവും ഉണ്ടാകില്ല.

വിമാനത്തില്‍ മാസ്‌ക് ധരിക്കേണ്ടി വരും. കോണ്‍ടാക്റ്റ് ട്രേസിംഗിനായുള്ള ന്യൂസിലന്റിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെടും. ന്യൂസിലന്റിലായിരിക്കുമ്പോള്‍ ബന്ധപ്പെടാന്‍ കഴിയുന്ന ഫോണ്‍ നമ്പരും അധികൃതര്‍ക്ക് നല്‍കേണ്ടിവരും. അതേസമയം ഇരു രാജ്യങ്ങളില്‍ എവിടെയെങ്കിലും കൊവിഡ് സാമൂഹ്യവ്യാപനം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഈ ബബ്ള്‍ നിര്‍ത്തിവയ്ക്കുന്ന കാര്യംപരിഗണിക്കും. സാഹചര്യം കണക്കിലെടുത്താകും ഇത്.

അതോടൊപ്പം ഏപ്രില്‍ 19 മുതല്‍ ന്യൂസിലന്റിലേക്ക് സര്‍വീസ് നടത്തുമെന്ന് ക്വാണ്ടസും ജെറ്റ്സ്റ്റാറും പ്രഖ്യാപിച്ചു. നേരത്തേ ഉണ്ടായിരുന്ന എല്ലാ സര്‍വീസുകളും പുനസ്ഥാപിക്കുന്നതിനൊപ്പം,  ഓക്ക്‌ലാന്റില്‍ നിന്ന് കെയിന്‍സിലേക്കും ഗോള്‍ഡ് കോസ്റ്റിലേക്കും സര്‍വീസുണ്ടാകും. എയര്‍ ന്യൂസിലന്റും സര്‍വീസ് തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ തന്നെ ന്യൂസിലന്റില്‍ നിന്നുള്ളവര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് വരാന്‍ അനുമതി നല്‍കിയിരുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഒഴികെയുള്ള മറ്റു സംസ്ഥാങ്ങളാണ് ഈ വണ്‍-വേ ട്രാവല്‍ ബബ്‌ളിന്റെ ഭാഗമായിരുന്നത്. ഇത് രണ്ടു ഭാഗത്തേക്കുമാക്കി മാറ്റുകയാണ് ഇപ്പോള്‍.