മൂന്നാം തലമുറയിലെ മുത്തൂറ്റിന്റെ അമരക്കാരൻ

Metrom Australia Jan. 26, 2021 BUSINESS

ലോകവ്യാപകമായി അറിയപ്പെടുന്ന ഒരു ധനകാര്യസ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. ഇന്ത്യയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന ചലനാത്മകമായ ബാങ്കിംഗ് മേഖലയില്‍ വിശ്വസ്തതയുടെ നാഴികകല്ലായി മാറാന്‍ മുത്തൂറ്റ് ഫിനാന്‍സിന് സാധിച്ചു. മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും ലോകപ്രശസ്തനായ സമ്പന്നനുമാണ് എം.ജി ജോര്‍ജ് മുത്തൂറ്റ്. ചെറുപ്പത്തില്‍തന്നെ കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പില്‍ ചേര്‍ന്നു ബിസിനസ് രംഗത്ത് വിശ്വസനീയമായ ഒരു പേര് പതിപ്പിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സിലൂടെ എം.ജി ജോര്‍ജ് മുത്തൂറ്റ് നിഷ്പ്രയാസം സാധിച്ചു. മുത്തൂറ്റ് ഗ്രൂപ്പിന്റെ മൂന്നാം തലമുറയിലെ തലവനാണ് അദ്ദേഹം.

ഫോബ്‌സ് ഏഷ്യ മാഗസിന്‍ 2011-ല്‍ ഇന്ത്യയിലെ അമ്പതാമത്തെ ധനികനായി അദ്ദേഹത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കൂടാതെ 2019-ല്‍ ഫോബ്‌സ് മാസികയുടെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ 44-ാം മത്തെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കേരളത്തിലെ സമ്പന്നന്‍മാരില്‍ മുന്‍നിരയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം.

മുത്തൂറ്റിന്റെ സ്വന്തം ജോര്‍ജ്ജ് മുത്തൂറ്റ്

പ്രശസ്തനായ ഒരു ഇന്ത്യന്‍ സംരംഭകനും ബിസിനസുകാരനുമാണ് എം.ജി ജോര്‍ജ്ജ് മുത്തൂറ്റ്. അദ്ദേഹത്തിന്റെ മുത്തച്ഛനായി തുടക്കം കുറിച്ച മുത്തൂറ്റ് ഗ്രൂപ്പ് നിലവില്‍ ബിസിനസ് മേഖലയില്‍ ആഴത്തില്‍ ഉറച്ചുപോയ നാമമായി മാറികഴിഞ്ഞിരിക്കുന്നു. 1887 -ല്‍ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ കോഴഞ്ചേരിയില്‍ അദ്ദേഹത്തിന്റെ മുത്തച്ഛന്‍ നൈനാന്‍ മത്തായി ഒരു ചെറുകിട വ്യാപാര ബിസിനസ് സ്ഥാപനമായാണ്ആരംഭിച്ചത്. ചെറിയ രീതിയില്‍ ആയിരുന്നു ബിസിനസിന്റെ തുടക്കം.1939-ല്‍ എം ജി ജോര്‍ജ് മുത്തൂറ്റിന്റെ പിതാവ്, എംജോര്‍ജ് മുത്തൂറ്റ് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളിലേക്ക് പ്രവേശിച്ചു. അതിനുശേഷം പിന്നീട് ഒരിക്കലും ഒരു തവണ പോലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗം നടക്കുന്നത് ഇന്ത്യയില്‍ ആണെന്നും ഭുരിഭാഗം ജനങ്ങള്‍ക്കും സംഘടിതബാങ്കിംഗിനെക്കുറിച്ചോ സാമ്പത്തിക സേവനങ്ങളെ കുറിച്ചോ അറിയിലെന്നും എം ജോര്‍ജ്ജ് മുത്തൂറ്റ് മനസിലാക്കി. മഞ്ഞ ലോഹത്തിനോട് കമ്പം കാണിക്കുന്ന മലയാളികള്‍ക്ക് മുമ്പില്‍ എം ജോര്‍ജ്ജ് മുത്തൂറ്റ് ' ഗോള്‍ഡ് ലോണ്‍' എന്ന ആശയം അവതരിപ്പിച്ചു. പുതിയ ആശയമായതിനാല്‍ ജനങ്ങള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു.

എം.ജി ജോര്‍ജ് മുത്തൂറ്റ് 1949 നവംബര്‍ രണ്ടിന് പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ എം ജോര്‍ജ്ജ് മുത്തൂറ്റിന്റെയും അമ്മിണി ജോര്‍ജ്ജ് മുത്തൂറ്റിന്റെയും മകനായി ജനിച്ചു. അദ്ദേഹം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും വിവിധ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. ചെറുപ്പത്തില്‍ തന്നെ കുടുംബ ബിസിനസ് ശ്രദ്ധകേന്ദ്രീകരിച്ചു. കുടുംബ ബാങ്കിന്റെ ഓഫീസ് അസിസ്റ്റന്റ് ആയി അദ്ദേഹം കരിയര്‍ ആരംഭിച്ചു. 1979-ല്‍ അദ്ദേഹം ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. അദ്ദേഹം മുത്തൂറ്റിന്റെ ചുക്കാന്‍ പിടിക്കാന്‍ ആരംഭിച്ചതിനു ശേഷം കുടുംബ ബിസിനസിലെ പാരമ്പര്യം കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കി.

ഒന്നേ കാല്‍ നൂറ്റാണ്ടിലേറെ വര്‍ഷമായി പാരമ്പര്യവും പ്രൗഢിയും നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഗ്രൂപ്പിന് സാധിച്ചു. ഇന്ന് ബിസിനസിന്റെ എല്ലാ പ്രധാന മേഖലകളിലും മുത്തൂറ്റ് എന്ന സ്വപ്ന സാമ്രാജ്യം ഉയര്‍ന്നുകഴിഞ്ഞു. ഫിനാന്‍ഷ്യല്‍ സര്‍വീസ്,മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച്, എഡ്യൂക്കേഷന്‍, ഹെല്‍ത്ത്‌കെയര്‍, വെല്‍ത്ത് മാനേജ്‌മെന്റ് എന്നിവ ഉള്‍പ്പെടെ 16ഡിവിഷനുകളിലായി ബിസിനസ് വ്യാപിപ്പിക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പിന് സാധിച്ചു. എം ജി ജോര്‍ജ് മുത്തൂറ്റ് ,മുത്തൂറ്റ് ഗ്രൂപ്പ് ഏറ്റെടുക്കുന്ന സമയത്ത് ഗ്രൂപ്പിനെ 4 സംസ്ഥാനങ്ങളിലായി 31 ശാഖകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 4433 ശാഖകളുണ്ട്. ഈ കണക്കുകള്‍ ചൂണ്ടികാണിക്കുന്നത് കഠിനാധ്വാനത്തിന്റെ യും വിശ്വസ്തതയുടെയും ദൃഢതയാണ്.

2020 ഒക്ടോബറില്‍ പുറത്തുവന്ന ഫോബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം 480 കോടി ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം മൂല്യം. ഇതേ കണക്കുകള്‍ പ്രകാരം എം.എ യൂസഫലി ഇരുപത്തിയൊമ്പതാം സ്ഥാനത്തേക്ക്(32,900 കോടി രൂപയാണ് മൂല്യം) മാറ്റിനിര്‍ത്തിക്കൊണ്ട് ഇരുപത്തിയാറാം സ്ഥാനത്തേക്ക് (35,500 കോടി രൂപയാണ് മൂല്യം ) എം.ജി ജോര്‍ജ്ജ് മുത്തൂറ്റ് എത്തിച്ചേര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സ് 78 വര്‍ഷത്തോളം ഉറച്ചുനില്‍ക്കുന്ന പാരമ്പര്യവും വിശ്വസനീയമായ ധനകാര്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ന്യൂഡല്‍ഹിയിലെ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഇന്ത്യന്‍ ഡയറക്ടറായ സാറാ ജോര്‍ജ്ജ് മുത്തൂറ്റാണ് അദ്ദേഹത്തിന്റെ ഭാര്യ. ഇരുവര്‍ക്കും 3 ആണ്‍മക്കളാണ്. മൂത്തമകന്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മൂന്നാമന്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജും ഗ്രൂപ്പിന്റെ ഡയറക്ടറാണ്. രണ്ടാമത്തെ മകന്‍ പോള്‍ മുത്തൂറ്റ് ജോര്‍ജ് 2009 കൊല്ലപ്പെട്ടു. ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് കേരള സര്‍വകലാശാലയില്‍ നിന്ന് വാണിജ്യത്തില്‍ ബിരുദം നേടുകയും സ്വര്‍ണ്ണമെഡല്‍ നേടുകയും ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍, എന്ന നിലയില്‍ പുതിയ പദ്ധതികളുടെ ആസൂത്രണം,രൂപകല്പന, ധനസഹായം എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്നത് ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ആണ്.

എം.ജി ജോര്‍ജ്ജ് മുത്തൂറ്റ് ചാരിറ്റി ഡിവിഷന്‍ ആയി മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചുവരുന്നു. നിരവധി സി എസ് ആര്‍ സംരംഭങ്ങള്‍ നടത്താന്‍ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷനിലൂടെ സാധിച്ചു. ദുരിതാശ്വാസ പുനരധിവാസ, പ്രവര്‍ത്തനങ്ങള്‍ ദരിദ്രരുടെ സാമൂഹികസാമ്പത്തിക വികസനം, പാരിസ്ഥിതിക വികസനം എന്നിവായ്ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നു.

മുത്തൂറ്റ് ഗ്രൂപ്പ്

മഞ്ഞലോഹത്തിന്റെ മാസ്മരിക ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ വരവോടെ സാധിച്ചു. സ്വര്‍ണ്ണ ഒരു ആഭരണം എന്നതിനുപരിഒരു സമ്പാദ്യമാണെന്ന്അറിയാതിരുന്ന ജനങ്ങള്‍ക്കിടയില്‍ ഗോള്‍ഡ് ലോണ്‍ എന്ന ആശയം അവര്‍ മുന്നോട്ടുവെച്ചു. ഈ ആശയത്തിലൂടെ സ്വര്‍ണ്ണ ബാങ്കിങ്ങില്‍ വിപ്ലവം സൃഷ്ടിക്കാന്‍ നൊടിയിടയില്‍മുത്തൂറ്റ് ഫിനാന്‍സിന് സാധിച്ചു. ഇന്ന് ഗോള്‍ഡ് ലോണ്‍ എന്നു പറയുന്നതിനു പകരം മുത്തൂറ്റ് ഗോള്‍ഡ് ലോണ്‍എന്നാണ് പറയുന്നത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നം പോലും കേരളത്തനിമ ആവിഷ്‌കരിക്കുന്നതാണ്. അഞ്ചുമിനിറ്റിനുള്ളില്‍ സ്വര്‍ണ വായ്പ നല്‍കുന്നു.

അവാര്‍ഡുകളും ബഹുമതികളും

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് എം.ജി ജോര്‍ജ്ജ് മുത്തൂറ്റ്. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമാണ് അദ്ദേഹം. ഇന്ത്യന്‍ വ്യവസായ മേഖലയില്‍ തന്റെതായ സംഭാവനകള്‍ നല്‍കിയതിന് 2001-ല്‍ മഹാത്മാഗാന്ധി ദേശീയ ഫൗണ്ടേഷന്‍ അദ്ദേഹത്തിന് മഹാത്മാഗാന്ധി ദേശീയ അവാര്‍ഡ് നല്‍കി ആദരിച്ചു.2012-ല്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തതിനുള്ള ഗോള്‍ഡന്‍ മയില്‍ അവാര്‍ഡ് ലഭിച്ചു.2013-ല്‍ സ്‌കോച്ച് അവാര്‍ഡ് ലഭിച്ചു.മണിപ്പാല്‍ യൂണിവേഴ്‌സിറ്റി 2015-ല്‍ വിശിഷ്ടവും മികച്ചതുമായ പൂര്‍വ്വവിദ്യാര്‍ത്ഥി അവാര്‍ഡ് അദ്ദേഹത്തിന് നല്‍കി.

WRITTEN BY Drisya B Nair

ഓസ്‌ട്രേലിയന്‍ നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു

Metrom Australia Jan. 22, 2021 BUSINESS

ഓസ്‌ട്രേലിയന്‍ നഗരങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പിന്‍വലിക്കുന്നു. അടുത്തയാഴ്ച മുതല്‍ സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബൈന്‍ നഗരങ്ങളിലേക്ക് വീണ്ടും സര്‍വീസ് തുടങ്ങും. സിഡ്‌നിയിലേക്കുള്ള സര്‍വീസുകള്‍ ജനുവരി 25 തിങ്കളാഴ്ചയും, മെല്‍ബണിലേക്കുള്ളത് 27 ബുധനാഴ്ചയും, ബ്രിസ്‌ബൈനിലേക്ക് 28 വ്യാഴാഴ്ചയും പുനരാരംഭിക്കും.

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ കാരണം സര്‍വീസ് നടത്തുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞതായെന്നും, അതിനാലാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചതെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി. വിമാനത്തില്‍ കയറുന്നതിന് 48 മണിക്കൂറിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നും, അതുമുതല്‍ യാത്ര തുടങ്ങും വരെ ഐസൊലേഷനില്‍ കഴിയണമെന്നുമുള്ള വ്യവസ്ഥ ഓസ്‌ട്രേലിയയിലേക്ക് വരുന്ന വിമാനജീവനക്കാര്‍ക്കും ബാധകമാക്കിയിരുന്നു. ഓസ്‌ട്രേലിയയിലെത്തിയ ശേഷം ഇവര്‍ക്ക് വീണ്ടും പരിശോധന നടത്തുകയും, ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. യാത്രയുടെ 48 മണിക്കൂര്‍ മുമ്പ് തുടങ്ങുന്ന ഈ ബബ്‌ളില്‍, തിരിച്ച് ദുബായിലെത്തുന്നതു വരെ ജീവനക്കാര്‍ തുടരേണ്ടിവരുന്നത് ജീവനക്കാര്‍ക്കും, സ്ഥാപനത്തിനും പ്രയാസകരമാണ് എന്നാണ് എമിറേറ്റ്‌സ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സാഹചര്യം മനസിലാക്കി ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറായെന്നും, അതിനാല്‍ വീണ്ടും സര്‍വീസുകള്‍ തുടങ്ങുകയാണെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് മൂന്ന് പ്രധാന ഓസ്‌ട്രേലിയന്‍ നഗരങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ദുബായ് ആസ്ഥാനമായ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തീരുമാനിച്ചത്. ഓസ്‌ട്രേലിയയിലേക്കുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ പരിധി ഏര്‍പ്പെടുത്തുകയും, വിമാനജീവനക്കാര്‍ക്ക് ക്വാറന്റൈന്‍ നിബന്ധനകള്‍ കര്‍ശനമാക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. ഇതോടെ, പെര്‍ത്തിലേക്ക് ആഴ്ചയില്‍ നടത്തുന്ന രണ്ടു സര്‍വീസുകള്‍ മാത്രമായിരുന്നു ബാക്കി. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു എന്നായിരുന്നു എമിറേറ്റ്‌സ് അധികൃതരുടെ പ്രഖ്യാപനം.


 

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ പുരാരംഭിക്കാൻ ഒരുങ്ങി റഷ്യ

Metrom Australia Jan. 18, 2021 BUSINESS

കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ച വിമാന സർവീസുകൾ പുരാരംഭിക്കാൻ ഒരുങ്ങി റഷ്യ. കോവിഡ് പ്രതിരോധ നടപടികൾക്കായി റഷ്യൻ ഭരണകൂടം ഹെഡ്ക്വാർട്ടേർസിൽ ചേർന്ന യോഗത്തിലാണ് ഈ മാസം 27 മുതൽ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ഔദ്യോഗിക തീരുമാനം കൈക്കൊണ്ടത്. 

ഇന്ത്യയെ കൂടാതെ ഖത്തർ, വിയറ്റ്‌നാം, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും റഷ്യ വിമാന സർവീസുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഈ നാല് രാജ്യങ്ങളിലെയും കോവിഡ് വ്യാപനവും രോഗ സ്ഥിരീകരണ കണക്കും കുറയുന്ന സാഹചര്യത്തിലാണ് റഷ്യയുടെ തീരുമാനം.

ഓസ്ട്രേലിയയിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങൾ നിർത്തിവച്ചു

Metrom Australia Jan. 16, 2021 BUSINESS

മൂന്ന് പ്രധാന ഓസ്‌ട്രേലിയന്‍ നഗരങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ പ്രമുഖ വിമാനകമ്പനിയായ എമിറേറ്റ്‌സ് തീരുമാനിച്ചു. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബൈന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ശനിയാഴ്ചത്തെ ദുബൈ-ബ്രിസ്‌ബൈന്‍ സര്‍വീസാകും ബ്രിസ്‌ബൈനിലേക്കുള്ള അവസാന എമിറേറ്റ്‌സ് സര്‍വീസ്. സിഡ്‌നിയിലേക്കും മെല്‍ബണിലേക്കും ചൊവ്വാഴ്ച വരെ സര്‍വീസ് നടത്തും. അതിനു ശേഷം ഈ നഗരങ്ങളിലേക്കും എമിറേറ്റ്‌സ് വിമാനങ്ങള്‍ ഉണ്ടാകില്ല. ഇതോടെ, ആഴ്ചയില്‍ രണ്ടു തവണയുള്ള ദുബൈ-പെര്‍ത്ത് സര്‍വീസ് മാത്രമാകും ഓസ്‌ട്രേലിയയിലേക്ക് എമിറേറ്റ്‌സ് തുടരുന്നത്. സിഡ്‌നിയിലേക്കും മെല്‍ബണിലേക്കും ദൈനംദിന സര്‍വീസുകളും, ബ്രിസ്‌ബൈനിലേക്ക് ആഴ്ചയില്‍ അഞ്ചു സര്‍വീസുകളുമാണ് എമിറേറ്റ്‌സ് നടത്തിയിരുന്നത്.

ഓപ്പറേഷണല്‍ അസൗകര്യങ്ങള്‍ മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതെന്ന് എമിറേറ്റ്‌സ് അറിയിച്ചു. എന്നാല്‍ എന്താണ് ഈ അസൗകര്യമെന്ന് വ്യക്തമല്ല. എമിറേറ്റ്‌സ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ കമ്പനിയെയോ ട്രാവര്‍ ഏജന്റിനെയോ ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.

എമിറേറ്റ്‌സിന്റെ അവസാന സര്‍വീസുകള്‍: 

  •  Dubai-Brisbane (EK430), 16 January
  • Brisbane-Dubai (EK431), 17 January
  • Dubai-Sydney (EK414), 18 January
  • Sydney-Dubai (EK415), 19 January
  • Dubai-Melbourne (EK408), 19 January
  • Melbourne-Dubai (EK409), 20 January

ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താന്‍ വിദേശത്തു കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പേര്‍ എമിറേറ്റ്‌സ് വിമാനങ്ങളെ ആശ്രയിക്കുന്നതിനിടെയാണ്, മൂന്നു നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നുവെന്ന് വിമാനക്കമ്പനി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയിരിക്കുന്നത്.


 

വ്യവസായ പ്രമുഖന്‍ സേനാപതി ക്രിസ് ഗോപാലകൃഷ്ണന്‍

Metrom Australia Jan. 16, 2021 BUSINESS

ഇന്ത്യന്‍ വ്യവസായിയും സോഫ്റ്റ്വെയര്‍ എന്‍ജിനീയറും ഇന്‍ഫോസിസിന്റെ ഏഴ് സഹ സ്ഥാപകരിലൊരാളുമാണ് സേനാപതി ക്രിസ് ഗോപാലകൃഷ്ണന്‍. ആഗോളതലത്തില്‍ പ്രശസ്തി നേടിയ ഇന്‍ഫോസിസിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മലയാളികള്‍ക്ക് എന്നും അഭിമാനമാണ്. തിരുവനന്തപുരത്തുകാരനായ അദ്ദേഹം പേരും പ്രശസ്തിയും കൊണ്ട് ലോകമെമ്പാടും അറിയപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം ഇന്‍ഫോസിസിനെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ആഗോള ബിസിനസ്, സാങ്കേതികരംഗത്ത് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഠിനപ്രയത്‌നത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 2020 ലെ കണക്കുകള്‍ പ്രകാരം 1.62 ബില്യണ്‍ യുഎസ് ഡോളറാണ്.

 

സേനാപതി ക്രിസ് ഗോപാലകൃഷ്ണന്‍ 2007 മുതല്‍ 2011 വരെ ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മാനേജിങ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കൂടാതെ 2011 മുതല്‍ 2014 വരെ ഇന്‍ഫോസിസ് വൈസ് ചെയര്‍മാനായും അദ്ദേഹം സേവനരംഗത്ത് മികവുപുലര്‍ത്തി. ലോകമെമ്പാടും ബിസിനസിസ് സാങ്കേതിക മേഖലയില്‍ പ്രശംസ നേടാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. അദ്ദേഹത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്ററുടെ ഏഷ്യയിലെ മികച്ച എക്‌സിക്യൂട്ടീവുകളുടെ റാങ്കിംഗില്‍ ടോപ് സി.ഇ.ഒതിരഞ്ഞെടുത്തു.രണ്ടായിരത്തിഒന്‍പതില്‍ ആഗോള ബിസിനസ് ചിന്തകരുടെ മികച്ച പട്ടികയായ 'തിങ്കേഴ്സ് 50 'യില്‍ ഇടം നേടാനും ക്രിസ് ഗോപാലകൃഷ്ണന്‍ നിഷ്പ്രയാസം സാധിച്ചു. ക്രിസ് ഗോപാലകൃഷ്ണന്‍ ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റിയാണ്. അദ്ദേഹത്തിന്റെ ജന്മ നാടായ കേരളത്തിലെ ടെക്‌നോളജി ഇന്‍ക്യുബേറ്റര്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ ചീഫ് മെമ്പറുമാണ് ക്രിസ് ഗോപാലകൃഷ്ണന്‍. ബാംഗ്ലൂരിലെ ഐഐഐടിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരുടെ ചെയര്‍മാനായ അദ്ദേഹം ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗവുമാണ്.


ബിരുദധാരിയില്‍ നിന്ന് ഇന്‍ഫോസിസിലേക്ക്

1955 ഏപ്രില്‍ 5 ന് തിരുവനന്തപുരം ജില്ലയില്‍ ജനിച്ചു. പ്രാദേശിക തലത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ എം.എസ്.സിയും 1979-ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.ടെക് നേടി. തുടര്‍ന്ന് 1979-ല്‍ മുംബൈയിലെ പട്‌നി കമ്പ്യൂട്ടേഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തനമേഖല ആരംഭിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം അതേ സ്ഥാപനത്തില്‍ തന്നെ അസിസ്റ്റന്റ് പ്രോജക്ട് മാനേജറായി. ഇതേസമയം റൂര്‍ക്കലയിലെ ഉരുക്കു നിര്‍മ്മാണശാലക്കുവേണ്ടി എന്‍.ഡി കണ്‍വേര്‍ട്ടറുകളെ നിയന്ത്രിക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് പ്രോസസ് കണ്‍ട്രോള്‍ സിസ്റ്റം വികസിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ നിര്‍ണായക പങ്ക് വലുതായിരുന്നു.

 

1981-ല്‍ എന്‍. ആര്‍.നാരായണ മൂര്‍ത്തിയും ഗോപാലകൃഷ്ണനും മറ്റ് അഞ്ച് സുഹൃത്തുക്കളുമൊത്ത് ഇന്‍ഫോസിസ് സ്ഥാപിച്ചു. ഇന്‍ഫോസിസിനെ പ്രവര്‍ത്തന ആരംഭത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രധാനമായും യുഎസ് ഉപഭോക്ത ഉല്‍പ്പന്ന വ്യവസായ കമ്പനികള്‍ക്കുവേണ്ടി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വികസിപ്പിക്കുന്നതിലെ രൂപകല്‍പ്പന, ഡെവലപ്‌മെന്റ് എന്നിവയുടെ ചുമതല ഏറ്റെടുത്തു നിര്‍വഹിച്ചു.1987 മുതല്‍ 1994 കാലയളവില്‍ ഇന്‍ഫോസിസിന് സാങ്കേതിക വിഭാഗത്തില്‍ വൈസ് പ്രസിഡന്റ് പദവിയില്‍ ഇന്‍ഫോസിസിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. 2007 ജൂണ്‍ 22ന് ഇന്‍ഫോസിസിനെ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായി അദ്ദേഹം ചുമതലയേറ്റു. ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചെയര്‍മാനായിരുന്നു അദ്ദേഹം. കൂടാതെ കര്‍ണാടകയിലെ ബോര്‍ഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബൈറ്റ്‌സ്) വൈസ് ചെയര്‍മാനായും ക്രിസ് ഗോപാലകൃഷ്ണന്‍ സേവനമനുഷ്ഠിച്ചു. 2012 ഏപ്രിലില്‍ മൂന്നുവര്‍ഷത്തേക്ക് ക്രിസ് ഗോപാലകൃഷ്ണന്‍ പുനര്‍നിര്‍മ്മിച്ച ഐക്യരാഷ്ട്ര ഗ്ലോബല്‍ കോംപാക്ട് ബോര്‍ഡ് അംഗമായി നിയമിതനായി.2013-14 ലെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ), 2014 ജനുവരിയില്‍ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ചെയര്‍മാന്‍മാരില്‍ ഒരാളായും പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ പരമോന്നത വ്യവസായത്തിന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2011-ല്‍ രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

 

അദ്ദേഹത്തിന്റെ ഭാര്യ സുധ ഗോപാലകൃഷ്ണന്‍. മകള്‍ മേഘ്‌നയും അച്ഛന്റെ കൂടെ ബിസിനസ് രംഗത്ത് മികവുപുലര്‍ത്തി വരുന്നു. സേനാപതി ക്രിസ് ഗോപാലകൃഷ്ണന് നിരവധി അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.

BY DRISYA B NAIR