ക്വീൻസ്ലാന്റിൽ ബ്രിട്ടനിൽ നിന്നുള്ള പുതിയ സ്ട്രെയിൻ കൊറോണവൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗ്രെയ്റ്റർ ബ്രിസ്ബൈൻ മേഖലയിൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകി. ക്വാറന്റൈൻ ഹോട്ടലിലെ ഒരു ജീവനക്കാരിക്കാണ് വ്യാഴാഴ്ച കൊറോണബാധ സ്ഥിരീകരിച്ചത്.
അവശ്യ സേവനങ്ങളിലെ ജോലിക്കായും, അടുത്തുള്ള കടകളിൽ അവശ്യസാധനങ്ങൾ വാങ്ങാനും, ആരോഗ്യ മേഖലയിലെ ജോലികൾക്കും, വ്യായാമം ചെയ്യാനും മാത്രമേ പുറത്തിറങ്ങാൻ അനുവാദം ഉള്ളു.
രോഗം ബാധിച്ച ക്വാറന്റൈൻ ഹോട്ടൽ ജീവനക്കാരി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ജനുവരി രണ്ടിന് ആൾട്ടൺടി സ്റ്റേഷനിൽ നിന്ന് റോമാ സ്ട്രീറ്റിലേക്ക് രാവിലെ ഏഴു മണിക്കും അന്നേ ദിവസം തിരികെ നാല് മണിക്കും യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ ജനുവരി മൂന്നിന് രാവിലെ 11 മണി മുതൽ 12 മണി വരെ ഇവർ കാലംവെയിൽ സെൻട്രൽ ഷോപ്പിംഗ് സെന്ററിലെ വൂൾവർത്സ് സന്ദർശിച്ചിട്ടുണ്ട്.
സണ്ണിബാങ്ക് ഹിൽസിലെ കോൾസിൽ ജനുവരി അഞ്ചിന് രാവിലെ ഏഴരക്കും സണ്ണിബാങ്ക് ഹിൽസിലെ ഷോപ്പിംഗ് ടൗണിലുള്ള ന്യൂസ്ഏജന്റിൽ രാവിലെ എട്ട് മുതൽ എട്ടേകാൽ വരെയും ഇവർ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
അതിനാൽ അൽജസ്റ്റർ, സണ്ണിബാങ്ക് ഹിൽസ്, കാലംവെയിൽ എന്നിവിടങ്ങളിൽ താമസിക്കുന്നവർ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധനക്ക് വിധേയരാവണമെന്നും അധികൃതർ അറിയിച്ചു.
ഇപ്പോൾ ഈ ലോക്ക്ഡൗൺ നടപ്പാക്കിയില്ലെങ്കിൽ 30 ദിവസത്തെ ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരുമെന്ന് പ്രീമിയർ അനസ്താഷ്യ പാലാഷേ പറഞ്ഞു. രോഗബാധ പടരാൻ ഇടയുള്ളതിനാൽ ബ്രിസ്ബൈൻ, ലോഗൻ, ഇപ്സ്വിച്ച്, മോർട്ടൻ, റെഡ്ലാൻഡ്സ് എന്നീ പ്രദേശങ്ങളിൽ ഉള്ളവർ വീട് വിട്ടു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പ്രീമിയർ അറിയിച്ചു. എന്നാൽ 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമല്ല.
രോഗബാധയൊന്നുമില്ലാത്ത 113 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഒരു പ്രാദേശിക രോഗബാധ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഗ്രെയ്റ്റർ ബ്രിസ്ബൈൻ മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
അതേ സമയം, രോഗബാധ കൂടിയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് വിവാഹങ്ങൾക്ക് പത്ത് പേർ, സംസ്കാര ചടങ്ങുകൾക്ക് 20 പേർ എന്ന രീതിയിലേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഹെയർഡ്രെസ്സർ, നെയിൽ സലൂൺ, സിനിമ, ജിം എന്നിവിടങ്ങൾ ആരും സന്ദർശിക്കരുതെന്നും ക്വീൻസ്ലാൻറ് ചീഫ് ഹെൽത്ത് ഓഫീസർ ജാനെറ്റ് യംഗ് അറിയിച്ചു. വാരാന്ത്യത്തിൽ നടക്കേണ്ട എല്ലാ കായികൾ വിനോദങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ജനുവരി രണ്ട് മുതൽ ഗ്രെയ്റ്റർ ബ്രിസ്ബൈൻ മേഖല സന്ദർശിച്ചവർ സ്വയം ഐസൊലേറ്റ് ചെയ്യണമെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ജാനെറ്റ് യംഗ് അറിയിച്ചു. ഗോൾഡ് കോസ്റ്റ്, കെയിൻസ്, സൺഷൈൻ കോസ്റ്റ് എന്നിവിടങ്ങളിൽ അവധിയാഘോഷിക്കാൻ പോയിട്ടുള്ള ഗ്രെയ്റ്റർ ബ്രിസ്ബൈൻ മേഖലയിലുള്ളവർ അവൈഡ് തന്നെ മൂന്ന് ദിവസം ചോലവഴിക്കണമെന്നും ജാനെറ്റ് യംഗ് നിർദ്ദേശം നൽകി. അതേസമയം, ബ്രിസ്ബൈനിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്വാഗതം ചെയ്തു. ബുദ്ധിപരമായ നടപടിയാണ് സർക്കാർ കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു
സംസ്ഥാനത്ത് വെള്ളിയാഴ്ച വീണ്ടും ഒമ്പത് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ക്വാറന്റൈൻ ഹോട്ടലിലാണ്.